Latest NewsNewsInternational

നാലു വര്‍ഷത്തില്‍ 37 കൊലപാതകം; 51 വര്‍ഷത്തിന് ശേഷം സോഡിയാക് കില്ലറുടെ രഹസ്യ കോഡിന്റെ അര്‍ത്ഥം കണ്ടെത്തി

1974ലാണ് പ്രതിയുടെ അവസാന കത്ത് ക്രോണിക്കിളിന് ലഭിക്കുന്നത്.

കാലിഫോര്‍ണിയ: നാലു വര്‍ഷത്തില്‍ 37 കൊലപാതകം, ഓരോ കൊലയ്ക്കു ശേഷവും മാധ്യമങ്ങള്‍ക്ക് കത്ത്, മാധ്യമചര്‍ച്ചകള്‍ക്കു മറുപടിക്കത്ത്. പക്ഷെ, 51 വര്‍ഷമായിട്ടും പ്രതി ആരെന്ന് മനസിലാക്കാന്‍ പോലും അമേരിക്കന്‍ പോലീസിന് കഴിഞ്ഞില്ല. സോഡിയാക്ക് കില്ലര്‍ എന്ന് അറിയപ്പെടുന്ന പ്രതിയുടെ കോഡ് ഭാഷയിലുള്ള കത്തുകളുടെ ഉള്ളടക്കം മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ പൊലീസ് പൊതുജനങ്ങളുടെ സേവനം തേടി. ഇപ്പോഴിതാ 51 വര്‍ഷത്തിന് ശേഷം സ്വകാര്യ അന്വേഷണ സംഘം ഒരു കത്തിന്റെ ഉള്ളടക്കം കണ്ടെത്തിയിരിക്കുന്നു.

1968 മുതല്‍ 1972 വരെയാണ് അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ സോഡിയാക്ക് കില്ലര്‍ തുടരെ കൊലപാതകങ്ങള്‍ നടത്തിയത്. അമേരിക്കന്‍ പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച്‌ ഒരു തുമ്ബു പോലും അവശേഷിപ്പിക്കാതെയായിരുന്നു കൊലപാതകം. 1969ല്‍ പോള്‍ സ്‌റ്റൈന്‍ എന്ന ടാക്‌സി ഡ്രൈവറെ വെടിവെച്ചു കൊന്നതിന് ശേഷം പരേതന്റെ വസ്ത്രത്തിന്റെ കഷ്ണം കൂടി ചേര്‍ത്ത് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ പത്രത്തിന് എഴുതിയ കോഡ് ഭാഷയിലുള്ള കത്തിന്റെ ഉള്ളടക്കമാണ് ഓസ്‌ട്രേലിയന്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ സാം ബ്ലേക്ക്, അമേരിക്കന്‍ ക്രിപ്റ്റോഗ്രാഫറായ ഡേവിഡ് ഓര്‍ച്ചാങ്ക്, ബെല്‍ജിയന്‍ വെയര്‍ഹൗസ് ഓപ്പറേറ്റായ ജാര്‍ വാന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also: വേലി തന്നെ വിളവ് മുടിച്ചാൽ; സിബിഐയ്ക്കുള്ളിലെ സ്വർണ്ണ കള്ളനെ കുടുക്കാൻ പോലീസ്

കത്തിലെ ചിഹ്നങ്ങള്‍ക്ക് പകരം ഏതൊക്കെ വാക്കു വരാമെന്നു പരിശോധിച്ചാണ് കോഡ് തെളിയിച്ചതെന്നു ഡേവിഡ് ഓര്‍ച്ചാങ്ക് പറയുന്നു. 340 ചിഹ്നങ്ങളുള്ളതിനാല്‍ ഈ കത്ത് ‘340 സൈഫ’ എന്നാണ് അറിയപ്പെടുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ 1950ലെ കോഡ് മാന്വവല്‍ രീതിയിലാണ് സോഡിയാക്ക് കില്ലര്‍ കത്തുകള്‍ തയ്യാറാക്കിയിരുന്നത്. പക്ഷെ, അമേരിക്കന്‍ സൈന്യത്തിന് പോലും ഈ കത്തുകളുടെ ഉള്ളടക്കം മനസിലാക്കാനായില്ല. സങ്കീര്‍ണ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് കത്ത് അന്വേഷണ സംഘം പരിശോധിച്ചത്. കത്തിലെ ചിഹ്നങ്ങള്‍ കോണോടു കോണ്‍ ചേര്‍ന്നു വായിക്കണമെന്നും കണ്ടെത്തി. ഓരോ പോയന്റിലും ഒരു വരി മുകളിലേക്ക് മാറുമെന്നും കണ്ടെത്തി.

