KeralaArticleNews

സൈബറാക്രമണങ്ങള്‍ക്ക് ചുട്ട മറുപടി അതിമനോഹരമായി നല്‍കിയിരിക്കുന്ന അഹാന എന്ന പെണ്‍കുട്ടിയെ ‘ നിലപാടുകളുടെ രാജകുമാരി’ എന്നുവിളിയ്ക്കണം : അഞ്ജു പാര്‍വതി പ്രഭീഷ്

ഒരു കൊച്ചുപെണ്‍കുട്ടി , അതും ഒരു സെലിബ്രിട്ടിയായ പെണ്‍കുട്ടി സോഷ്യല്‍മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങള്‍ ഉറക്കെ വിളിച്ചുപ്പറഞ്ഞാല്‍ അതില്‍ അസഹിഷ്ണുക്കളാകുന്നവരാണ് നാഴികയ്ക്ക് നാല്പതുവട്ടം അഭിപ്രായസ്വാതന്ത്ര്യം, തുല്യനീതി തുടങ്ങിയ ആപ്തവാക്യങ്ങള്‍ ഇവിടെ തൊണ്ടകീറി വിളിക്കുന്നത്. ഒരു യുട്യൂബ് വീഡിയോയിലൂടെ അതിമനോഹരമായി സൈബറാക്രമണങ്ങള്‍ക്ക് ചുട്ട മറുപടി നല്കിയിരിക്കുന്ന അഹാനയെന്ന പെണ്‍കുട്ടിയെ നിലപാടുകളുടെ രാജകുമാരിയെന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.Yes ,I would like to call this young vibrant girl as the Princess of Attitude!

ഇവിടെ ഈ വെര്‍ച്വല്‍ലോകത്ത് ചിലര്‍ക്ക് മാത്രം കല്പിച്ചുനല്കിയിരിക്കുന്ന പ്രിവിലേജുകളുണ്ട്. ചിലരില്‍ മാത്രം നിഷിപ്തമായിരിക്കുന്ന അവകാശങ്ങളുണ്ട്. ഇടതുപ്രത്യയശാസ്ത്രത്തിനനുകൂലമായി മാത്രം പറയുകയും ഇതരരാഷ്ട്രീയചായ്വുള്ളവരെ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന ലോഗോയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രിവിലേജുകളും അവകാശങ്ങളും സ്വന്തമാക്കാം. അതുവഴി നവോത്ഥാന-പുരോഗമന-സാംസ്‌കാരിക നായക-നായികാ പട്ടങ്ങള്‍ സ്വയമെടുത്ത് അണിയാം. അങ്ങനെ വരുന്നതിനാലാണ് ഇവിടെ കമാലുദീനും ആഷിഖ് അബുവും റിമയും പാര്‍വ്വതി തിരുവോത്തും മാലാപാര്‍വ്വതിയും ഭാഗ്യലക്ഷ്മിയുമൊക്കെ നക്ഷത്രലോകത്തെ നിലപാടുകാരായി അവരോധിക്കപ്പെടുന്നത്. ഈ പ്രത്യേകതരം പ്രിവിലേജ്ഡ് ജനുസില്‍പ്പെട്ടവര്‍ക്ക് സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും അഭിപ്രായം പറയാം. പൊതുവേദികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ നരാധമനെന്നും രാജ്യസഭാ എം.പിയെ അടിമഗോപിയെന്നും വിളിക്കാം. നിലപാടിന്റെ അപ്പോസ്തലന്മാരെന്നുപ്പറഞ്ഞ് വാഴ്ത്താനും കയ്യടിക്കാനും ഭക്തരും ഇടതടിമകളും ധാരാളം

