Latest NewsNewsIndia

30 സെക്കന്റുകൊണ്ട് 10 വയസുകാരന്‍ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 10 ലക്ഷം രൂപ; അമ്പരന്ന് ബാങ്ക് ജീവനക്കാരും പോലീസും

ഇന്ദോര്‍ : 30 സെക്കന്റിനുള്ളില്‍ 10 ലക്ഷം രൂപ കവര്‍ന്ന 10 വയസുകാരനാണ് ഇന്ന് ബാങ്കിലെ ജീവനക്കാരനെയും പോലീസിനെയും അമ്പരപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് സംഭവം നടന്നത്. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടാക്കാത്തവിധമായിരുന്നു പത്തുവയസ്സുകാരന്റെ മോഷണം.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തെക്കുറിച്ച് വ്യക്തമായത്. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി രാവിലെ 11 മണിയോടെ ബാങ്കിലെത്തി. കാഷ്യര്‍ ക്യാബിനില്‍നിന്ന് പുറത്തേക്ക് പോയതിന് പിന്നാലെ കുട്ടി ക്യാബിനിനകത്തേക്ക് കടന്നു. നോട്ടുകെട്ടുകള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിക്ഷേപിച്ച് കുട്ടി ദ്രുതഗതിയില്‍ പുറത്തേക്ക് പോയി. 30 സെക്കന്റുകള്‍ കൊണ്ടാണ് ഇത്രയും സംഭവിച്ചത്. കുട്ടി പുറത്തെത്തി ഓടാന്‍ തുടങ്ങിയപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് കാര്യം മനസിലായത്. ഇയാള്‍ പിന്നാലെ ഓടിയെങ്കിലും കുട്ടിയെ പിടികൂടാന്‍ സാധിച്ചില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടി മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. 20 കാരനായ ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ഉണ്ടായിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയതും ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി. കുട്ടി ഉടനെ കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നുകളഞ്ഞു. തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഉപഭോക്താക്കള്‍ കുട്ടിയെ കണ്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button