Latest NewsKeralaNews

ബാലഭാസ്‌കറിന്റെ മരണം … കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമരണം : അവിടെ കണ്ട രണ്ടു മൂന്നു മുഖങ്ങള്‍ എന്റെ ഓര്‍മയില്‍ ഉണ്ട് .. കലാഭവന്‍ സോബിയുടെ മൊഴി സിബിഐ അന്വേഷണത്തില്‍ നിര്‍ണായകം

കൊച്ചി : ബാലഭാസ്‌കറിന്റെ മരണം … കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമരണം, അവിടെ കണ്ട രണ്ടു മൂന്നു മുഖങ്ങള്‍ എന്റെ ഓര്‍മയില്‍ ഉണ്ട്.. കലാഭവന്‍ സോബിയുടെ മൊഴി സിബിഐ അന്വേഷണത്തില്‍ നിര്‍ണായകമാകും. ബാലഭാസ്‌കറിന്റെ മരണം നടന്ന് രണ്ട് വര്‍ഷം ആകുന്നു. എന്നിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്.കുടുംബാംഗങ്ങള്‍ തുടക്കം മുതല്‍ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അത് സാധാരണ അപകടമരണമായി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ അപകടമരണത്തിനു പിന്നില്‍ കള്ളക്കടത്ത് സംഘങ്ങളുടെ കൈകടത്തലുകള്‍ ഉണ്ടെന്ന് ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാലിപ്പോള്‍ പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവന്‍ സോബിയുടെ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

കലാഭവന്‍ സോബിയുടെ വാക്കുകള്‍ ഇങ്ങനെ,

ഞാന്‍ ചാലക്കുടിയില്‍നിന്ന് തിരുനല്‍വേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടര്‍ന്ന് മംഗലപുരത്ത് വണ്ടി നിര്‍ത്തി ഉറങ്ങാന്‍ തുടങ്ങി. ഏകദേശം 3.15 ആയപ്പോള്‍ ഒരു വെള്ള സ്‌കോര്‍പ്പിയോയില്‍ കുറച്ചു പേര്‍ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്‌കോര്‍പ്പിയോ വന്നു. ഇതില്‍നിന്നും ആളുകള്‍ ഇറങ്ങി.

ഒരാള്‍ സ്‌കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു. പത്തുപന്ത്രണ്ട് പേര്‍ മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു.

സാധാരണഗതിയില്‍ ഒരു അപകടം കണ്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് ഞാന്‍. വണ്ടിനിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വന്ന് വണ്ടിയുടെ ഡോര്‍ അടയ്ക്കുകയും ബോണറ്റില്‍ അടിക്കുകയും വടിവാളുകൊണ്ടുവന്ന് ആക്രോശിക്കുകയും വിട്ടുപോകാന്‍ പറയുകയും ചെയ്തത്. ആ സമയം കൊണ്ട് അവിടെ കണ്ട രണ്ടു മൂന്നു മുഖങ്ങള്‍ എന്റെ ഓര്‍മയില്‍ ഉണ്ട്. അതൊക്കെയാണ് ഡിആര്‍ഐയോടും കഴിഞ്ഞ ദിവസം പത്രക്കാരോടും പറഞ്ഞത്. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഇടതുവശത്ത് കൂടി ഒരു പയ്യന്‍ ഓടി പോകുന്നതും വലത്തുവശത്ത് ഒരാള്‍ (തടിച്ച ഒരാള്‍) ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും കാണുന്നത്. ഈ രണ്ടുപേരുടെ മുഖം എത്രനാള്‍ കഴിഞ്ഞാലും ഞാന്‍ മറക്കില്ല.

മാനേജര്‍ തമ്പിയോട് പറഞ്ഞപ്പോള്‍ നിരുത്തരവാദപരമായ പ്രതികരണമായിരുന്നു ലഭിച്ചത്. കുറച്ചുകഴിഞ്ഞ് ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്നു പറഞ്ഞു. ഫോണ്‍ വയ്ക്കുന്നതിന് മുന്‍പ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ട, ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ആറ്റിങ്ങല്‍ സിഐയും വിളിച്ചില്ല, ആരും വിളിച്ചില്ല.

എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചര്‍ച്ചയ്ക്കും ആളുവന്നു. ചേട്ടന്‍ ഇനി കണ്ട കാര്യങ്ങളില്‍ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. സിബിഐക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന് വരെ ഭീഷണി കോളുകള്‍ വന്നു. – സോബി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button