KeralaLatest NewsNews

പൊന്നുമോളെ…. നിന്നോടൊപ്പം ഞാനും… പെട്ടിമുടിയില്‍ മണ്ണടിഞ്ഞത് കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധം

മുന്നാര്‍ • മകളാണോ അല്ല, സഹോദരിയാണോ അല്ല….. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധമാണ് പെട്ടിമുടിയില്‍ മണ്ണടിഞ്ഞത്.

ദുരന്തത്തില്‍ ആ മണ്ണില്‍ ഒരുപാടു സ്നേഹബന്ധങ്ങള്‍ അലിഞ്ഞുചേര്‍ന്നു. എന്നാല്‍ ഈ സ്നേഹത്തോളം ഒന്നുംവരില്ലായിരിക്കാം. ദുരന്തഭൂമിയില്‍ മണ്ണിനടിയില്‍ അകപ്പെട്ട, ഉറങ്ങിക്കിടക്കുന്ന അമ്മയും മകളും എന്നു തോന്നിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു ആത്മബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും കഥ വെളിച്ചത്തുവന്നത്.

യഥാര്‍ഥത്തില്‍ അഞ്ജുമോളും ലക്ഷണയും അമ്മയും മകളുമല്ല.

പക്ഷേ അഞ്ജുമോള്‍ക്കു ലക്ഷണയോടുണ്ടായിരുന്നത് മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹമായിരുന്നു. ലക്ഷണയുടെ ചെറുപ്പംമുതല്‍ ആ ആത്മബന്ധം നിലനിന്നിരുന്നു. അഞ്ജുമോള്‍ക്കൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അത്തരത്തില്‍ ഒന്നിച്ചുറങ്ങിയ ആ ദിനംതന്നെയാണ് ഇരുവരും ഒരുമിച്ച് ദുരന്തത്തില്‍ അകപ്പെട്ടതും.

മരണത്തിലും കൈവിടാതെ അഞ്ജുമോള്‍ സ്വന്തം മാറില്‍ ആ എഴുവയസുകാരിയെ ചേര്‍ത്തു പിടിച്ചിരുന്നു. ആരുടെയും കരളലയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോള്‍ അവളുടെ അമ്മൂമ്മ ചന്ദ്രയുടെ കൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പര്‍ വീട്ടിലാണ് താമസിച്ചിരുന്നത്.

ലക്ഷണ തൊട്ടടുത്ത ആറുമുറി ലയത്തിലെ നാലാം നമ്പര്‍ വീട്ടിലെ രാജയുടെയും ശോഭനയുടെയും ഏകമകള്‍. രാജയും ശോഭനയും ദുരന്തത്തില്‍ മരിച്ചു. ലക്ഷണയ്ക്ക് ഓര്‍മവച്ചനാള്‍ മുതല്‍ അഞ്ജുവിന്റെ സ്‌നേഹവും ലാളനകളും ലഭിച്ചിരുന്നു. അവരുടെ ഓരോ ദിനങ്ങളും സ്‌നേഹാര്‍ദ്രമായ നിമിഷങ്ങളാലും വൈകാരികമായ കൂടിച്ചേരലുകളാലും ഏറെ സുന്ദരമായിരുന്നു.

പാലക്കാട് ചിറ്റൂര്‍ കോളേജില്‍ നിന്ന് ബി.എ തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് ടീച്ചറാകാനായിരുന്നു ആഗ്രഹം. അവളുടെ ആഗ്രഹംപോലെ അടിമാലി എസ്.എന്‍.ഡി.പി ബി.എഡ് കോളേജില്‍ അഡ്മിഷന്‍ എടുത്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തം.

രണ്ടുമാസം കഴിഞ്ഞാല്‍ അഞ്ജുവിന്റെ കല്ല്യാണം നടത്താനും നിശ്ചയിച്ചിരുന്നതാണ്. കോവിഡ് കാലത്ത് ഏറെ നാളുകളായി അഞ്ജു പെട്ടിമുടിയിലുണ്ടായിരുന്നു. സ്‌കൂള്‍ അവധിയായിരുന്നാല്‍ ഈ ദിനങ്ങളിലെല്ലാം അഞ്ജുവും ലക്ഷണയും ഒരുമിച്ചുണ്ടായിരുന്നു. തുടര്‍പഠനത്തിനായി ഉടനെ പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ജു.

