Latest NewsNewsEntertainment

ഇന്ദ്രൻസ് തുന്നിയ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ കുഞ്ഞു മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്; വികാരാധീനനായി സുരേഷ് ​ഗോപി

ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്

മലയാളികളുടെ ഇഷ്ടതാരം സുരേഷ്‌ഗോപിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ചുള്ള ഓർമ്മകളെ കുറിച്ച്‌ കോടീശ്വരൻ പരിപാടിയിൽ അദ്ദേഹം പറഞ്ഞിരുന്നു.

താരത്തിന്റെ ഈ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ശ്രീധരൻ എന്ന മൽസരാർഥിയെ മുന്നിലിരുത്തിയാണ് സുരേഷ് ഗോപി തന്റെ മരിച്ചു പോയ മകളെ കുറിച്ച്‌ പറഞ്ഞത്. ശ്രീധരനെ കാണാൻ ഇന്ദ്രൻസിനെ പോലെയുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. രസകരമായി പറഞ്ഞുതുടങ്ങിയ കഥ അവസാനിച്ചത് മരിച്ചുപോയ മകൾ ലക്ഷ്മിയുടെ ഓർമകളിലേക്കാണ്.

അന്നെനിയ്ക്ക്” ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മഞ്ഞയിൽ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ ‘മഞ്ഞൻ’ എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷർട്ട് എനിക്ക് തരണമെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തരികയും ചെയ്തു.

പക്ഷെ, 1992 ജൂൺ 6ന് മകളെയും ഭാര്യയെയും അനിയനെ ഏൽപിച്ച്‌ തിരിച്ചുപോകുമ്പോളാണ്…പിന്നെ മകളില്ല.. അന്നവൾ അപകടത്തിൽപ്പെടുമ്പോൾ ഞാൻ അണിഞ്ഞിരുന്നത് ഇന്ദ്രൻസ് നൽകിയ ആ മഞ്ഞ ഷർട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലിൽ എന്റെ മകളുടെ അടുത്തു നിൽക്കുമ്പോഴൊക്കെ വിയർപ്പ് നിറഞ്ഞ ആ ഷർട്ട് ആയിരുന്നു എന്റെ വേഷം. അതായിരുന്നു ഞാനിട്ടിരുന്നത്.

കൂടാതെ എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹം.” സുരേഷ് ഗോപി പറഞ്ഞ് നിർത്തി.

 

shortlink

Related Articles

Post Your Comments


Back to top button