KeralaLatest NewsNews

മലപ്പുറം ജില്ലയില്‍ 306 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം • ജില്ലയില്‍ തിങ്കളാഴ്ച 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 288 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ ഉറവിടമറിയാതെയും 275 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടെ ജില്ലയില്‍ 130 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 2,963 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 36,233 പേര്‍

36,233 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,802 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 408 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 18, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 102, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 150, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 71, പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 116, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 236, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 672 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 33,214 പേര്‍ വീടുകളിലും 1,217 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

73,574 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 84,100 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 81,597 പേരുടെ ഫലം ലഭ്യമായതില്‍ 73,574 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,386 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

shortlink

Related Articles

Post Your Comments

Related Articles


Back to top button