KeralaLatest NewsNews

സ്വർണ്ണ കടത്ത് കേസിൽ കെ.ടി. ജലീൽ സാക്ഷി മാത്രമാണെന്ന് തെളിഞ്ഞു! കണ്ടില്ലേ എൻ.ഐ.എ കൊടുത്ത നോട്ടീസിന്റെ മുകളിൽ “Notice to Witness under Cr.PC Section 160” എന്നെഴുതിയിരിക്കുന്നത്?? ; പ്രതി ആണെന്ന് സംശയിക്കപ്പെടുന്ന ആളാണെങ്കിൽ Cr.PC 41A പ്രകാരമാണ് നോട്ടീസ് നൽകേണ്ടത് എന്നാണ് വാദം, എന്താണ് യാഥാർഥ്യം?? ശുദ്ധ അസംബന്ധമാണ് : ശങ്കു ടി ദാസ്

സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി. ജലീനെ അനുകൂലിച്ച് നടത്തുന്ന ന്യായീകരണത്തിനെതിരെ വിമർശനവുമായി അഡ്വ.ശങ്കു.ടി.ദാസ്. കെ.ടി. ജലീൽ സ്വർണ്ണ കടത്ത് കേസിൽ സാക്ഷി മാത്രമാണ് എന്ന് തെളിഞ്ഞു! കണ്ടില്ലേ എൻ.ഐ.എ കൊടുത്ത നോട്ടീസിന്റെ മുകളിൽ “Notice to Witness under Cr.PC Section 160” എന്നെഴുതിയിരിക്കുന്നത്?? എന്ന രീതിയിലുള്ള ന്യായീകരണമാണ് ഇന്നലെ വൈകുന്നേരം മുതൽ സി.പി.എം അണികൾ മുതൽ നേതാക്കൾ വരെ വാരി വിതറുന്നത്. 160 നോട്ടീസ്‌ സാക്ഷികളെ വിളിച്ചു വരുത്തി മൊഴിയെടുക്കാൻ മാത്രം നൽകുന്നതാണത്രേ. പ്രതി ആണെന്ന് സംശയിക്കപ്പെടുന്ന ആളാണെങ്കിൽ Cr.PC 41A പ്രകാരമാണ് നോട്ടീസ് നൽകേണ്ടത് എന്നാണ് വാദം. എന്താണ് യാഥാർഥ്യം ?? ശുദ്ധ അസംബന്ധമാണെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു

Also read :  ഖു​ർ​ആനെ മറയാക്കി കേ​സി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​മെന്ന വ്യാമോഹം വേണ്ട; കോ​ടി​യേ​രിക്ക് മറുപടിയുമായി കു​ഞ്ഞാ​ലി​ക്കു​ട്ടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കെ.ടി. ജലീൽ സ്വർണ്ണ കടത്ത് കേസിൽ സാക്ഷി മാത്രമാണ് എന്ന് തെളിഞ്ഞു!
കണ്ടില്ലേ എൻ.ഐ.എ കൊടുത്ത നോട്ടീസിന്റെ മുകളിൽ “Notice to Witness under Cr.PC Section 160” എന്നെഴുതിയിരിക്കുന്നത്??

ഇന്നലെ വൈകുന്നേരം മുതൽ സി.പി.എം അണികൾ മുതൽ നേതാക്കൾ വരെ വാരി വിതറുന്ന ന്യായീകരണം ആണിത്.
160 നോട്ടീസ്‌ സാക്ഷികളെ വിളിച്ചു വരുത്തി മൊഴിയെടുക്കാൻ മാത്രം നൽകുന്നതാണത്രേ.
പ്രതി ആണെന്ന് സംശയിക്കപ്പെടുന്ന ആളാണെങ്കിൽ Cr.PC 41A പ്രകാരമാണ് നോട്ടീസ് നൽകേണ്ടത് എന്നാണ് വാദം.
എന്താണ് യാഥാർഥ്യം??

ശുദ്ധ അസംബന്ധമാണ്.

ഇന്ത്യയിലെ ക്രിമിനൽ പ്രൊസീജർ കോഡിൽ നിലവിൽ പ്രതി ചേർക്കപ്പെട്ടിട്ടില്ലാത്ത ഒരാളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിളിച്ചു വരുത്തി ചോദ്യം ഒരൊറ്റ വകുപ്പേ ഉള്ളൂ.
അത് സെക്ഷൻ 160 ആണ്.
അപ്പോൾ 41A യോ?
ആ വകുപ്പ് പ്രകാരം പ്രതി പട്ടികയിൽ പേര് ചേർക്കപ്പെട്ട ആളെ മാത്രം വിളിപ്പിക്കാനാവൂ.

