Latest NewsNewsIndia

ബെംഗളൂരു കലാപം ; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഐഎ ചോദ്യം ചെയ്തു

ബെംഗളൂരു: ആഗസ്ത് 11 ന് നടന്ന ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് എന്‍ഐഎ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ചോദ്യം ചെയ്തു. ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷാദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. കലാപം നടക്കുമ്പോള്‍ ഇരുവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതിനാലാണ് എന്‍ഐഎ വിളിപ്പിച്ചത്.

”അതെ, എന്നെയും റിസ്വാന്‍ അര്‍ഷാദിനെയും ഇന്നലെ വിളിച്ചുവരുത്തി അക്രമവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ഓഗസ്റ്റ് 11 രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ ആരാണ് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയാമോ,” സമീര്‍ അഹമ്മദ് ഖാന്‍ പി.ടി.ഐയോട് പറഞ്ഞു. ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുന്നതിനെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാമരാജ്പേട്ട് എംഎല്‍എ പറഞ്ഞു.

അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സയ്യിദ് സദ്ദിഖ് അലിയെ (44) അറസ്റ്റ് ചെയ്തു. എന്‍ഐഎയെ കൂടാതെ ബെംഗളൂരു സിറ്റി പൊലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ചും കേസ് ഏകോപിപ്പിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ കോണ്‍ഗ്രസ് മേയര്‍ ആര്‍. സമ്പത്ത് രാജ്, സിറ്റിംഗ് കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ അബ്ദുള്‍ റക്കീബ് സക്കീര്‍ എന്നിവരെ പ്രതികളാക്കി സിസിബി തിങ്കളാഴ്ച സിറ്റി കോടതിയില്‍ 850 പേജുള്ള പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കോണ്‍ഗ്രസ് നിയമസഭാംഗത്തിന്റെ ബന്ധു പുറത്തുവിട്ട ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാരോപിച്ച് നഗരത്തില്‍ ഉണ്ടായ ജനക്കൂട്ടത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഓഗസ്റ്റ് 11 ന് രാത്രി പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അക്രമത്തില്‍ 50 ഓളം പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു, മുഹമ്മദ് നബിയെ നിന്ദിക്കുന്ന പോസ്റ്റ് പുലകേഷി നഗര്‍ എംഎല്‍എ അഖന്ദ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു പങ്കുവച്ചതിനു പിന്നാലെയാണ് പ്രശ്‌നം രൂക്ഷമായത്. തുടര്‍ന്ന് ശ്രീനിവാസ മൂര്‍ത്തിയുടെ വസതിയും ഡി ജെ ഹല്ലിയിലെ പൊലീസ് സ്റ്റേഷനും പ്രകോപിതരായ ജനക്കൂട്ടം തകര്‍ക്കാന്‍ ശ്രമിച്ചു.

അന്ന് വീട്ടില്‍ ഇല്ലാതിരുന്ന എംഎല്‍എയുടെ വീടിന് തീയിട്ടു. കലാപകാരികള്‍ നിരവധി പൊലീസ്, സ്വകാര്യ വാഹനങ്ങള്‍ കത്തിച്ചു, വീടിന് സാരമായ കേടുപാടുകള്‍ വരുത്തി, എംഎല്‍എ മൂര്‍ത്തിയുടെയും സഹോദരിയുടെയും സാധനങ്ങള്‍ കൊള്ളയടിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 421 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിലെ ആഭ്യന്തര കലഹവും വരാനിരിക്കുന്ന ബിബിഎംപി (സിറ്റി കോര്‍പ്പറേഷന്‍) തെരഞ്ഞെടുപ്പും അക്രമത്തിന് കാരണമായതായി ആഭ്യന്തരമന്ത്രി ബസവരാജ് ബോംമൈ അവകാശപ്പെട്ടിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നല്‍കി കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആരോപണം സര്‍ക്കാര്‍ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button