KeralaLatest NewsNews

അടൂർ പ്രകാശ് എട്ടുകാലി മമ്മൂഞ്ഞ് ആകുന്നു- പി സുധീർ

തിരുവനന്തപുരം • സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലം താത്കാലികമായി റദ്ദാക്കപ്പെടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത ശിവഗിരി വികസന സർക്യൂട്ടിൻ്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശിൻ്റെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പറഞ്ഞു. എന്തു നടന്നാലും അതിൻ്റെ ഉത്തരവാദി താനാണെന്ന് വീമ്പു പറയുന്ന ബഷീർ കഥാ പാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ് അടൂർ പ്രകാശ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരാണ് ശിവഗിരിയും അതുമായി ബന്ധപ്പെട്ട ചെമ്പഴന്തി , അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളും കോർത്തിണക്കി ശിവഗിരി ടൂറിസം വികസന സർക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് താത്കാലികമായി റദ്ദാക്കപ്പെട്ടു. ഇതേ തുടർന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ നടത്തിയ ഇടപെടൽ ഫലം കാണുകയും പദ്ധതി പുനസ്ഥാപിക്കുകയും ഉണ്ടായി. പദ്ധതി വീണ്ടും പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തൻ്റെ ശ്രമം കൊണ്ടാണ് പുനസ്ഥാപിച്ചതെന്ന എംപി യുടെ പ്രസ്താവന ഉളുപ്പില്ലായ്‌മയാണ് വ്യക്തമാക്കുന്നതെന്ന് സുധീർ പറഞ്ഞു. മൂന്നുമാസം മുൻപാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെട്ട് പദ്ധതി പുനസ്ഥാപിച്ചത്.

ഇക്കാലമത്രെയും കുംഭകർണ സേവ നടത്തുകയായിരുന്ന എംപി അവകാശവാദവുമായി വന്നതിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. യുപിഎ സർക്കാരിൻ്റെ കാലത്ത് വർക്കലക്കോ ശിവഗിരിക്കോ വേണ്ടി ഒന്നു ചെയ്യാത്തവരാണ് ബി ജെ പി ഭരണത്തിലെ നേട്ടങ്ങൾ തങ്ങളുടേതാക്കാൻ ശ്രമിക്കുന്നത്.

ശിവഗിരിയോടും ഗുരുദേവ ദർശനങ്ങളോടുമുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ പ്രതിബദ്ധതയും ആദരവുമാണ് ശിവഗിരി വികസനത്തിലൂടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരൻ്റെ പ്രത്യേക താല്പര്യമാണ് പദ്ധതി പുന:സ്ഥാപിച്ചതിൻ്റെ പിന്നിൽ. ജനങ്ങളിൽ തെറ്റിധാരണ പരത്തി നേട്ടമുണ്ടാക്കാമെന്ന വ്യാമോഹമാണ് അടൂർ പ്രകാശിനുള്ളത്. ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച എം പി മാപ്പു പറയണമെന്നും പി. സുധീർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button