KeralaLatest NewsNews

കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതെ : അവിടെ നിന്ന് ഒന്നും കണ്ടുപിടിയ്ക്കാനില്ല… വൈറലായി ധനമന്ത്രി തോമസ് ഐസകിന്റെ കുറിപ്പ്

തിരുവനന്തപുരം: കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതെ , അവിടെ നിന്ന് ഒന്നും കണ്ടുപിടിയ്ക്കാനില്ല.. വൈറലായി ധനമന്ത്രി തോമസ് ഐസകിന്റെ കുറിപ്പ്
കിഫ്ബിക്ക് എതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ചുമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘സംസ്ഥാനസര്‍ക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വെയ്ക്കുകയാണ് എന്നത് വ്യക്തമാണ്’. ഉന്നം സര്‍ക്കാരിനെ തകര്‍ക്കലാണെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണെന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : റെയ്ഡില്‍ സുപ്രധാന വിവരങ്ങള്‍ : സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നു : കുരുക്കിലായത് മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തന്‍…. അഴിമതിക്കാരും കള്ളന്‍മാരുമാണ് മന്ത്രിസഭയിലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കിഫ്ബി മസാല ബോണ്ട് അനുമതി നല്‍കിയത് ചട്ടം പാലിച്ചാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ, ഇഡിക്ക് വയറു നിറഞ്ഞു കാണുമോ ആവോ? കിഫ്ബിയുടെ പിന്നാലെ റഡാറുമായി ഇറങ്ങിയിട്ടുണ്ടെന്ന് പത്രപ്പരസ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് യഥാര്‍ത്ഥത്തില്‍ റിസര്‍വ് ബാങ്ക് പറഞ്ഞത്.

വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെത്തന്നെയാണ് കിഫ്ബി മസാലബോണ്ടു സ്വീകരിച്ചത്. ലോണെടുത്ത ശേഷവും വിനിയോഗം സംബന്ധിച്ച് റിസര്‍വ് ബാങ്കിനെ യഥാസമയം അറിയിച്ചിട്ടുണ്ട്. ഒരുകാര്യവും അവരില്‍ നിന്നോ മറ്റാരിലെങ്കിലും നിന്നോ മറച്ചുവെച്ചിട്ടില്ല. റഡാറുമെടുത്ത് മഷിനോട്ടത്തിനിറങ്ങിയ ഇഡി ചങ്ങാതിമാര്‍ അതു മനസിലാക്കണം. ഇവിടെ നിയമവിരുദ്ധമായി ആരും ഒന്നും ചെയ്തിട്ടില്ല.

നിങ്ങള്‍ ചുരുക്കി മനസിലാക്കേണ്ടത് ഇത്രയുമാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് ആര്‍ബിഐയെയാണ് നിയമം അധികാരപ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റ് ബോഡികള്‍ക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് ആര്‍ബിഐയ്ക്ക് ബോധ്യമായതുകൊണ്ടാണ് അവര്‍ അനുമതി തന്നത്.

ആക്സിസ് ബാങ്ക് വഴി സമീപിച്ചുകൊണ്ട് ആര്‍ബിഐയെ കിഫ്ബി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന വാദവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും നേരിട്ട് ആര്‍ബിഐയ്ക്ക് വിദേശ വായ്പയെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. ആര്‍ബിഐയുടെ ഓതറൈസ്ഡ് ഡീലര്‍ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്സിസ് ബാങ്ക്. ടെന്‍ഡറിലൂടെയാണ് അവരെ കിഫ്ബി തെരഞ്ഞെടുത്തതാണ്. ആര്‍ബിഐയുടെ എന്‍ഒസി ലഭിച്ചത് ജൂണ്‍ 1 ന്.

ആര്‍ബിഐയുടേത് തന്നത് എന്‍ഒസി അല്ലേ, അപ്രൂവല്‍ അല്ലല്ലോ എന്നും കുത്തിത്തിരിപ്പു നടത്താന്‍ ശ്രമമുണ്ട്. അതിലും കാര്യമില്ല. ആര്‍ബിഐ അപ്രൂവല്‍ തരുന്നത് എന്‍ഒസിയുടെ രൂപത്തിലാണ്. ഈ എന്‍ഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സര്‍ട്ടിഫിക്കറ്റായി എടുക്കാന്‍ പാടില്ലായെന്നാണ് അവസാന പാരഗ്രാഫില്‍ പറയുന്നത്. കിഫ്ബി ബോണ്ടുകളുടെ വായ്പായോഗ്യതയെക്കുറിച്ച് ആര്‍ബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്‌ക്ലൈമറിലൂടെ ചെയ്യുന്നത്. അതുറപ്പു വരുത്തേണ്ടത് നിക്ഷേപകരാണ്. അവര്‍ക്കുള്ള ഓഫറിങ് ലെറ്ററിലാണ് വിശദാംശങ്ങള്‍ കിഫ്ബി ലഭ്യമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് നിക്ഷേപകര്‍ വായ്പ നല്‍കുന്നത്. ഈ സാങ്കേതികത്വമൊന്നും അറിയാത്തവരാണ് എന്‍ഒസിയെന്നാല്‍ അപ്രൂവല്‍ അല്ല എന്ന് അലമുറയിടുന്നത്.

ഇനി, വിദേശവായ്പയ്ക്ക് ആര്‍ബിഐയുടെ എന്‍ഒസി മാത്രം പോര. ലോണ്‍ രജിസ്ട്രേഷന്‍ നമ്ബര്‍ ആര്‍ബിഐ അനുവദിക്കണം. ഇതിനുള്ള അപേക്ഷ നല്‍കിയത് 2019 മാര്‍ച്ച് 20നാണ്. മാര്‍ച്ച് 22ന് രജിസ്ട്രേഷന്‍ നമ്ബരും ലഭിച്ചു. മാര്‍ച്ച് 29ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ട് ലിസ്റ്റും ചെയ്തു.

കിഫ്ബി വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നകാര്യം ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചു എന്നും ആരോപിക്കുന്നവരുണ്ട്. ഒന്നും ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാര്‍ച്ച് 20ന് ലോണ്‍ രജിസ്ട്രേഷന്‍ നന്പര്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ കത്തില്‍ വായ്പ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ ഫോമില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.

ഇത്രയും കത്തിടപാടുകള്‍ ആര്‍ബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാര്‍ച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോണ്‍ രജിസ്ട്രേഷന്‍ നമ്ബര്‍ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കല്‍പ്പോലും സംശയമുണ്ടായിട്ടില്ല.

മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്, ഇനി ചെലവഴിക്കാന്‍ ബാക്കി എത്രയുണ്ട് എന്നൊക്കെയുള്ള കൃത്യമായ റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്ക് കിഫ്ബി നല്‍കണം. നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.

അതുകൊണ്ട് ആദ്യം പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്. ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല. പിന്നെയുള്ളത് വ്യാഖ്യാന സാധ്യതകളാണ്. സി ആന്‍ഡ് എജി നടത്തിയതുപോലുള്ള അസംബന്ധങ്ങള്‍ എഴുതിക്കൂട്ടാം. വാട്സാപ്പ് വഴി സന്ദേശമയച്ച് വാര്‍ത്തയുണ്ടാക്കാം. അതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല.

ഏതായാലും, സംസ്ഥാനസര്‍ക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വെയ്ക്കുകയാണ് എന്നത് വ്യക്തമാണ്. ഉന്നം സര്‍ക്കാരി നെ തകര്‍ക്കലാണ്. നമുക്കു നോക്കാം.

shortlink

Related Articles

Post Your Comments


Back to top button