Latest NewsKeralaNews

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ സ്വപ്‌ന ; വ്യാജഫോട്ടോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ജയരാജന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തുവെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി മന്ത്രി ഇപി ജയരാജന്‍. യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, മനീഷ് കല്ലറ, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബിജു കല്ലട, ബാബു കല്ലുമാല എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ക്ലിഫ്ഹൗസില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ വച്ച് മുഹമ്മദ് റിയാസും വീണ വിജയനും മന്ത്രി ഇപി ജയരാജനും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോയില്‍ മന്ത്രി ജയരാജന്റെ ഭാര്യയുടെ മുഖം മാറ്റി പകരം സ്വപ്ന സുരേഷിന്റെ ചിത്രം ചേര്‍ത്താണ് നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചിത്രം പ്രചരിപ്പിച്ചത്. ഈ ഫോട്ടോ ഫെയ്‌സ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് ജയരാജന്‍ പരാതി നല്‍കിയത്.

അതേസമയം വിവാഹ ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും ഡി.വൈ.എഫ്.ഐ പരാതി നല്‍കി.

വസ്തുതകളെ മുന്‍നിര്‍ത്തി ആശയ പരമായ രാഷ്ട്രിയ പ്രതിരോധം തീര്‍ക്കുന്നതിന് പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണ്. നീചമായ ഈ രാഷ്ട്രീയ പ്രവര്‍ത്തനം പൊതു സമൂഹം തിരിച്ചറിയും. വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‌സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവര്‍ക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നല്‍കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button