KeralaLatest NewsNews

സീറ്റ് റിസര്‍വേഷന്‍ സംവിധാനവുമായി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി

മടക്ക യാത്രയില്‍ നിങ്ങളുടെ സീറ്റ് ഉറപ്പാക്കുകയും ചെയ്യാം

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വ്വീസില്‍ യാത്ര ചെയ്യുന്ന സ്ഥിരം യാത്രികര്‍ക്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തി. ഓര്‍ഡിനറികളിലെ സ്ഥിരം യാത്രികര്‍ക്ക് ഇനി മുതല്‍ സീറ്റ് റിസര്‍വ് ചെയ്ത് യാത്രയ്ക്ക് തയ്യാറെടുക്കാം. അഞ്ച് രൂപ നിരക്കില്‍ ഇതിനായുള്ള കൂപ്പണുകള്‍ ബസില്‍ തന്നെ കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് നല്‍കും. മാത്രമല്ല ഈ കൂപ്പണ്‍ ഉപയോഗിച്ച് മടക്ക യാത്രയില്‍ ബസില്‍ നിങ്ങളുടെ സീറ്റ് ഉറപ്പാക്കുകയും ചെയ്യാം.

ഒരു ദിവസം ഒരു ബസില്‍ മുപ്പതില്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല. ബാക്കിയുള്ള സീറ്റുകള്‍ റിസര്‍വേഷന്‍ കൂപ്പണില്ലാത്ത യാത്രക്കാര്‍ക്കായി മാറ്റിവെക്കും. വൈകുന്നേരത്തെ മടക്ക യാത്രയില്‍ റിസര്‍വേഷന്‍ കൂപ്പണുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനുള്ള മുന്‍ഗണന കണ്ടക്ടര്‍മാര്‍ തന്നെ ഉറപ്പാക്കും. മുന്‍ഗണന കൂപ്പണുകളില്‍ തീയതി, സീറ്റ് നമ്പര്‍, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തിയിരിക്കും. ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍ഗണനാ കൂപ്പണ്‍ പ്രകാരം യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ആ ഷെഡ്യൂളില്‍ അതേ റൂട്ടില്‍ പകരം മറ്റൊരു ബസ് കൂടി സര്‍വ്വീസ് നടത്താനുള്ള നിര്‍ദേശം യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പ് വരുത്തി കൂടുതല്‍ സ്ഥിരം യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ഓര്‍ഡിനറി സര്‍വ്വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്കയാത്രയില്‍ സീറ്റു ലഭിക്കാറില്ലെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button