CinemaMollywoodNewsIndiaBollywood

“ദി ബോയ് ഇൻ ദി സ്‌ട്രൈപ്ഡ് പൈജാമാസ്”-നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും

“ദി ബോയ് ഇൻ ദി സ്‌ട്രൈപ്ഡ് പൈജാമാസ്”-നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും

മാർക്ക് ഹെർമൻ എന്ന ഹോളിവുഡ് സംവിധായകൻ്റെ മികവിൽ ബി ബി സി ഫിലിമ്സും ഹെഡേ ഫിലിമ്സും ചേർന്ന് നിർമിച്ചു 2008ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് “ദി ബോയ് ഇൻ ദി സ്‌ട്രൈപ്ഡ് പൈജാമാസ്”

നാസികളുടെ സമയത്ത് ജൂതന്മാരോട് കാണിച്ചിരുന്ന അവഗണനയും ക്രൂരതയും ഒരു നിഷ്കളങ്കനായ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറയുന്നതാണ് ഈ സിനിമ. ഹിറ്റ്‌ലറിന്റെയും കോൺസെൻട്രേഷൻ ക്യാമ്പുകളുടെയും ഭീകരത മുമ്പ് കേട്ട് പരിചയം ഉള്ളവർക്ക് അത് എത്രത്തോളം ക്രൂരവും പൈശാചികവും ആണെന്ന് ഈ സിനിമയിലൂടെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു.

സൈനികനായ തന്റെ അച്ഛന് സ്ഥാനക്കയറ്റം കിട്ടിയത് കാരണം ബെർലിനിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി താമസിക്കേണ്ടി വരികയാണ് ബ്രൂണോ എന്ന എട്ട് വയസുകാരന്. തന്റെ കൂട്ടുകാരെ വിട്ട് വരേണ്ടി വന്ന ബ്രൂണോയ്ക്ക് പുതിയ ചുറ്റുപാടിൽ സൗഹൃദങ്ങൾ ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെയാണ് തന്റെ ജനലിന്റെ ഇടയിൽ കൂടി കുറച്ച് ദൂരെ ഫാം പോലെ തോന്നിക്കുന്ന ഒരു സ്ഥലം ബ്രൂണോയുടെ ശ്രദ്ധയിൽ പെട്ടത്. അവിടേക്ക് കളിക്കാൻ പോകാനുള്ള ആഗ്രഹം നിഷേധിക്കപെട്ടതോടെ ആരും കാണാതെ ബ്രൂണോ അവിടേക്ക് പോകുന്നു. ഒരു കമ്പിവേലി കൊണ്ട് ചുറ്റപ്പെട്ട സ്ഥലത്ത് തന്റെ അതേ പ്രായം വരുന്ന ഷ്മുവേൽ എന്ന് പേരുള്ള കുട്ടിയെ കാണുന്നതും അവിടെ വച്ചാണ്.
പൊതുവെ സഹസികതയെ കുറിച്ചുള്ള കഥകൾ ഇഷ്ടപ്പെടുന്ന ബ്രൂണോയ്ക്ക് വീട്ടിൽ നടക്കുന്ന വിദ്യഭ്യാസത്തിൽ ജൂതന്മാരോടുള്ള ശത്രുതയും അവഗണനയും മാത്രമാണ് ലഭിച്ചിരുന്നത്. എന്നിട്ടുപോലും ഒരു കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ഈ രണ്ടുകുട്ടികളുടെയും സൗഹൃദങ്ങൾ വളരുകയും ചെയ്യുന്നു.

“Childhood is measured out by sounds and smells and sights, before the dark hour of reason grows”
ഈ ഒരു ക്വട്ടേഷനിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന കാലഘട്ടമായ ബാല്യകാലം വളരുന്നത് അവർക്ക് ചുറ്റുപാടുമുള്ള അനുഭവങ്ങൾ കൊണ്ടാണ്, എത്ര വളർന്ന് വലുതായാലും ചെറുപ്രായത്തിൽ ഉള്ള ഈ അനുഭവങ്ങൾ ആകും എന്നും നമ്മുടെ അടിസ്ഥാനം.

മനുഷ്യത്വത്തിന് മുകളിൽ തന്റെ മതമോ ജാതിയോ നിറമോ ആണ് മറ്റുള്ളവരുടെതിനെക്കാളും ശ്രേഷ്ഠമായത് എന്ന് നിങ്ങൾ കുട്ടികളിൽ “അടിച്ചേല്പിക്കുകയാണെങ്കിൽ” നിങ്ങൾ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാകും അത്. അതിലൂടെ കുട്ടികളുടെ നിഷ്കളങ്കതയെ ആണ് നിങ്ങൾ ചൂഷണം ചെയ്യുന്നത്. വളരെ നല്ലൊരു സന്ദേശം കൂടി ആൺ പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button