KeralaLatest NewsNews

സ്വാമി പ്രകാശാനന്ദയെക്കുറിച്ചുള്ള കുപ്രചാരണം : പ്രതികരണവുമായി ശിവഗിരി മഠം

ശിവഗിരി (വര്‍ക്കല) • ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദയെ ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന കുപ്രചാരണത്തിനെതിരെ ശിവഗിരി മഠം രംഗത്ത്. പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ പറഞ്ഞു. ഇതിന് പിന്നില്‍ ബിജു രമേശും അദ്ദേഹത്തിന്റെ സഹായി എം വിജിതേന്ദ്രകുമാറും ആണെന്നും സാന്ദ്രാനന്ദ പ്രസ്താവനയില്‍ വ്യക്തമാക്കി.

2015 പ്രകാശാനന്ദ സ്വാമിജിയെ ശിവഗിരി മഠം അറിയാതെ വ്യവസായിയായ ബിജു രമേശ്‌ രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത് കൊണ്ടുപോകുകയും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്തതാണ്. ബിജു രമേഷിന്റെ കൂടെയുള്ള വ്യക്തിയാണ് വിജിതേന്ദ്രകുമാര്‍. ഇവരുടെ ജോലി പ്രായമായ സ്വാമി പ്രകാശാനന്ദയെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ല്‍ ഉപയോഗിക്കുക എന്നതാണ്. ഇപ്പോള്‍ അത് നടക്കാതെ വന്നപ്പോഴാണ് ശിവഗിരി മഠത്തിനെതിരെയും സ്വാമിജിയുടെ ആരോഗ്യത്തെയും കുറിച്ച് ശ്രീനാരായണ ഭക്തരുടെ ഇടയിലും കുപ്രചാരണം നടത്തുന്നതെന്നും സാന്ദ്രാനന്ദ പറഞ്ഞു.

ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിലാണ് പ്രകാശാനന്ദ സ്വാമി കഴിയുന്നത്. മോര്‍ച്ചറി പഴയ കെട്ടിടത്തിലാണ്. കൂടാതെ രണ്ട് ദിവസം മുന്‍പ് ഹൈക്കോടതി ജഡ്ജിമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വാമിജിയുമായും മെഡിക്കല്‍ സൂപ്രണ്ടുമായും സംസാരിച്ചതുമാണ്. ഈ മാസം 25 ാം തീയതി സ്വാമിയുടെ സഹോദരനും എസ്.യു.ടി ആശുപത്രിയിലെ യൂറോളജിസ്റ്റുമായ ഡോ.വിക്രമനുമായി സംസാരിക്കാനിരിക്കുകയുമാണ്. അനാവശ്യ പ്രസ്താവനകള്‍ പണം കൊടുത്ത് ഇടുകയാണ് ഇവര്‍. എങ്ങനെ ശിവഗിരി മഠത്തെ തകര്‍ക്കാമെന്നാണ് ഇവരുടെ ആലോചനയെന്നും സ്വാമി സാന്ദ്രാനന്ദ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button