Latest NewsNewsIndia

അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം; ‘സാത്താൻകുളം’ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി ജനങ്ങൾ

തൂത്തുക്കുടി : സാത്താൻകുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നാടിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികൾ . സാത്താൻകുളത്തെ വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സുമാണ് കസ്റ്റഡിയിൽ മരിച്ചത്. ഇവർക്ക് ക്രൂരപീഡനമേൽക്കേണ്ടി വന്നത് സാത്താൻകുളം പോലീസ് സ്റ്റേഷനിലാണ്. സാത്താൻകുളം എന്ന പേരു കേൾക്കുമ്പോൾ തന്നെ പിശാചാണ് (സാത്താൻ) എല്ലാവരുടെയും മനസ്സിലെത്തുകയെന്നും അതിനാൽ നാടിന്റെ പേര് മാറ്റണമെന്നുമാണ് ആവശ്യമുയരുന്നത്.

“നാടിന്റെ പേരിൽത്തന്നെ പിശാചുണ്ട്. മരണവും കൊലപാതകങ്ങളും നടക്കുമ്പോൾ സാത്താനാണ് മനസ്സിലെത്തുന്നത്” – തദ്ദേശവാസിയായ ഗണേശ മൂർത്തി പറയുന്നു. സാത്താൻ എന്ന പദത്തിന്റെ അർഥം ഇംഗ്ളീഷിലും തമിഴ് ഉൾപ്പെടെ പല ഇന്ത്യൻ ഭാഷകളിലും പിശാച് എന്നാണെന്നും അച്ഛന്റെയും മകന്റെയും  കസ്റ്റഡി മരണത്തോടെ സാത്താൻകുളം ലോകശ്രദ്ധയിലെത്തിയിട്ടുണ്ടെന്നും പ്രദേശത്തെ അഭിഭാഷകൻ എ.കെ വേണുഗോപാൽ പറഞ്ഞു.

17-ാം നൂറ്റാണ്ടിൽ ഈ പ്രദേശം തിരുകൊളുന്തുപുരം അല്ലെങ്കിൽ വീരമാർത്താണ്ഡനല്ലൂർ എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കൻ തമിഴ്‌നാട്ടിലെ പ്രാദേശികഭാഷയിൽ സാത്തു എന്നാൽ കാളവണ്ടിയിൽ സാധനങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വാക്കാണ്. കുളം എന്നാൽ ചന്ത എന്നാണ്. സാത്തുകുളം എന്ന പേര് കാലാന്തരത്തിൽ സാത്താൻകുളമായി പരിണമിച്ചതായിരിക്കാം എന്നാണ് അനുമാനിക്കുന്നത്- അഡ്വ. വേണുഗോപാൽ പറഞ്ഞു.

അതേസമയം സാത്താൻകുളത്തിനെപ്പറ്റി മറ്റൊരു കഥകൂടി പ്രചരിക്കുന്നുണ്ട്. പാണ്ഡ്യരാജാവ് കുലശേഖര പാണ്ഡ്യന്റെ ഭരണകാലത്ത് ഈ പ്രദേശം സാത്താൻ സാംബവാൻ എന്ന യുവാവിന്റെ അധീനതയിലായിരുന്നെന്നും അയാൾ നാട്ടിലെ യുവതിയുമായി പ്രണയത്തിലായെന്നും വിവരമറിഞ്ഞ യുവതിയുടെ രക്ഷിതാക്കൾ സാത്താൻ സാംബവാനെ കൊല ചെയ്തെന്നുമാണ് ഐതിഹ്യം. കഥകൾ ഇങ്ങനെ പലതുണ്ടെങ്കിലും തങ്ങളുടെ സ്ഥലത്തിന്റെ പേര് ശുഭസൂചകമല്ലെന്നും പഴയ പേര് തിരിച്ചുനൽകാൻ നടപടി എടുക്കണമെന്നും ഒരു വിഭാഗം ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button