Latest NewsKeralaNews

ഖുര്‍ആന്‍ കേരളത്തില്‍ അച്ചടിക്കുന്നത് അറബി മലയാളത്തിൽ: ഖേ​ദം പ്രകടിപ്പിച്ച്‌ ജെയ്ക്ക് സി തോമസ്

കോട്ടയം: ഖുര്‍ആന്‍ കേരളത്തില്‍ അച്ചടിക്കുന്നത് അറബി മലയാളത്തിലായിരുന്നുവെന്ന പരാമര്‍ശത്തില്‍ ഖേ​ദം പ്രകടിപ്പിച്ച്‌ ജെയ്ക്ക് സി തോമസ്. ഒരു ചാനലിൽ നടന്ന ചർച്ചയിലാണ് അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത്. ഇത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണെന്നും അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുര്‍ആന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാന്‍ ആഗ്രഹിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജെയ്ക്ക് ചൂണ്ടിക്കാട്ടി.

Read also: ഖുര്‍ആന്‍ സ്വീകരിച്ചത് മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ട പ്രകാരമെന്ന് ഇര്‍ഷാദ് കോളജ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ മനോരമ ന്യൂസിൽ നടന്ന സംവാദത്തിൽ അറബി മലയാളത്തിലാണ് കേരളത്തിൽ വിശുദ്ധ ഖുർആൻ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണ്. മലബാറിലെ സാധാരണക്കാരായ മുസ്ലിങ്ങൾ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികൾക്ക് അനായാസം പാരായണം ചെയ്യുവാൻ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുർആൻ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളിൽ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാൻ ആഗ്രഹിച്ചത്. പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴീ വിശദീകരണം നൽകുന്നത്.

ചർച്ചയ്ക്കിടെ മന:പൂർവമല്ലാതെ സംഭവിച്ച വീഴ്ച്ച ആർക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കിൽ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുൻപുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂർണാർത്ഥത്തിൽ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല.
ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവൻ ആളുകളുടെയും നിർദേശങ്ങളെയും വിമർശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അപ്പോഴും ‘ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂമിന്റെ സ്മരണയ്ക്ക്’ എന്ന് ആലേഖനം ചെയ്ത, ഇൗ ഖുറാനുകൾ കേരളത്തിലെ വിപണിയിൽ വാങ്ങാൻ കിട്ടില്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. ചർച്ചയിൽ മുസ്ലിം ലീഗ് പ്രതിനിധി പറഞ്ഞതു പോലെ തൂക്കം ഒപ്പിക്കാൻ അടുത്ത കടയിൽ നിന്നു വാങ്ങി വയ്ക്കാവുന്നതല്ല യുഎഇയിൽ നിന്ന് അയച്ചിട്ടുള്ള ഇൗ വി. ഖുറാനുകൾ.

NB: ഇതു സംബന്ധിയായ വന്ന ട്രോളുകളും ശ്രദ്ധയിൽ പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താൻ പോലും എനിക്ക് സാധിക്കാഞ്ഞതിൽ ക്ഷമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button