KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിജെപി നേതാക്കളുമായാണ് ബന്ധമുള്ളത് ; മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം : ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുകയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കണ്‍സള്‍ട്ടന്‍സികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷവിമര്‍ശനങ്ങളെ എതിർത്ത് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചിരുന്നു. കോവിഡിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനു പകരം വികസനത്തെ തകര്‍ക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.

കേരളത്തിന്റെ വികസനത്തില്‍ യുഡിഎഫ് അസംതൃപ്തരാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ജനരക്ഷയ്ക്കുവേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച ഒട്ടനവധി നടപടികളുടെ പേരില്‍ പൊതുജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെക്കുറിച്ച് വലിയ മതിപ്പ് ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ബഹുജന സ്വാധീനം വര്‍ധിച്ചു. ഇതിന്റെയൊക്കെ പേരില്‍ യുഡിഎഫ് വലിയ അസഹിഷ്ണുതയാണ് കാണിക്കുന്നത്. സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ എന്തുകിട്ടുമെന്ന് നോക്കിയിരിക്കുമ്പോഴാണ് സ്വര്‍ണക്കടത്ത് എന്ന വിഷയം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കില്‍ അത് ബിജെപിക്കാണ്. ബിജെപി നേതാക്കളുമായാണ് പ്രതികള്‍ക്ക് ബന്ധമുള്ളതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ പ്രതികളെ പിടികൂടാന്‍ ഫലപ്രദമായ അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ബിജെപിയും യുഡിഎഫും എന്തിനാണ് അതിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പോലീസുകാര്‍ക്കു പോലും കോവിഡ് ബാധിച്ചത് ഇവര്‍ നടത്തിയ സമരത്തെ പ്രതിരോധിച്ചതിന്റെ ഫലമായാണെന്നും ജയരാജന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button