അതിന്റെ വസ്തുത മനസ്സിലാക്കണമെങ്കിൽ സി.ആർ.പി.സിയിലെ പ്രസ്തുത ഭാഗങ്ങൾ ഒന്ന് വിശദമായി വായിച്ചു നോക്കണം.

Cr.PC sections 41 മുതൽ 60A വരെ വിവരിക്കുന്ന chapter 5 എന്നത് “Arrest of Persons”നെ സംബന്ധിച്ചുള്ളതാണ്.
അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആണ് ആ ഭാഗത്ത് വിവരിക്കുന്നത്.
Section 41 “When police may arrest without warrant” എന്ന വിഷയവും Section 42 “Arrest on refusal to give name and residence” എന്ന വിഷയവുമാണ് പ്രതിപാദിക്കുന്നത്.
ഇതിനിടയിൽ 2009ൽ കൊണ്ട് വന്ന അമെൻഡ്മെന്റിലൂടെ പുതുതായി ചേർത്ത വകുപ്പാണ് Section 41A.

എന്താണ് അങ്ങനെയൊരു പുതിയ സെക്ഷൻ കൂട്ടി ചേർത്തതിന്റെ ഉദ്ദേശം?
പ്രതി പട്ടികയിൽ ഉള്ളൊരാളെ തല്ക്കാലം ‘Custodial Interrogation’ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നിരിക്കെ അയാളെ അറസ്റ്റ് ചെയ്യാതെ തന്നെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനാണ് ആ വകുപ്പ്.
‘To examine an accused when arrest is not required under section 41(1)’ എന്ന് ചുരുക്കത്തിൽ പറയാം.
ചോദ്യം ചെയ്യലിന് ശേഷം അയാളെ വിട്ടയക്കുകയോ, ചോദ്യം ചെയ്യലിനിടെ അയാളെ അറസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്ന പക്ഷം അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാം.
എന്നാൽ പ്രതി പട്ടികയിൽ പേരുള്ള ഒരാളെ വിളിച്ചു വരുത്താൻ മാത്രമേ ആ വകുപ്പ് ഉപയോഗിക്കാൻ പറ്റൂ.
അത് വരെയും പ്രതി അല്ലാത്തൊരാളെ Cr.PC 41A പ്രകാരം വിളിച്ചു വരുത്താനാവില്ല.

ഇവിടുത്തെ സാഹചര്യം എന്താണ്?

കെ.ടി. ജലീൽ കേസിൽ ഇത് വരെ പ്രതി ചേർക്കപ്പെട്ടിട്ടില്ല.
എന്നാൽ അയാൾക്ക് കേസിലെ സംഭവങ്ങളും വ്യക്തികളുമായി അടുത്ത ബന്ധമുണ്ടെന്ന് ന്യായമായ സംശയവുമുണ്ട്.
അയാൾ പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.
അയാൾ ചട്ട വിരുദ്ധമായും തന്റെ അധികാര പരിധി മറികടന്നും യു.എ.ഇ കോൺസുലേറ്റുമായി ഇടപെട്ടിട്ടുണ്ട്.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് നടന്ന ദുരൂഹമായ പല ഇറക്കുമതികളിലും അവയുടെ വിതരണത്തിലും അയാൾക്ക് നേരിട്ട് തന്നെ പങ്കുണ്ട്.
ഫലത്തിൽ അയാൾ സംശയത്തിന്റെ നിഴലിൽ ആണുള്ളത്.
എന്നാൽ ആ സംശയങ്ങൾ ഉറപ്പിക്കാനും അന്വേഷണത്തിന് വ്യക്തത ലഭിക്കാനും അയാളെ ചോദ്യം ചെയ്യാതെ സാധിക്കില്ല.
അപ്പോൾ ഏത് വകുപ്പ് പ്രകാരം ആണ് അയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുക?

അതിന് സി.ആർ.പി.സിയിൽ സെക്ഷൻ 160 എന്നൊരു വകുപ്പ് തന്നെയേ ഉള്ളൂ.

അത് ചോദ്യം ചെയ്യലല്ല, മൊഴി രേഖപ്പെടുത്തൽ മാത്രമാണ് എന്ന് പറയാൻ വരട്ടെ.
തൊട്ടടുത്ത സെക്ഷൻ ആയ 161 ഒന്നെടുത്തു വായിച്ചു നോക്കൂ.

161(1) – അപ്രകാരം 160 നോട്ടീസ് നൽകി വിളിച്ചു വരുത്തിയ ആളെ അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യാം. (Investigating officer may examine that person orally).

161(2) – അങ്ങനെ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായി ഉത്തരം പറയാൻ അയാൾ ബാധ്യസ്ഥൻ ആയിരിക്കും. (Such person shall be bound to answer truly all questions relating to such case).

161(3) – അത്തരത്തിൽ അയാൾ തന്നോട് പറയുന്ന എല്ലാ പ്രസ്താവനകളും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തി വയ്ക്കണം. (Investigating officer shall reduce into writing any statement made to him in the course of any examination done under this section).

