KeralaLatest NewsNews

കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍, കൊള്ളച്ചിട്ടി ; കെഎസ്എഫ്ഇ ശാഖകളിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

ചിട്ടികളില്‍ വ്യാപക തട്ടിപ്പുകളാണ് നടക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്

തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍, കൊള്ളച്ചിട്ടി നടത്തല്‍ തുടങ്ങിയ ഗുരുതര ചട്ടലംഘനങ്ങളും ക്രമക്കേടുകളുമാണ് കെഎസ്എഫ്ഇയുടെ നാല്‍പ്പതോളം ശാഖകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ചായിരുന്നു ബചത് (സേവിങ്‌സ്) എന്ന പേരില്‍ റെയ്ഡ് നടത്തിയത്.

40 പേരെ ചേര്‍ക്കേണ്ട ചിട്ടികളില്‍ 25 മുതല്‍ 30 പേരെ വരെ മാത്രം ചേര്‍ത്തു ചിട്ടി ആരംഭിക്കുന്ന തരത്തിലുള്ള തട്ടിപ്പ് കണ്ടെത്തി. മാത്രമല്ല, ചിട്ടിയുടെ ആദ്യതവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമായി മാറ്റണമെന്നാണു ചട്ടമെന്നിരിക്കെ മിക്ക ശാഖകളും ഈ പണം വകമാറ്റി ചെലവിടുന്നുവെന്നും റെയ്ഡില്‍ കണ്ടെത്തി. ചിട്ടികളില്‍ വ്യാപക തട്ടിപ്പുകളാണ് നടക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ചില്‍ ഒരാള്‍ പ്രതിമാസം വിവിധ ചിട്ടികളിലായി ഒമ്പത് ലക്ഷവും മറ്റൊരാള്‍ നാലര ലക്ഷവും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മിക്ക ബ്രാഞ്ചുകളിലും ചിട്ടികളുടെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പൊള്ളച്ചിട്ടികളുടെ പേരില്‍ കെ.എസ്.എഫ്.ഇയുടെ തനത് ഫണ്ട് തന്നെ നഷ്ടപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 40 പേരുള്‍പ്പെട്ട ചിട്ടിയില്‍ 25 പേരെ മാത്രം ഉള്‍പ്പെടുത്തി നറുക്കെടുപ്പ് ആരംഭിക്കുകയും ബാക്കി 15 പേരുകള്‍ വ്യാജമായി ഉപയോഗിക്കുകയും അവരുടെ പണം തനത് ഫണ്ടില്‍ നിന്ന് ഇതില്‍ നിക്ഷേപിക്കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

പലയിടങ്ങളിലും നടത്തിയ പരിേശാധനകളില്‍ 20ലധികം ചിട്ടികളില്‍ ചേര്‍ന്നിട്ടുള്ളവര്‍ നിരവധിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ തങ്ങള്‍ ജോലി ചെയ്യുന്ന ബ്രാഞ്ചുകളിലെ ചിട്ടികളില്‍ ചേരരുതെന്നാണ് വ്യവസ്ഥയെങ്കിലും അതൊക്കെ ലംഘിച്ച് പല ജീവനക്കാരും സ്വന്തം ബ്രാഞ്ചുകളില്‍ നിരവധി ചിട്ടികളില്‍ ഒരേസമയം ചേര്‍ന്നിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ചിട്ടികളുടെ നടത്തിപ്പില്‍ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നെന്നും പരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button