KeralaNattuvarthaLatest NewsNews

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ അതേ ദിവസം തന്നെ മറ്റൊരു വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട് : ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ ജാമ്യത്തിലിറങ്ങിയതിനു പിറകേ മറ്റൊരു സ്‌ത്രീയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മുന്‍പഞ്ചായത്ത്‌ അംഗം കൂടിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ചെമ്മണാംപതി ചപ്പക്കാട്‌ ലക്ഷംവീട്‌ കോളനിയിലെ കിട്ടുച്ചാമി(35)ക്കാണ്‌ പാലക്കാട്‌ ഫസ്‌റ്റ് അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി പി. സെയ്‌തലവി ശിക്ഷ വിധിച്ചത്‌. പീഡനത്തിന്‌ പത്തുവര്‍ഷം കഠിനതടവും കാല്‍ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്‌. പിഴയടച്ചില്ലെങ്കില്‍ അധികതടവ്‌ അനുഭവിക്കണം.

2012 നവംബർ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പന്തപ്പാറ കോളനിയിൽ പച്ചക്കറിവിൽക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ വൈകിയിട്ടും കാണാതായതോടെ തിരച്ചിൽ നടത്തി. തുടർന്ന്, രാത്രി എട്ടോടെയാണ് വീടിനടുത്തുള്ള മാവിന്‍ തോട്ടത്തിൽ ഇവരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദേഹമാസകലം മുറിവും ഉണ്ടായിരുന്നു.

സ്വകാര്യവ്യക്തിയുടെ മാവിൻതോട്ടത്തിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ കിട്ടുച്ചാമി മരവടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തോട്ടത്തിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പ്രോസിക്യൂഷൻ കേസിൽ പറയുന്നു. പോസ്റ്റുമോർട്ടത്തിൽ ഇവർ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു.

2012 മാർച്ച് രണ്ടിന് കിട്ടുച്ചാമി മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചതായി കൊല്ലങ്കോട് പോലീസിൽ കേസ് രജിസ്റ്റർചെയ്തിരുന്നു. കൊലപാതകക്കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. കൊല്ലങ്കോട്‌ എസ്‌.ഐ. ആയിരുന്ന കെ.സി. ബിനു രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എസ്‌. സുനില്‍കുമാര്‍, എസ്‌.പി. സുധീരന്‍ എന്നിവര്‍ അന്വേഷിച്ചു. ഇന്‍സ്‌പെക്‌ടര്‍ എം. സന്തോഷ്‌ കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആര്‍. ആനന്ദ്‌ ഹാജരായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button