KeralaLatest NewsNews

കുറ്റാലം കൊട്ടാരത്തിന് മേലുള്ള അവകാശ വാദവുമായി സർക്കാർ; വിട്ടുകൊടുക്കില്ലെന്ന് രാജകുടുംബം; അറിയാം ‘കുറ്റാലം’ അട്ടിമറിക്കഥ

എന്നാൽ കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുന്നയിച്ച്‌ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശികള്‍ നേരത്തേ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തിരുവനന്തപുരം: പിണറായി സർക്കാരും തിരുവിതാംകൂർ രാജകുടുംബവും വീണ്ടും നേർക്കുനേർ. തമിഴ്‌നാട്ടിലെ കുറ്റാലത്തുള്ള സ്ഥലം, കൊട്ടാരം, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയുടെ അവകാശി കേരളസര്‍ക്കാരാണെന്ന് തിരുനെല്‍വേലി ജില്ലാ റവന്യൂ ഓഫീസര്‍(ഡിആര്‍ഒ) ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുന്നതാണ് ഇതിന് കാരണം. തിരുനെല്‍വേലി ജില്ലാ റവന്യൂ ഓഫീസര്‍ ഉത്തരവിനെതിരെ പട്ടയപ്രശ്നം ഉന്നയിച്ച്‌ തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പിന്തുടര്‍ച്ചാവകാശി വീണ്ടും കോടതിയിലെത്തിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലെത്തിയത്. പട്ടയം കൈമാറ്റംചെയ്തത് ചോദ്യംചെയ്താണ് കൊട്ടാരം പ്രതിനിധി ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പേരിലായിരുന്ന പട്ടയം കൊട്ടാരം പ്രതിനിധികളറിയാതെ എങ്ങനെ സര്‍ക്കാരിലേക്കു മാറ്റിയെന്നതാണ് ഉന്നയിക്കുന്ന ചോദ്യം. ഈ കേസില്‍ വേണ്ടത്ര ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

എന്നാൽ കുറ്റാലം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുന്നയിച്ച്‌ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അനന്തരാവകാശികള്‍ നേരത്തേ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മധുര ബെഞ്ചിലുള്ള കേസ് പരിശോധിച്ച്‌ തീര്‍പ്പാക്കാന്‍ തിരുനെല്‍വേലി റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും സംസ്ഥാനത്തിന് അനുകൂലമായ ഉത്തരവുണ്ടാവുകയും ചെയ്തു. ഈ ഉത്തരവുപ്രകാരം, വര്‍ഷങ്ങളായി കൈവശമുള്ള 56.68 ഏക്കര്‍ സ്ഥലം, കൊട്ടാരം, മറ്റു കെട്ടിടങ്ങള്‍ എന്നിവയില്‍ കേരളത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. ഇതിനെതിരെയാണ് വീണ്ടും കേസ് കൊടുത്തത്. എന്നാല്‍ ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല.

അതിനിടെ കൊട്ടാരം മറിച്ചു വില്‍ക്കാനും ചില ശ്രമങ്ങളുണ്ട്. അറുപത് കോടി രൂപയ്ക്ക് കൊട്ടാര വില്‍പ്പന ഉറപ്പിച്ചെന്നാണ് സൂചന. ഇതു സംബന്ധിച്ച്‌ അഡ്വാന്‍സും ചിലര്‍ വാങ്ങി. ഇങ്ങനെ കൊട്ടാരം വാങ്ങാന്‍ ശ്രമിക്കുന്ന ആളാണ് ഇപ്പോള്‍ മധുര കോടതിയില്‍ കേസു നടത്താന്‍ മുന്നിലുള്ളത്. ഇതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ കേസില്‍ സജീവമാകാത്തതെന്നാണ് ഉയരുന്ന ആരോപണം. കേസ് പരിഗണിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ അവതരിപ്പിച്ചില്ലെങ്കില്‍ കേസില്‍ കേരളത്തിന് എതിരായ വിധി വരും. അങ്ങനെ വന്നാല്‍ സ്വകാര്യ വ്യക്തിക്ക് കൊട്ടാരം വില്‍ക്കാനും കഴിയും. ഇതിനുള്ള കള്ളക്കളികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്.

