KeralaLatest NewsNews

30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയ്ക്ക് 1.44 കോടി

തിരുവനന്തപുരം • ഭിന്നശേഷിക്കാരായ വനിതകള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കും 30,000 രൂപ ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയ്ക്ക് 2020-21 വര്‍ഷത്തേയ്ക്കുള്ള 1.44 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുള്ള നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുകയനുവദിച്ചത്. സാധുക്കളായ ഭിന്നശേഷി വനിതകള്‍ക്കും അവരുടെ കുടുംബത്തിനും വിവാഹ സമയത്ത് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വനിതകള്‍ക്കും അവരുടെ കുടുംബത്തിനും താങ്ങാവാന്‍ വേണ്ടിയാണ് പരിണയം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. വിവാഹ ധനസഹായത്തിനായി അപേക്ഷിക്കുന്നവര്‍ വിവാഹ തീയതിയ്ക്ക് ഒരു മാസം മുമ്പ് ബന്ധപ്പെട്ട സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ 2 പെണ്‍കുട്ടികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ദിവസം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. പെണ്‍കുട്ടിയുടെ വിവാഹത്തിന് മുമ്പ് അപേക്ഷിക്കുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കാന്‍ ചമുതലയുള്ള കുടുംബത്തിലെ മറ്റ് അംഗത്തിനോ ഈടിന്‍മേല്‍ ധനസഹായം നല്‍കുന്നതാണ്. വിവാഹാനന്തരം 6 മാസം വരെയുള്ള കാലതാമസം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും 6 മാസത്തിന് ശേഷം ഒരു വര്‍ഷംവരെയുള്ള അപേക്ഷകളില്‍മേല്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാപ്പാക്കി ധനസഹായം അനുവദിക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button