KeralaLatest NewsNews

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നു പോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നു വരുന്നതെന്നും നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കാളികളായി. കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കോവിഡ് ആന്‍റിജന്‍ ഫലം പുറത്ത്

ദളിത് ന്യൂനപക്ഷ പിന്നോക്ക ദുര്‍ബല വിഭാഗങ്ങളെ കൈ പിടിച്ചുയര്‍ത്തി നമുക്കു മുന്‍പോട്ടു പോകേണ്ടതുണ്ട്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായി പോയവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വന്നു കൊണ്ടല്ലാതെ വികസനം സാധ്യമാക്കാനാകില്ല. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കാകെ ഈ മഹാമാരിയുടെ കാലത്തും ആശ്വാസമേകാന്‍ സര്‍ക്കാരിനായിട്ടുണ്ട്. ഏതുതരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും അതിനെയെല്ലാം അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്കുണ്ട്. മുഴുവന്‍ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിച്ചു കൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തു കൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാം. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button