എന്നാൽ ഉദ്യോഗസ്ഥ അനാസ്ഥയാണ് ഭൂമിയും കൊട്ടാരവും നഷ്ടമാകുമെന്ന അവസ്ഥയിലെത്തിച്ചത്. പതിറ്റാണ്ടുകളായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കൈവശമായിരുന്ന കൊട്ടാരവും സ്ഥലവും സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നയാള്‍ കൈവശപ്പെടുത്താന്‍ ശ്രമം തുടങ്ങിയതോടെയാണ് അവകാശത്തര്‍ക്കം തുടങ്ങിയത്. കൊട്ടാരം സ്വന്തമാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഇടപെട്ട് തകര്‍ക്കുകയും സൂപ്രണ്ടിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പാണുണ്ടായത്. റവന്യൂവകുപ്പും ഇടപെട്ടു. ഇതോടെണ് കാര്യങ്ങള്‍ കേരളത്തിന് അനുകുലമായത്. ഇതിന് പിന്നാലെയാണ് വീണ്ടും മധുര ബഞ്ചില്‍ കേസെത്തിയത്. ഇവിടെ കേസ് മനപ്പൂര്‍വ്വം തോറ്റുകൊടുക്കാന്‍ ഒത്തുകളി നടക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

നേരത്തേ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ പേരിലാണ് കരം അടച്ചിരുന്നത്. ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പാണ് കരം അടയ്ക്കുന്നത്. ഇതിനിടെയാണ് വീണ്ടും ‘അവകാശത്തര്‍ക്കം’ കോടതി കയറുന്നത്. തീര്‍ത്തും കേരള സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ് കൊട്ടരമെന്ന് തിരുനെല്‍വേലി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ രേഖകള്‍ പരിശോധിച്ച്‌ കണ്ടെത്തിയ വസ്തുവാണ് ഇത്. ശതകോടികളുടെ മതിപ്പ് വില വരുന്ന ഭൂമിയാണ്. ഇതാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ചിലര്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിന് സര്‍ക്കാരും ഒത്താശ ചെയ്യുന്നതെന്നാണ് ഉയരുന്ന വാദം. കവടിയാര്‍ കൊട്ടാരത്തിനോട് ചേര്‍ന്ന ഭൂമി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റത് ഏറെ ചർച്ചയായിരുന്നു. ആദായ നികുതി വകുപ്പ് ഈ ഇടപാട് പരിശോധിക്കുകയാണ്. ഇതിനിടെയാണ് കുറ്റാലത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്നത്.

Read Also: മത്സരിക്കണ്ട… കാരാട്ട് ഫൈസലിനെ ഒഴിവാക്കി സിപിഎം

നിലവിൽ 300 കോടി രൂപ വിലവരുന്നതാണ് കുറ്റാലം കൊട്ടാരം. ഇത് വ്യാജരേഖ ചമച്ച്‌ കൈവശപ്പെടുത്തിയ ‘പാലസ് സൂപ്രണ്ട് ‘ പ്രഭു ദാമോദരനെ പുറത്താക്കിയതിനു പിന്നാലെ ‘പാലസ് സൂപ്രണ്ട് ‘ എന്ന തസ്തികയും നിറുത്തലാക്കി. കൊട്ടാരത്തിന്റെയും ഭൂമിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം കേരളത്തിനാണെന്ന് തിരുനെല്‍വേലി റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവുണ്ടായതിനു പിന്നാലെയാണ് കൊട്ടാരം തിരിച്ചുപിടിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. ഇത് അട്ടിമറിക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 1979 ഓഗസ്റ്റ് വരെ സൂപ്രണ്ടായിരുന്ന തമിഴ്‌നാട്ടുകാരനായ ദാമോദരതേവരുടെ മകന്‍ വേലായുധത്തിന്റെ സഹോദരപുത്രനാണ് പ്രഭു. 2007വരെ കൊട്ടാരത്തിന്റെ ചുമതലക്കാരനായിരുന്നു വേലായുധം. തുടര്‍ന്ന് താത്കാലിക ജീവനക്കാരനായി പ്രഭു എത്തി. എന്നാല്‍,? സ്ഥിരംജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അന്നേ നേടിയെടുത്തിരുന്നു. പ്രഭുവിനെ 2009ല്‍ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കി. 2015ല്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് കൊട്ടാരം തട്ടിയെടുക്കാനുള്ള നീക്കം നടന്നത്.

കുറ്റാലം വെള്ളച്ചാട്ടത്തിന് സമീപം ചെങ്കോട്ട റോഡിന്റെ ഇരുവശങ്ങളിലുമായാണ് കൊട്ടാരവും അനുബന്ധകെട്ടിടങ്ങളും സ്ഥതിചെയ്യുന്നത്. കൊട്ടാരത്തിന് പുറമെ പാലസ് അനക്സ്, ട്വിന്‍ ടെപ്പ് കെട്ടിടം, അമ്മ വക നാലുകെട്ട്, കൂലി ലൈന്‍ കെട്ടിടം, സ്‌കോര്‍പിയോണ്‍ ഹാള്‍, സെക്രട്ടറി ക്വാര്‍ട്ടേഴ്സ്, സൂപ്രണ്ട് ക്വാര്‍ട്ടേഴ്സ്, കോട്ടേജ് (1, 2, 3) എന്നീ 11 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പുനലൂര്‍ പൊതുമരാമത്ത് ഡിവിഷന്റെ കീഴിലാണ് കൊട്ടാരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാഥനില്ലാകളരിയായ കൊട്ടാരവും പരിസരവും സാമൂഹ്യ വിരുദ്ധരുടെ വിഹാര രംഗമായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button