News

സത്യം മൂടിവെയ്ക്കാനാകില്ല, അഭയയ്ക്ക് നീതി; കേസിന്റെ നാൾ വഴികൾ

രാജ്യം തന്നെ ഉറ്റുനോക്കിയ കൊലപാതകത്തിന്റെ നാൾവഴികളിലേക്ക്.

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം അഭയയ്ക്ക് നീതി. അഭയ കൊല്ലപ്പെട്ട് 28 വർഷം തികയുമ്പോൾ അഭയയുടെത് കൊലപാതകം തന്നെയെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പ്രതികളായ സിസ്റ്റർ സെഫിയും ഫാദർ ജോസഫും കുറ്റക്കാരെന്ന് കോടതി വിധി. രാജ്യം തന്നെ ഉറ്റുനോക്കിയ കൊലപാതകത്തിന്റെ നാൾവഴികളിലേക്ക്.

1992 മാർച്ച് ‌ 27 – കോട്ടയം പയസ്‌ ടെൻത് കോൺവെന്റ്‌ വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി.

1992 ഏപ്രില്‍ 14 – കേസ് ക്രൈം ബ്രാഞ്ചിന്‌ കൈമാറി.

1993 ജനുവരി 30 – സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ ഹാരജാക്കി.

1993 മാർച്ച് 29 – ഹൈക്കോടതി നിർദ്ദേശ പ്രകാരം കേസ്‌ സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ്‌ പി തോമസിനായിരുന്നു അന്വേഷണ ചുമതല.

ആത്മഹത്യയെന്ന ക്രൈംബ്രാഞ്ച് വാദം ശരിയല്ലെന്ന് സിബിഐ കണ്ടെത്തൽ.

1994 ജനുവരി 19 – അഭയ ആത്മഹത്യ ചെയ്തതാണെന്ന റിപ്പോർട്ട് നൽകാൻ സിബിഐ എസ് പി വി ത്യാഗരാജൻ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി വർഗീസ് പി തോമസിന്റെ പത്രസമ്മേളനം.

1994 മാർച്ച് 17 – ജോയിന്റ് ഡയറക്ടർ എംഎൽ ശർമ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല.

1996 നവംബർ 26 – കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സിബിഐ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

1997 ജൂലൈ 12 – കൊലപാതകം തന്നെയെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണ്ണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചുവെന്നും ആയതിനാൽ പ്രതികളെ പിടികൂടാൻ സാധിച്ചില്ലെന്നും സിബിഐ കോടതിയിൽ.

2000 ജൂൺ 23 – കേസ് പുനരന്വേഷണത്തിന് പുതിയ സംഘം എത്തുന്നു. ബ്രെയിൻ ഫിംഗർപ്രിന്റ് സാധ്യതകൾ ഉപയോഗിക്കാനും ഉത്തരവ്.

2001 മെയ് 18 – അഭയകേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് സിബിഐയോട് ആവശ്യപ്പെട്ട് ഹൈക്കോടതി.

2005 ആഗസ്റ്റ് 30- സിബിഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചു.

2006 ആഗസ്റ്റ് 21- കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവ്.

2007 ഏപ്രിൽ മെയ് മാസങ്ങളിൽ അഭയുടെ ആന്തരികഅവയവ പരിശോധനയിൽ തിരുത്തൽ നടന്നെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമായി.

2008 നവംബർ 18 – കേസിലെ പ്രതികളായ ഫാദർ തോമസ കോട്ടൂരിനെയും ഫാദർ ജോസ് പിതൃക്കയിലിനെയും സിസ്റ്റർ സ്റ്റെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു.

ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ശാരീരിക ബന്ധത്തിലേർപ്പെട്ടത് കണ്ടതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് കുറ്റപത്രം.

2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സിബിഐ മർദ്ദിച്ചതായി ആരോപണം.

2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.

2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നു.

2009 ജൂലായ് 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2018 മാർച്ച് 7- ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി.

2019 ആഗസ്റ്റ് 26 – വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചു. 49 സാക്ഷികളെ വിസ്തരിച്ചു.

2020 ഡിസംബർ 10 – വിചാരണ പൂർത്തിയാക്കി തിരുവനന്തപുരം സിബിഐ കോടതി വിധി പ്രസ്ഥാവത്തിന് കേസ് മാറ്റി.

2020 ഡിസംബർ 22 – കേസിൽ നിർണ്ണായക വിധി കോടതി പ്രസ്താവിച്ചു. പ്രതികൾ കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button