Latest NewsKeralaNews

മത്സരിച്ച് മുദ്രാവാക്യം വിളിച്ച് എല്‍.ഡി.എഫ് , ബി.ജെ.പി പ്രവർത്തകർ ; ആവേശമായി സത്യപ്രതിജ്ഞ ചടങ്ങ്

തിരുവനന്തപുരം: മത്സരിച്ച് മുദ്രാവാക്യം വിളിച്ച് ബിജെപി, എൽഡിഎഫ് പ്രവർത്തകർ നിറഞ്ഞുനിന്നതോടെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ആദ്യാവസാനംവരെ ആവേശം ആര്‍ത്തിരമ്പി.

Read Also : ഓഹരിവിപണിയിൽ വന്‍ മുന്നേറ്റം ; വിദേശ നിക്ഷേപത്തിൽ നേട്ടം കൊയ്ത് ഇന്ത്യ

ജയ് ശ്രീറാം മുഴക്കിയും ഭാരത്‌മാതാ കി ജയ് വിളിച്ചും ബി.ജെ.പി ആവേശം ഇരട്ടിയാക്കിയപ്പോള്‍, രക്ഷസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും വിജയികള്‍ക്ക് റെഡ് സല്യൂട്ട് നല്‍കിയും എല്‍.ഡി.എഫും വീര്യം നിറച്ചു. ആവേശം അതിരുവിട്ടപ്പോള്‍ വരണാധികാരി കൂടിയായ കളക്ടര്‍ നവ്ജ്യോത് ഖോസയ്ക്ക് ഇടപെടേണ്ടിവന്നു.

അതേസമയം യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗം നിശ്ബദമായിരുന്നു. മൂന്ന് സ്വതന്ത്രര്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. കൗണ്‍സിലിലെ മുതിര്‍ന്ന അംഗമായ അശോക്‌കുമാറിനെ സത്യപ്രതിജ്ഞയ്ക്കായി കോര്‍പറേഷന്‍ സെക്രട്ടറി കെ.യു. ബിനി പേരുവിളിച്ചതോടെ കൈയടികള്‍ ഉയര്‍ന്നു.

പിന്നാലെ വാര്‍ഡുകളുടെ ക്രമം അനുസരിച്ച്‌ ആദ്യം കഴക്കൂട്ടത്തെ കവിത. എല്‍.എസ് ചുമതലയേറ്റു. ഇതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളി തുടങ്ങി. അഞ്ചാമതായി ചെറുവയ്ക്കലിലെ ബിന്ദുവിന്റെ പേര് വിളിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകരും കളം നിറഞ്ഞു.

സി.പി.എമ്മിലെ മുതിര്‍ന്ന വനിതാ നേതാവും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരൂര്‍ക്കടയിലെ പി. ജമീല എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. വട്ടിയൂര്‍ക്കാവിലെ പാര്‍വതിക്ക് വേണ്ടിയും അഭിവാദ്യമുയര്‍ന്നു. കൊടുങ്ങാനൂരിലെ പത്മയുടെ പേര് വിളിച്ചതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബദല്‍ മുദ്രാവാക്യം വിളിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റും പൂജപ്പുരയിലെ കൗണ്‍സിലറുമായ വി.വി. രാജേഷിനെ ക്ഷണിച്ചതോടെ പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു. മുദ്രാവാക്യംവിളി അവസാനിക്കുന്നത് കാത്തുനിന്ന ശേഷമാണ് രാജേഷ് സത്യപ്രതിജ്ഞ ചെയ്‌തത്. പിന്നാലെ വലിയശാലയിലെ കൃഷ്‌ണകുമാറിന്റെ പേര് വിളിച്ചതോട മുദ്രാവാക്യം വിളിച്ച്‌ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പകരംവീട്ടി.

കരമനയിലെ മഞ്ജുവിനായി ബി.ജെ.പി പ്രവര്‍ത്തകര്‍ തോരാതെ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഇടത് അംഗങ്ങളായ ആറന്നൂരിലെ ബിന്ദുമേനോനും മുടവന്‍മുകളില്‍ നിന്നുള്ള കൗണ്‍സിലെ പ്രായം കുറഞ്ഞ അംഗം കൂടിയായ ആര്യാ രാജേന്ദ്രനും എത്തിയതോടെ ഈ മണ്ണ് ചുവപ്പാണെന്ന വിളികള്‍ വീണ്ടും ഉയര്‍ന്നു. നേമത്തെ ബി.ജെ.പി അംഗം ദീപികയ്ക്ക് പിന്തുണ അറിയിച്ച പ്രവര്‍ത്തകര്‍ ഈ മണ്ണ് ചുവന്നിട്ടില്ലെന്നും കാവിക്കോട്ടയാണെന്നും തിരിച്ചടിച്ചു. ഇതോടെ കളക്ടര്‍ നവ്‌ജ്യോത് ഖോസ ഇടപ്പെട്ടു. കൗണ്‍സിലിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും അതിരുവിട്ട മുദ്രാവാക്യം വിളികള്‍ പാടില്ലെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. മേലാങ്കോട് വാര്‍ഡിലെ ശ്രീദേവിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ആവേശഭരിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടുവട്ടം ജയ് ശ്രീറാമെന്ന് ആര്‍ത്തുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button