KeralaLatest NewsNews

പഴുതുകളില്ലാത്ത തെളിവുകള്‍; ഒക്ടോബര്‍ വിപ്ലവം രണ്ടാം ഭാഗം

കൊച്ചി: വീണ്ടുമൊരു ഒക്ടോബര്‍ വിപ്ലവം സാക്ഷ്യം വഹിച്ചത് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഒക്ടോബര്‍ 27 ന് അറസ്റ്റിലായി. തൊട്ടടുത്ത ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും കുടുങ്ങി. ശിവശങ്കര്‍ കൊച്ചിയിലാണ് അറസ്റ്റിലായതെങ്കില്‍ ബിനീഷ് ബംഗളുരുവിലും. കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ചോദ്യം ചെയ്യുകയും പഴുതുകളില്ലാത്ത തെളിവുകള്‍ ശേഖരിക്കുകയും ചെയ്തശേഷമാണ് നടപടികളിലേക്ക് നീങ്ങിയത്.

അതേസമയം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തു മാത്രം ഒതുങ്ങുന്ന നേതാക്കളല്ല. സിപിഎമ്മിന്റെ പരമോന്നത വേദികളായ പോളിറ്റ് ബ്യുറോയിലും കേന്ദ്ര കമ്മിറ്റിയിലും പ്രമുഖ അംഗങ്ങളാണവര്‍. എന്നാൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയേക്കാള്‍ തലയെടുപ്പ് ഇരുനേതാക്കള്‍ക്കുമുണ്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഉപ്പുവച്ച കലം പോലെയായതാണ്. എന്നാല്‍ കേരളത്തില്‍ സിപിഎമ്മിനെ രാസവളം ഉപയോഗിച്ച്‌ പച്ചക്കറി ഉല്‍പ്പന്നത്തെപ്പോലെ മെച്ചപ്പെട്ട നിലയില്‍ പിടിച്ചുനിര്‍ത്തിയ നേതാക്കളാണിവര്‍.

ഒരു നൂറ്റാണ്ടിന് മുന്‍പ് ഒക്ടോബറിലാണ് കമ്യൂണിസ്റ്റുകാര്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒക്ടോബര്‍ വിപ്ലവം നടന്നത്. അധികാര തര്‍ക്കങ്ങളും സംശയങ്ങളുമാണ് അന്നത്തെ വിപ്ലവത്തിന് കാരണം. കേരളത്തിലേത് വകഭേദം മാത്രം. എന്നാലിന്ന് ഒക്‌ടോബർ വിപ്ലവത്തിന്റെ തുടർ കാഴ്ചകളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ ബലം നല്‍കിയ ലാവ്‌ലിന്‍ കേസ് പോലും പിണറായി വിജയനെ ദുര്‍ബലനാക്കിയിരുന്നില്ല. പിണറായി വിജയനെ കേസില്‍ കുരുക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത വി.എസിനെ വെട്ടിനിരത്തുമ്ബോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഒക്കചെങ്ങായിയായി ഉണ്ടായിരുന്നു. പിണറായിയുടെ വലം കൈ നഷ്ടപ്പെട്ടതുപോലെയായി ശിവശങ്കറിന്റെ അറസ്റ്റ്. ഇപ്പോഴിതാ കോടിയേരിയുടെ മകനും കുരുങ്ങിയപ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്ബും കടിച്ചു എന്ന മട്ടിലായി. ശരിക്കും പറഞ്ഞാല്‍ കേരളത്തിലെ ഒക്ടോബര്‍ വിപ്ലവം. അധികാരം നിലനിര്‍ത്താനുള്ള തീവ്രമാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ഇടതുപക്ഷം പഴയവിപ്ലവത്തെ ഓര്‍മിപ്പിക്കുന്ന തിരിച്ചടികളായി കേസുകള്‍ മുറുകുന്നത്.

Read Also: മയക്കുമരുന്ന് കച്ചവടം ഉറപ്പിയ്ക്കുന്നത് ബിനീഷ് പണം മുടക്കി തുടങ്ങിയ ഹയാത്ത് ഹോട്ടല്‍ വഴി : പി.കെ.ഫിറോസ്

കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യത്തിന് തീരുമാനമായി. ബഹുമുഖ കേസുകളുണ്ടായെങ്കിലും തന്ത്രപരമായി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. മൂത്ത മകന്‍ ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണമെന്നതില്‍ ഇനിയും തീര്‍പ്പായില്ല. രണ്ടാമത്തെ മകന്‍ ബിനീഷ് വലിയൊരു കേസില്‍ കുരുങ്ങാതിരുന്നത് പിതാവ് അന്ന് ആഭ്യന്തരമന്ത്രി ആയതുകൊണ്ടല്ലെന്ന് ആര്‍ക്കെങ്കിലും പറയാമോ?

