COVID 19KeralaLatest NewsNews

ഊബറും ബജാജും ചേര്‍ന്ന് ഒരു ലക്ഷം ഓട്ടോറിക്ഷകളില്‍ സുരക്ഷാ മറ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ഊബറും ബജാജ് ഓട്ടോയും ചേര്‍ന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ഓട്ടോകളില്‍ സുരക്ഷിത മറ സ്ഥാപിക്കുന്നു. ഡ്രൈവറുടെ സിറ്റിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിക്കുക. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഇടയിലുള്ള സാമൂഹ്യ അകലം പാലിക്കുന്നതിനും സഹായിക്കും. അസാധാരണമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇതു വഴിയൊരുക്കും.

ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍, മധുര തുടങ്ങി 20 നഗരങ്ങളിലെ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, വാഹനം അണുമുക്തമാക്കാനുള്ള സാമഗ്രികള്‍ എന്നിവ അടങ്ങിയ സുരക്ഷാ കിറ്റുകളും നല്‍കുന്നുണ്ട്. പിപിഇയുടെ കൃത്യമായ ഉപയോഗത്തിനും വാഹനത്തിന്‍ സാനിറ്റൈസേഷന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുമായി ഊബര്‍ ആപ്പിലൂടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനായും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

സേവനം പുനരാരംഭിച്ച ഊബര്‍ ഏറ്റവും സുരക്ഷിതമായിരിക്കാനായി ലക്ഷക്കണക്കിന് വരുന്ന റൈഡര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ സഹായങ്ങള്‍ ഒരുക്കുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ആദരിക്കപ്പെടുന്നതുമായ ബ്രാന്‍ഡായ ബജാജുമായുള്ള സഹകരണത്തിലൂടെ എല്ലാവരുടെയും സുരക്ഷയോടുള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നതെന്നും വരും മാസങ്ങളില്‍ ഡ്രൈവര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും യാത്രക്കാരുടെ മനസമാധാനത്തിനുമായി സഹകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഊബര്‍ എപിഎസി ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ നന്ദിനി മഹേശ്വരി പറഞ്ഞു.

രാജ്യം തുറക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ സഹായത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി ബജാജ് ഓട്ടോ കൂടെയുണ്ടാകുമെന്നും അതിന്റെ ഭാഗമായാണ് ഒരു ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ മറ സ്ഥാപിക്കുന്നതും അണുമുക്ത സാമഗ്രികള്‍ നല്‍കുന്നതെന്നും ബജാജ് ഓട്ടോ ഇന്‍ട്രാ-സിറ്റി ബിസിനസ് പ്രസിഡന്റ് സമര്‍ദീപ് സുബന്ധ് പറഞ്ഞു.

ഉന്നത സുരക്ഷാ, ശുചിത്വ നിലവാരം പാലിക്കുന്നതിനായി ഊബര്‍ ബൃഹത്തായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഗോ ഓണ്‍ലൈന്‍ ചെക്ക് ലിസ്റ്റ്, പ്രീ-ട്രിപ്പ് മാസ്‌ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം, പുതുക്കിയ കാന്‍സലേഷന്‍ പോളിസി തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മാസ്‌ക്, കൈയുറകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അണുമുക്ത സ്‌പ്രേകള്‍ തുടങ്ങിയവ വാങ്ങുന്നതിനായി ആഗോള തലത്തില്‍ ഊബര്‍ അഞ്ചു കോടി ഡോളറാണ് അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സര്‍വീസ് പുനരാരംഭിച്ച 70ലധികം നഗരങ്ങളില്‍ സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്തു. ഊബറിന്റെ പുതിയ സുരക്ഷാ ഫീച്ചര്‍ ഡ്രൈവര്‍മാര്‍ക്ക് നിശ്ചിത ട്രിപ്പ് കഴിഞ്ഞാല്‍ പിപിഇ മാറ്റുന്നതിനുള്ള മുന്നറിയിപ്പ് നല്‍കുന്നു.

നഗരങ്ങള്‍ വീണ്ടും തുറന്നു തടങ്ങുന്നതോടെ ബിസിനസുകള്‍ ഉണര്‍ന്നു തുടങ്ങി. ചെലവു കുറഞ്ഞ ഓട്ടോ, മോട്ടോ വിഭാഗം വളരെ വേഗം തിരിച്ചുവരവിന്റെ പാതയിലാണ്.

ഊബറും ബജാജും തമ്മിലുള്ള സഹകരണം 2019 മുതല്‍ ആരംഭിച്ചതാണ്. ഊബര്‍ എക്‌സ്എസില്‍ ബജാജ് ക്യൂട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു അത്. ഊബര്‍ പ്ലാറ്റ്‌ഫോമിലെ പുതിയ വിഭാഗമായിരുന്നു അത്. ബെംഗളൂരു സ്വദേശികള്‍ക്ക് ചെലവു കുറഞ്ഞ യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button