Latest NewsNewsIndia

കര്‍ഷക സമരം: കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ

കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.

ന്യൂഡൽഹി: കര്‍ഷക സമരത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ. വിഷയത്തിൽ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയില്ലാതെയുള്ള ചില പ്രസ്താവനകൾ കനേഡിയൻ നേതാക്കൾ ഉന്നയിച്ചതായി കണ്ടു. പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യവുമായി ബന്ധപ്പെട്ടുള്ള ഈ പ്രസ്താവന അനാവശ്യമാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാത്തതാണ് നല്ലത്’- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കർഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ നിലകൊള്ളുകയെന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന. ഇന്ത്യയിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു. കർഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ അന്താരാഷ്ട്ര നേതാവും ട്രൂഡോയായിരുന്നു.

Read Also:  ഒരു വീണ്ടുവിചാരവും ഇല്ലേ’; ഷര്‍ട്ടിടാതെ മലയാളി അഭിഭാഷകൻ; താക്കീത് നൽകി സുപ്രീംകോടതി

ട്രൂഡോയുടെ പരാമർശത്തെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയിരുന്നു. കർഷക പ്രതിഷേധം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ താത്‌പര്യങ്ങൾക്കായി ഉപയോഗിക്കേണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. മറ്റുരാജ്യങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാഹചര്യം എത്തുന്നതിന് മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഡൽഹിയിലെയും ഹരിയാനയിലെയും വിവിധ ഇടങ്ങളിലായാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഡിസംബർ മൂന്നിന് ചർച്ചകൾക്കായി ക്ഷണിച്ചെങ്കിലും കർഷകർ ക്ഷണം നിരാകരിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button