ഒപ്പമുള്ള സമയങ്ങളില്ലെല്ലാം ലക്ഷണയെകൂടെ നിര്‍ത്താനായിരുന്നു അഞ്ജുവിന്റെയും ആഗ്രഹം. ആ ആഗ്രഹങ്ങളാണ് പലപ്പോഴും അഞ്ജുവിന്റെ കൂടെ ഉറങ്ങാനായി ലക്ഷണയെ ആ ഏഴാം നമ്പര്‍ വീട്ടിലെത്തിച്ചിരുന്നതും. ലക്ഷണ രാജമലയിലെ തമിഴ് മീഡിയത്തില്‍ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. അവളുടെ പഠനത്തിലും അഞ്ജു ഒരു അധ്യാപികയുടെ റോള്‍ നന്നായി ചെയ്തു വന്നിരുന്നു. ലക്ഷണയുടെ അച്ഛന്‍ രാജയ്ക്കും അമ്മ ശോഭനയ്ക്കും അഞ്ജുവും മകളായിരുന്നു. കൂടപ്പിറപ്പുകളെപ്പോലെ കഴിഞ്ഞിരുന്ന അവരാരും ഇനി പെട്ടിമുടയില്‍ അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു അഞ്ജു; ചിറ്റൂര്‍ കോളെജിലെ അവളുടെ അടുത്ത സുഹൃത്തുക്കളും അധ്യാപകരും പറയുന്നു. എല്ലാവരോടും സ്‌നേഹമുള്ള പ്രകൃതം. ഇനി അഞ്ജുവെന്ന വിളികേള്‍ക്കാന്‍ അവളില്ലെന്ന യാഥാര്‍ത്ഥ്യത്തോട് ചിറ്റൂര്‍ കോളേജിലെ അധ്യാപകരും സുഹൃത്തുക്കളും പൊരുത്തപ്പെട്ടുകഴിഞ്ഞു.

വളരെ യാദ്യച്ഛികമായിട്ടാണ് വൈകിയാണെങ്കിലും ഇവരുടെ കഥ പിആര്‍ഡി സംഘത്തിനു കിട്ടുന്നത്. അതും ദുരന്തങ്ങള്‍ പിന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞ്. ജില്ലാ പൊലീസ് മേധാവിയുടെ ലെയ്സണ്‍ അസിസ്റ്റന്റും സീനിയര്‍ പൊലീസ് ഓഫീസറുമായ വി. എം. മധുസൂദനനു വാട്സാപ്പില്‍ ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഈ ചിത്രവും ഉണ്ടായിരുന്നത്. ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എന്‍. ബി. ബിജുവിന് കൈമാറിയ ചിത്രത്തിന്റെ പിന്നാലെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഇടുക്കി എ. ആര്‍. ക്യാമ്പിലെ താത്കാലിക ജീവനക്കാരനായിരുന്ന മറയൂര്‍ സ്വദേശി പ്രേമാനന്ദില്‍ നിന്നാണ് ചിത്രം മധുവിനു ലഭിച്ചത്. അങ്ങനെ അന്വേഷണം പ്രേമാനന്ദിലേക്കു പോയി. അതുവരെ അമ്മയും മകളും എന്ന ധാരണയിലായിരുന്നു അത്. കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന തന്റെ ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ആകാം ചിത്രം ലഭിച്ചതെന്ന് പ്രേമാനന്ദ് പറഞ്ഞു.

ചിത്രം ഫോണില്‍ നിന്ന് പോകുകയും ചെയ്തു. തുടര്‍ന്ന് പെട്ടിമുടിയില്‍ ഇപ്പോഴും റിപ്പോര്‍ട്ടിംഗിനു പോകുന്ന പി ആര്‍ ഡി സംഘത്തിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഉദയരവി അവിടെ ശേഷിക്കുന്ന ലയത്തിലെ കുടുംബങ്ങളില്‍ തിരച്ചില്‍ നടത്തി. അങ്ങനെയാണ് സ്നേഹാര്‍ദ്രമായ ഒരു ബന്ധത്തിന്റെ കരളയിക്കുന്ന യഥാര്‍ഥ കഥ പുറത്തുവരുന്നത്.

-I & PRD

shortlink

Related Articles

Post Your Comments

Related Articles


Back to top button