ഇന്ത്യന്‍ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ,ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൈയ്യടിക്കാനും ഐക്യദീപം കത്തിക്കാനും പറഞ്ഞപ്പോള്‍ അറഞ്ചംപുറഞ്ചം ട്രോളിയ സിനിമാ-സാംസ്‌കാരികനായകര്‍ ഇവിടുണ്ട്. അതിന്റെ പേരില്‍ മോഹന്‍ലാലെന്ന മലയാളത്തിന്റെ താരചക്രവര്‍ത്തിയെ സോഷ്യല്‍മീഡിയ വളഞ്ഞിട്ടാക്രമിച്ചിട്ടുണ്ട്. അതിനെതിരെയൊന്നും പ്രതികരിക്കാത്ത പലര്‍ക്കും അഹാനയെന്ന ഒരു കൊച്ചുപെണ്‍കുട്ടി തിരുവനന്തപുരത്തെ ട്രിപ്പിള്‍ലോക്ക്ഡൗണ്‍ പ്രതി ഇന്‍സ്റ്റായില്‍ഒരു പോസ്റ്റിട്ടപ്പോള്‍ വല്ലാതെ പൊള്ളി. ഭരണകൂടത്തിലെ പ്രമുഖന്റെ മറവില്‍ ഒരു വന്‍രാജ്യദ്രോഹക്കുറ്റം തലസ്ഥാനത്ത് അരങ്ങേറിയതിന്റെ പിറ്റേ ദിവസം പ്രഖ്യാപിച്ച ആ ട്രിപ്പിള്‍ലോക്ക്ഡൗണ്‍ കോവിഡിനെ പ്രതിരോധിക്കാനുള്ളതായിരുന്നില്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലായ വസ്തുതയാണ്. ആ വസ്തുത സെന്‍സിബിളായതുകൊണ്ട് അഹാന തുറന്നെഴുതി. അത് കൊള്ളേണ്ടിടത്ത് കൊണ്ടുവെന്ന് പിന്നീട് ആ കുട്ടിക്കെതിരെയുണ്ടായ സൈബറാക്രമണം കാട്ടിത്തന്നു. സൈബറാക്രമണങ്ങളില്‍ നിന്നും വ്യക്തമായത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പ്രത്യയശാസ്ത്രഭരണകൂടത്തിന്റെ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ മറവിലുള്ള യഥാര്‍ത്ഥ കാരണത്തെ ആ പെണ്‍കുട്ടി തുറന്നുകാട്ടിയതിലുള്ള വൈരാഗ്യം. രണ്ട് അഹാനയുടെ അച്ഛന്‍ കൃഷ്ണകുമാറിന്റെ പരസ്യമായ രാഷ്ട്രീയചായ്വിനോടുള്ള അസഹിഷ്ണുത. എന്തായാലും ഇതിലൊന്നും പതറാതെ,തളരാതെ ഈ സൈബരാക്രമണത്തിനെതിരെ മനോഹരമായ മറുപടിയുമായി ആ പെണ്‍കുട്ടി വീണ്ടും വന്നത് A love letter to Cyber bullying എന്ന യൂ ട്യൂബ് വീഡിയോയിലൂടെയാണ്. വത്തക്കാസമരത്തിനും ചുംബനസമരത്തിനുമെല്ലാം ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്ന നവോത്ഥാനമഹിളാമണികളൊന്നും അഹാനയുടെ ഈ മനോഹരമായ വീഡിയോയ്ക്ക് വിസിലടിച്ചില്ലെങ്കിലും പൊതുസമൂഹത്തിലെ ബോധമുള്ള മനുഷ്യര്‍ കാണുകയും നിറഞ്ഞ കൈയ്യടി നല്കുകയും ചെയ്തു: വിഷയം അവിടെ തീരേണ്ടതാണെങ്കിലും ഇപ്പോഴിതാ സാംസ്‌കാരികമേഖലയിലെ ഇടതുജിഹ്വയായ ഭാഗ്യലക്ഷ്മി വെറും ‘ഭാഗ’ലക്ഷ്മിയായി അഹാനയ്‌ക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു.

