KeralaLatest NewsNews

മുന്നോക്കവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണ ഉത്തരവിൽ സർക്കാരിനെതിരെ എൻഎസ്എസ്

കോട്ടയം : മുന്നോക്കവിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സംവരണ ഉത്തരവിനെതിരെ എൻഎസ്എസ്. സർക്കാർ ഇറക്കിയ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പ് ഇറക്കിയത്. മൂന്ന് പ്രധാനപെട്ട കാര്യങ്ങളിൽ തിരുത്ത് വേണമെന്നാണ് എൻഎസ്എസ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ഒന്ന്, നിയമനം സംബന്ധിച്ചാണ്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ജാതി സംവരണത്തിന്റെ അതേ മാതൃക പാലിക്കണം. അതായത് ഒരു തസ്തികയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നേരിട്ട് മറ്റുള്ളവർക്ക് നിയമം നൽകുന്നത് അംഗീകരിക്കാനാവില്ല. അതേ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി കാത്തിരിക്കണം. ഉദ്യോഗാർത്ഥിയെ ലഭിച്ചില്ലെങ്കിൽ രണ്ട് തവണയെങ്കിലും വിജ്ഞാപനം വീണ്ടും ഇറക്കി ഉദ്യോഗാർഥിയെ കണ്ടെത്താൻ ശ്രമിക്കണം. അപ്പോഴും കഴിഞ്ഞില്ലെങ്കിൽ മാത്രം പൊതു വിഭാഗങ്ങളിൽ നിന്നുള്ളവരെ നിയമിക്കണമെന്നാണ് എൻഎസ്എസ് നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട തിരുത്ത്.

ഉത്തരവ് നടപ്പാക്കിയതിൽ ഉദ്യോഗാർത്ഥികൾ നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വിവേചനവും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. 2020 ജനുവരി മൂന്ന് മുതൽ ഉത്തരവിന് മുൻകാല പ്രാബല്യം വേണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. ആ കാലയളവിൽ ഉള്ള നിയമന ഉത്തരവും ശുപാർശകളും പുതുക്കി ക്രമീകരിക്കണം. മുന്നോക്ക വിഭാഗങ്ങൾക്ക് ഈ കാലയളവിൽ നഷ്ടപ്പെട്ടു പോയിട്ടുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. ഇപ്പോൾ, സർക്കാർ ഇറക്കിയ ഉത്തരവ് തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അടിയന്തര മാറ്റം വേണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നാമത്തെ പ്രധാനപ്പെട്ട തിരുത്തൽ ആവശ്യപ്പെടുന്നത് സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കുന്ന ടേൺ സംബന്ധിച്ചാണ്. നിലവിലെ ഉത്തരവ് പ്രകാരം ഒരു തസ്തികയിൽ ഒമ്പത് ഒഴിവുണ്ടെങ്കിൽ മാത്രമാണ് സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വരിക. 9, 19, 29 എന്നീ ക്രമത്തിലാണ് ടേൺ നിശ്ചയിച്ചിരിക്കുന്നത്. ഇത് തിരുത്തി 3,11, 23, 35,47 എന്നീ ക്രമത്തിൽ മാറ്റണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button