KeralaLatest NewsIndia

പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുല്‍ ഈശ്വര്‍, ‘ഹിന്ദു പ്രത്യുല്‍പാദന നിരക്ക് കുറയുന്നു’

ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

തിരുവനന്തപുരം: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് വിചിത്ര അഭ്യര്‍ഥനയുമായി രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

‘മോദി ജി, ദൈവത്തെ കരുതിയും ഹിന്ദുക്കളെ കരുതിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ കല്യാണം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ -രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.

അതേസമയം രാജ്യത്തെ നിയമപ്രകാരം എല്ലാ വിഭാഗക്കാര്‍ക്കും സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18 ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ പ്രസ്താവന രാഹുല്‍ നടത്തിയത്. മുസ്‌ലിം പ്രത്യുല്‍പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്‍പാദനം കുറയുന്നതിലാണ് ആശങ്കയെന്നും രാഹുല്‍ പറയുന്നു.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുലിന്റെ വാദം.വിവാഹപ്രായം കൂട്ടുന്നത് ഹിന്ദുക്കള്‍ക്ക് ആത്മഹത്യാപരമാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.നേരത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് മോദി പറഞ്ഞിരുന്നു.

‘നമ്മുടെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു.ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.’ പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button