2009 ആഗസ്റ്റ് 22 നാണ് ആ സംഭവം. മുത്തൂറ്റ് വ്യവസായ ഗ്രൂപ്പിലെ കരുത്തനായ മുത്തൂറ്റ്‌പോള്‍ നടുറോഡില്‍ കുത്തേറ്റ് പിടഞ്ഞുമരിച്ചത് തന്നെയാണ്. പോളിനൊപ്പം യാത്രചെയ്തവരില്‍ ബിനീഷുമുണ്ടായിരുന്നു എന്നത് രഹസ്യമേ അല്ലല്ലോ. അതിന് തൊട്ടുപിന്നാലെ ബിനീഷിന്റെ കല്യാണനിശ്ചയമായിരുന്നു തിരുവനന്തപുരത്ത്. നിശ്ചയദിവസം കല്യാണം തന്നെ നടത്തിയതിന്റെ നിഗൂഢതകള്‍ ഇനിയും നീങ്ങിയിട്ടില്ല. പഠിക്കുമ്ബോള്‍ മുതല്‍ പാര്‍ട്ടി നായകനായ പിതാവിന്റെ തണലില്‍ തെരുവിലും കോളേജിലും തല്ലിപ്പൊളിച്ച്‌ നടന്ന ബിനീഷ് ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. എവിടെയും കഷ്ടപ്പെടേണ്ടിയും വന്നില്ല. വര്‍ഷങ്ങളധികം നീളാതെ ലക്ഷങ്ങളും കോടികളും കൊണ്ട് അമ്മാനമാടുന്ന യുവാവുമായി. ഇതെവിടെ നിന്നെന്ന് ചോദിക്കുന്ന പിതാവായി കോടിയേരിയെ കാണാന്‍ സഖാക്കള്‍ക്കായില്ല.

ബംഗ്ലുരു മയക്കുമരുന്ന് കേസില്‍പ്പെട്ടത് 32 ലക്ഷം രൂപ മുതല്‍ മുടക്കി എന്ന മുഖ്യപ്രതിയുടെ മൊഴിയിലൂടെയാണ്. ഇതെവിടെ നിന്ന്? മൂന്നുകോടി മുടക്കി വാങ്ങിയ വീട്. പലപല വ്യവസായ സംരംഭങ്ങള്‍. ഇതിനെല്ലാം നേരെ കണ്ണടച്ചതാണ് നേതാക്കളുടെ രീതി. പാര്‍ട്ടി സമ്മേളനം നടക്കുന്നിടത്തെല്ലാം ബിനീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും പറയുന്നു ബിനീഷുമായി പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ല. മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സഖാവായ അച്ഛന് ഉത്തരവാദിത്തമില്ലെന്ന്.

സഖാക്കളുടെ കുടുംബവും പാര്‍ട്ടി മര്യാദയനുസരിച്ച്‌ ജീവിക്കണം. ലക്ഷത്തിന് എത്ര പൂജ്യമുണ്ടെന്ന് നിശ്ചയമില്ലാത്ത പാവപ്പെട്ട സഖാക്കള്‍ അതൊക്കെ അക്ഷരം പ്രതിപാലിക്കുന്നു. ലോക്കല്‍ സെക്രട്ടറി മുതല്‍ പിബി മെമ്ബര്‍വരെയുള്ള അധികാരകേന്ദ്രത്തിലിരിക്കുന്നവര്‍ക്ക് അതൊന്നും ബാധകമല്ലെന്നാണോ? വരും ദിവസങ്ങളില്‍ ഇവരെ ന്യായീകരിക്കാനിറങ്ങുന്നവരോട് പാവപ്പെട്ട അണികള്‍ പറയും ‘കടക്കുപുറത്തെന്ന്’.

റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തില്‍ വന്ന കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക ഗവണ്മെന്റിന്റെ ആഭ്യന്തര വിദേശനയങ്ങളില്‍ ജനങ്ങള്‍ പൊതുവെ അസന്തുഷ്ടരായിരുന്നു. ഒന്നാംലോകയുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യന്‍ പട്ടാളക്കാരില്‍ യുദ്ധവിരുദ്ധ മനോഭാവം വളര്‍ന്നുവന്നിരുന്നു. പലരും യുദ്ധരംഗത്തുനിന്നും പലായനം ചെയ്തു. യുദ്ധംമൂലമായ വിലവര്‍ധന തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസഹമാക്കി. ഭൂപരിഷ്‌കരണ മേഖലയിലെ അപര്യാപ്തത കര്‍ഷകരെയും അസന്തുഷ്ടരാക്കിയിരുന്നു. പ്രാരംഭത്തില്‍ തന്നെ യുദ്ധത്തിനെതിരായ ഒരു നിലപാടാണ് ബൊള്‍ഷെവിക്കുകള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ സൈനികര്‍ പൊതുവെ ബൊള്‍ഷെവിക് ചായ്‌വുള്ളവരായിരുന്നു. സര്‍വസൈന്യാധിപനായിരുന്ന കോര്‍ണിലോഫ് കെറന്‍സ്‌കിയുടെ താല്‍ക്കാലിക ഭരണത്തിനെതിരെ ഒരു സൈനിക കലാപം നടത്തിയെങ്കിലും വിജയിച്ചില്ല; പക്ഷേ, അത് കെറന്‍സ്‌കി ഗവണ്മെന്റിന്റെ ഭരണപരവും രാഷ്ട്രീയവുമായ ബലഹീനതകളെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. അത് പിന്നെ സംഘര്‍ഷമായി വളര്‍ന്നു.

Related Articles

Post Your Comments


Back to top button