കത്തിലെ രഹസ്യ ഉള്ളടക്കം

”എന്നെ പിടികൂടാനുള്ള ശ്രമത്തില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ടിവിയിലൂടെ എന്നെ കുറിച്ചുള്ള സൂചനകളെന്ന പേരില്‍ പറഞ്ഞതൊന്നും സത്യമല്ല” ”എന്നെ ഗ്യാസ് ചേമ്ബറിലിട്ട് കൊല്ലുന്നതിനെ ഞാന്‍ ഭയക്കുന്നില്ല. മരണശേഷം എത്രയും വേഗം ഞാന്‍ സ്വര്‍ഗത്തിലെത്തും. അവിടെയെനിക്ക് നിരവധി അടിമകളുണ്ട്. അടിമകളില്ലാത്തവരാണ് മരണത്തെ ഭയക്കുന്നത്”

”സ്വര്‍ഗത്തിലെ എന്റെ ജീവിതം കൂടുതല്‍ എളുപ്പമായിരിക്കും. അതിനാല്‍ എനിക്ക് മരണത്തെ ഭയമില്ല”. ഇങ്ങനെയാണ് കോഡ് ഭാഷയില്‍ സോഡിയാക് കില്ലര്‍ എഴുതിയത്. 51 വര്‍ഷങ്ങള്‍ക്കിപ്പുറവും സോഡിയാക് കില്ലര്‍ എന്ന പേരിനപ്പുറം യാതൊന്നും അമേരിക്കന്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. സ്വകാര്യ അന്വേഷകരുടെ സഹായത്തോടെ കത്തിലെ രഹസ്യകോഡ് പൊളിച്ചെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. 1974ലാണ് പ്രതിയുടെ അവസാന കത്ത് ക്രോണിക്കിളിന് ലഭിക്കുന്നത്. താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും മികച്ച ആക്ഷേപഹാസ്യമാണ് ‘ ദി എക്‌സോര്‍സിസ്റ്റ്’ എന്ന സിനിമ എന്നായിുന്നു കത്തിലുണ്ടായിരുന്നത്.

പ്രതിയെ ഇതുവരെ പിടികൂടാനാവാത്തതിനാല്‍ കേസന്വേഷണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കത്തിലെ വിവരങ്ങള്‍ മനസ്സിലായതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. തെളിവുകളില്ലാത്തതിനാല്‍ 2004 ല്‍ സാന്‍ഫ്രാന്‍സിസ്കോ പൊലീസ് ക്ലോസ് ചെയ്ത കേസ് 2007 ല്‍ വീണ്ടും റീ ഓപ്പണ്‍ ചെയ്യുകയായിരുന്നു. നിരവധി സിനിമകളും ടിവി സീരിയലുകളും സോഡിയാക് കില്ലറെ കുറിച്ചും കേസ് അന്വേഷണത്തെ കുറിച്ചും പുറത്തിറങ്ങിയിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ സോഡിയാക് എന്ന സിനിമയാണ് ഇതില്‍ ശ്രദ്ധേയം. ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത ചിത്രം 21ാം നൂറ്റാണ്ടിലെ മികച്ച സിനിമകളിലൊന്നായി ബിബിസി തിരഞ്ഞെടുത്തിരുന്നു.

shortlink

Post Your Comments


Back to top button