ഇത് ചോദ്യം ചെയ്യൽ അല്ലെങ്കിൽ പിന്നെ എന്താണീ ചോദ്യം ചെയ്യൽ?
അല്ലെങ്കിൽ തന്നെ ഒരു ചോദ്യവും ഇല്ലാതെ ഒരാൾ എട്ട് മണിക്കൂർ തുടർച്ചയായി സ്വന്തം നിലയ്ക്ക് ഇങ്ങനെ മൊഴി കൊടുത്തോണ്ടിരിക്കാൻ ഇതെന്താ ഹരികഥാകാലക്ഷേപമോ??

സെക്ഷൻ 160 പ്രകാരം വിളിച്ചു വരുത്തി ചോദ്യം ചെയ്ത ഒരാൾ ചിരകാലം സാക്ഷി ആയി വാണരുളും, ഒരിക്കലും പ്രതി ആവില്ല എന്നൊന്നും ധരിച്ചും പോവരുത്.
ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയാളെ ഏത് സമയത്തും പ്രതി ആക്കി മാറ്റുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാം.
അതിന് മൊഴി വിശദമായി പരിശോധിക്കുകയും, വേണ്ടി വന്നാൽ വീണ്ടും വിളിപ്പിച്ചു രണ്ടാമത് ചോദ്യം ചെയ്യുകയും, രണ്ട് മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പരിശോധിക്കുകയും ഒക്കെ വേണം.
അതിന് ശേഷമാണ് പ്രതി ആക്കലും അറസ്റ്റ് ചെയ്യലും ഒക്കെ.
അതിന് വേണ്ടി തന്നെയാണ് ചോദ്യം ചെയ്യലും.
അതൊരു തുടക്കം മാത്രമാണ് എന്ന് സാരം.

നിയമപരമായി ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ കേസ് ലോ പറയാം.
പി. ചിദംബരം വേഴ്‌സസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, 2019.
INX മീഡിയ കേസിൽ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത് 41A നോട്ടീസ്‌ നൽകി വിളിപ്പിച്ചിട്ടല്ല.
അതിനെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് അറസ്റ്റ് ചെയ്യണമെങ്കിൽ 41A പ്രകാരം വിളിപ്പിക്കേണ്ടതില്ല എന്ന്.
160 നോട്ടീസ് പ്രകാരം വിളിപ്പിച്ച ആളെയും ചോദ്യം ചെയ്യലിനോടുവിൽ ആവശ്യമെന്ന് ബോധ്യപ്പെടുന്ന പക്ഷം അറസ്റ്റ് ചെയ്യാം.
ഞാൻ സാക്ഷിയാണ് എന്നൊരു ഡിഫൻസ് അപ്പോൾ അയാൾക്ക് എടുക്കാനാവില്ല.
160 നോട്ടീസ് ആർക്ക് മേലെയും സാക്ഷി എന്നൊരു സ്ഥിരമായ പദവി ചാർത്തുന്നില്ലെന്ന് തത്വം.
ഇന്നലത്തെ സാക്ഷി ഇന്നത്തെ പ്രതിയോ നാളത്തെ അപരാധിയോ ആവാം.

അല്ലെങ്കിൽ തന്നെ ഈ “സാക്ഷി മാത്രം” എന്ന ഡിഫൻസ് എപ്പോളാണ് ഉണ്ടാക്കിയത്?
ഇന്നലെ വൈകുന്നേരം 6 മണിക്ക് ശേഷമല്ലേ?
ചോദ്യം ചെയ്യലിനിടക്ക് ജലീൽ മൂന്ന് തവണ മാധ്യമങ്ങൾക്ക് സന്ദേശം അയച്ചിട്ടുണ്ട്.
“ഏറെ സന്തോഷവാനാണ്, ഒന്നും മറയ്ക്കാനില്ല” എന്നല്ലാതെ സാക്ഷി മാത്രമാണ് എന്നൊരു കാര്യം അതിലൊന്നും പറഞ്ഞിട്ടില്ല.
രാവിലെയോ, ഉച്ചക്ക് ഊണിനു പിരിഞ്ഞപ്പോളോ, വൈകുന്നേരം പുറത്തിറങ്ങുമ്പോളോ പോലും ജലീലിന് അങ്ങനൊരു വാദമില്ലെന്നത് ശ്രദ്ധിക്കണം.
ഉണ്ടെങ്കിൽ രാവിലെ തന്നെയത് പ്രഖ്യാപിക്കാൻ എന്തായിരുന്നു തടസ്സം?

ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം കൂടിക്കാഴ്ച നടത്തിയ ഉപദേശകരിൽ ആർക്കോ ആ നോട്ടീസിന്റെ തലക്കെട്ട് കണ്ടപ്പോൾ തോന്നിയ ഒരു കാപ്സ്യൂൾ ന്യായീകരണ ബുദ്ധിയാണത്.
അതാണ്‌ സന്ധ്യക്ക്‌ ശേഷം സകല ബോട്ടുകളും ഏറ്റെടുത്തു മാമാങ്കമാക്കിയത്.

ഒക്കെ പോട്ടെ.. ഇനിയിപ്പോൾ ജലീലിന് 160 നോട്ടീസിന് പകരം 41A നോട്ടീസ് ആണ് നൽകിയിരുന്നത് എന്ന് തന്നെ കരുതുക?
എങ്കിൽ ജലീൽ രാജി വെയ്ക്കുമായിരുന്നോ?
ഉച്ചക്ക് മാധ്യമങ്ങളെ കണ്ടപ്പോൾ ഇനി പ്രതി ആക്കിയാൽ പോലും ജലീൽ രാജി വെയ്ക്കേണ്ടതില്ല എന്നല്ലേ മുതിർന്ന സിപിഎം നേതാക്കൾ പ്രഖ്യാപിച്ചത്?
അങ്ങനെയുള്ളവർ അയാൾ ഇത് വരെ പ്രതി ആയിട്ടില്ല എന്നറിയുമ്പോൾ സത്യം ജയിച്ചു എന്നൊക്കെ പറയുന്നതിന് എന്തർത്ഥമാണുള്ളത്?

പ്രതി അല്ലാത്തത് വിജയം ആവണമെങ്കിൽ പ്രതി ആവുന്നത് തോൽവിയും ആവണം.
അതൊരു വിഷയമേ അല്ലെന്നായിരുന്നല്ലോ പകലൊക്കെ നിരത്തിയ വാദം!

അപ്പോൾ ഈ സാക്ഷി മാത്രം എന്ന വാദമൊക്കെ കിട്ടിയ കച്ചിത്തുരുമ്പ് വെച്ചുള്ള ഘോഷം മാത്രമാണ്.
അതിനൊന്നും യാതൊരു പ്രസക്തിയും ഇല്ല.
ഒരു സെർവിങ് സ്റ്റേറ്റ് മിനിസ്റ്ററെ സംശയാതീതവും പഴുതടച്ചതുമായ തെളിവ് കിട്ടുന്നത് വരെ ഒരു കേന്ദ്ര ഏജൻസി പ്രതി ആക്കില്ല എന്നത് സാമാന്യ ബുദ്ധിയാണ്.
അത് കൊണ്ട് തന്നെ ഇത് വരെ പ്രതി അല്ല എന്നതിവിടെ ഒരു സ്വാഭാവികത മാത്രമാണ്.

അത് വെച്ച് ജലീലിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടു എന്നൊക്കെ പറഞ്ഞു കളയുന്നത് അസംബന്ധം മാത്രമാണ്.
ജലീൽ എൻ.ഐ.എ ഇൻവെസ്റ്റിഗേഷന്റെ ട്രാക്കിലേക്ക് കയറിയിരിക്കുന്നു എന്നതാണ് ഇന്നലെ സംഭവിച്ചിരിക്കുന്നത്.
അവിടുന്ന് ആ വണ്ടി എങ്ങോട്ടും പോവാം.
പ്രതി ചേർക്കലോ അറസ്റ്റോ ഒക്കെ ഉണ്ടാവാം.
തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനുള്ള ഫണ്ട് സമാഹരിക്കൽ, ഗൂഢാലോചന എന്നീ രാജ്യദ്രോഹ കുറ്റങ്ങൾക്കെതിരെയുള്ള UAPA നിയമത്തിലെ 16, 17, 18 വകുപ്പുകൾ പ്രകാരം എടുത്തിട്ടുള്ളൊരു കേസിൽ മന്ത്രി ജലീൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായിരിക്കുന്നു എന്നതാണ് ഇവിടെ പ്രസക്തമായ ഒരേയൊരു വസ്തുത.
വഴിപോക്കരെ വിളിച്ചു എൻ.ഐ.എ ചോദ്യം ചെയ്യാറില്ലല്ലോ!!

ധാർമികത മുൻനിർത്തി രാജി വെയ്ക്കാൻ ആണെങ്കിൽ അതിനീ കാരണം ധാരാളമാണ്.
ധാർമികത വിഷയമല്ലെന്ന് വെച്ച് ന്യായീകരിച്ചു നിൽക്കാൻ ആണെങ്കിൽ അതിനീ 160 നോട്ടീസ് പോലും ആവശ്യവുമില്ല.

എൻഡ് ഓഫ് സ്റ്റോറി.

https://www.facebook.com/660717983/posts/10157933222982984/

shortlink

Related Articles

Post Your Comments

Related Articles


Back to top button