ഭാഗ്യലക്ഷ്മിചേച്ചിയുടെ ഈ ഭാഗവയ്പ്പ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാത്തതിനാല്‍ തെല്ലും അദ്ഭുതമില്ല. റിമയും നിലപാട് പാര്‍വ്വതിയും സൈബറിടങ്ങളില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അഹാന പ്രതികരിച്ചോയെന്നാണ് ഭാഗ്യം ചേച്ചിയുടെ ചോദ്യം. എന്നാല്‍ ഇതേ ചോദ്യം ഭാഗ്യലക്ഷ്മിചേച്ചിയോട് ഞാന്‍ തിരിച്ചുചോദിക്കട്ടെ: ഇവിടെ മരിച്ചു മണ്ണോടലിഞ്ഞ മോനിഷയെന്ന നടിയെ നിര്‍വ്വികാരയായ നടിക്ക് അവാര്‍ഡു നല്കിയതെന്തിന് എന്ന് നിങ്ങളുടെ വേണ്ടപ്പെട്ട കൂട്ടുകാരി ശാരദക്കുട്ടി കളിയാക്കിയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പ്രതികരണശേഷി? ദിന്നലിംഗക്കാരിയായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന് നിങ്ങളുടെ അടുത്ത കൂട്ടുകാരിയുടെ മകനില്‍ നിന്നും സൈബര്‍ സെക്‌സ് അബ്യൂസ് ഉണ്ടായപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ നാവ്? കമാലുദ്ദീന്‍ എന്ന കമലിനെതിരെ ഒരു നടിയുടെ പീഡനാരോപണം ഉണ്ടായപ്പോള്‍ നിങ്ങള്‍ പ്രതികരിച്ചോ? ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുളള ആര്‍ജ്ജവം ഉള്ള ഒരാളാണ് നിങ്ങളെങ്കില്‍ സീമയ്ക്കുവേണ്ടിയും മോനിഷയ്ക്കുവേണ്ടിയും നിങ്ങളും പ്രതികരിച്ചേനേ.ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് നിങ്ങള്‍ക്ക് തോന്നാതിടത്തോളം കാലം അഹാനയോട് അത് പറയാന്‍ ചേച്ചിക്ക് അവകാശമില്ല.
ഏതൊരു പെണ്ണ് ആക്രമിക്കപ്പെടുമ്പോഴും അവിടെ ഞാനാണെങ്കിലോ എന്ന് ചിന്തിക്കണമെന്ന് നിങ്ങള്‍ എഴുതിയല്ലോ ചേച്ചീ. അങ്ങനെയെങ്കില്‍ അന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പോസ്റ്റിട്ട അഹാനയും അവളുടെ അമ്മ സിന്ധുചേച്ചിയും സഹോദരിമാരായ ഇഷാനിയും ദിയയുമൊക്കെ ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ അങ്ങനെ ചിന്തിച്ചോ? അതിനെതിരെ പ്രതികരിച്ചോ?

അഹാനയെയും കുടുംബത്തെയും തിരുവനന്തപുരത്തുകാര്‍ കാണുന്നത് താരകുടുംബത്തിലെ നക്ഷത്രങ്ങളായിട്ടല്ല. വെറും സാധാരണക്കാരായ അച്ഛനുമമ്മയും നാല് പെണ്‍കുട്ടികളുമായിട്ടാണ്. ദൂരദര്‍ശന്‍ കേന്ദ്രത്തിലെ അവതാരകനായിരുന്ന കൃഷ്ണകുമാറിനെയും പിന്നെ നടനായ കൃഷ്ണകുമാറിനെയും അതുംകഴിഞ്ഞ് അഹാനയെന്ന നടിയുടെ അച്ഛനായ കൃഷ്ണകുമാറിനെയും അടുത്തറിഞ്ഞവരാണ് ഞങ്ങള്‍. അറിയുന്നവര്‍ക്ക് അറിയാം അങ്ങേര്‍ എന്നും ഒരുപോലെയാണെന്ന്. സ്‌റ്റൈല്‍പ്ലസിലും പാളയം മാര്‍ക്കറ്റിലും ട്രിവാന്‍ഡ്രം മാളിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഈ കുടുംബത്തെ. യാതൊരു താരജാഡയും ഇല്ലാതെ റോഡിലൂടെ സാധാരണക്കാരെപ്പോലെ മീനും പച്ചക്കറിയുമൊക്കെ വിലപ്പേശി നടക്കുന്ന സിന്ധുചേച്ചിയെയും ആ അമ്മ വളര്‍ത്തിയ നാലുപെണ്‍കുട്ടികളെയും മനസ്സിലാവണമെങ്കില്‍ മനസ്സിലെ അരാജകത്വം മാറ്റിവച്ച് നോക്കണം. Ahana, Keep your heels, head, and standards high as always dear!

shortlink

Related Articles

Post Your Comments

Related Articles


Back to top button