COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിക്കുന്നവരെ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണം; ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍

മലപ്പുറം: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് മതാചാരപ്രകാരമുളള മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി സമസ്തയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ രംഗത്ത്. മരിച്ചയാളെ അടുത്ത ബന്ധുക്കള്‍ക്കെങ്കിലും അവസാനമായി കാണാനുളള അവസരമൊരുക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി കൂടി ചൂണ്ടിക്കാട്ടിയാണ് ആവശ്യം. നിലവിലുളള പ്രോട്ടോക്കോളില്‍ ഇളവ് ആവശ്യപ്പെട്ട് സംഘടന നേതാക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തു നല്‍കിയിട്ടുണ്ട്.

Read also: റേഡിയോ പ്രക്ഷേപകൻ രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു

കോവിഡ് ബാധിച്ച് മരിച്ച ആളെ അവസാനമായി കാണാനോ മത വിശ്വാസപ്രകാരം അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ ചെയ്യാനോ നിലവിൽ സാധിക്കാത്ത അവസ്ഥ ആണ്. ഇത് മൂലം മൃതദേഹം മാറി പോയ സാഹചര്യം വരെയുണ്ട്. മൃതദേഹം ശുചിയാക്കാതെ ഖബറടക്കുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്. കൽക്കട്ട ഹൈ കോടതി ഇക്കാര്യങ്ങൾ ചെയ്യാൻ അനുവദിച്ച് ഉത്തരവ് നൽകിയതായും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

സര്‍ക്കാർ നിബന്ധനകൾ പാലിച്ച് കൊണ്ട് തന്നെ അന്ത്യ കർമ്മങ്ങൾ പൂർത്തിയാക്കാൻ പറ്റും. ഇളവ് ആവശ്യപ്പെടുന്ന സംയുക്തപ്രസ്താവനയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള മതനേതാക്കൾ ഒപ്പുവച്ചു. കത്ത് ഇ മെയിൽ വഴി ബന്ധപ്പെട്ടവർക്ക് അയച്ചതായും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button