KeralaLatest NewsNews

ഭാരതത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലേക്കു പോകുന്ന ആദ്യ മുഖ്യമന്ത്രി പിണറായി: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിൽ പ്രതിപക്ഷങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലേക്കു പോകുന്ന ആദ്യ മുഖ്യമന്ത്രിയാകുമെന്ന് പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും ദേശദ്രോഹ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം എകെജി സെന്ററിലേക്കും സിപിഎം പിബിയിലേക്കും നീളും. കോവിഡിന്റെ പേരു പറഞ്ഞ് 144 പ്രഖ്യാപിച്ച്‌ പ്രതിഷേധങ്ങളെ തടയാനാകില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും പിണറായി വിജയന്‍ രാജിവെക്കും വരെ ബിജെപി സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കയറ്റുമതി പ്രതിസന്ധിയിൽ; ചരക്കുവിമാന സർവീസിന് അനുമതി തേടി എംപിമാർ

സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസിലും വെച്ചാണെന്ന മൊഴികള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എന്നാൽ പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്തെല്ലാം അഴിമതി നടന്നിട്ടുണ്ട്. അന്നെല്ലാം ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അതു നടക്കില്ല. പിണറായി വിജയനെ നിയമത്തിന് മുന്നില്‍ ഹാജരാക്കും. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കേന്ദ്രഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ പോകുന്നതും കോടതി ആ അപേക്ഷ തള്ളുന്നതുമെല്ലാം കേരളത്തിന് നാണക്കേടാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ ട്രഷറര്‍ കെ.വി. ജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി. ചക്രായുധന്‍, എം. രാജീവ് കുമാര്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, ജില്ലാ ട്രഷറര്‍ വിപിന്‍, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന സമിതി അംഗങ്ങളായ കെ. രജിനേഷ് ബാബു, പൊക്കിണാരി ഹരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാമൂഹ്യ അകലം പാലിച്ചായിരുന്നു മാര്‍ച്ച്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button