KeralaLatest NewsNews

‘കാപ്പന് പതിനൊന്നര കോടി കടം, പാവത്തെ കൊല്ലരുത്’; എല്‍ഡിഎഫില്‍ നിന്ന് ആനുകൂല്യം കിട്ടുമോയെന്ന് പിസി ജോര്‍ജ്

കാപ്പനെ പറ്റിയുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന് വയ്ക്കുക. അയാള്‍ അയാളുടെ വഴിക്ക് പോയി ജീവിക്കട്ടേ.

കോട്ടയം: മാണി സി കാപ്പന് പതിനൊന്നര കോടി രൂപ കടമുണ്ടെന്നും ചര്‍ച്ച നടത്തി ആ പാവത്തെ കൊല്ലരുതെന്നും ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ആ മനുഷ്യന്‍ എല്‍ഡിഎഫില്‍ നിന്ന് മാറാന്‍ പോകുമെന്ന് പറഞ്ഞ് പ്രചരണം കൊടുത്താല്‍ എന്തെങ്കിലും ആനുകൂല്യം അദ്ദേഹത്തിന് കിട്ടുമോയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഒരു ടിവി ചാനൽ പരിപാടിക്കിടെയാണ് അദ്ദേഹം മാണി സി കാപ്പനെതിരെ പരാമർശം നടത്തിയത്.

പിസി ജോര്‍ജിന്റെ വാക്കുകള്‍:

”എനിക്കറിയാം, മാണി സി കാപ്പന് ഒരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ പതിനൊന്നര കോടി രൂപ കടമാണ്. മുടിഞ്ഞിരിക്കുകയാണ്. ഇപ്പോഴും ആരെങ്കിലും ചോദിച്ചാല്‍ പണം കൊടുക്കും, അത്രയ്ക്കും ശുദ്ധനാണ്. നമ്മള്‍ ഈ ചാനല്‍ ചര്‍ച്ച നടത്തി ആ പാവത്തെ കൊല്ലരുത്. അയാള്‍ എവിടെയെങ്കിലും പോയി ഇരിക്കട്ടെ. കള്ളനല്ല. ശുദ്ധനായ മനുഷ്യനാണ്. ഇപ്പോള്‍ ആ മനുഷ്യന്‍ എല്‍ഡിഎഫില്‍ നിന്ന് മാറാന്‍ പോകുമെന്ന് പ്രചരണം കൊടുത്താല്‍ എന്തെങ്കിലും ആനുകൂല്യം കിട്ടുമോ. ദൈവത്തെ ഓര്‍ത്ത് നികേഷ് മാണി സി കാപ്പനെ നശിപ്പിക്കരുത്. ഇങ്ങനെയൊരു ചര്‍ച്ച നടത്തിയത് തന്നെ സങ്കടകരം. കാപ്പനെ പറ്റിയുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന് വയ്ക്കുക. അയാള്‍ അയാളുടെ വഴിക്ക് പോയി ജീവിക്കട്ടേ.”

”അദ്ദേഹം എംഎല്‍എയായി, ഇനി അദ്ദേഹം മന്ത്രിയോ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ആയിക്കോട്ടേ. എനിക്കൊരു കുഴപ്പവുമില്ല. പക്ഷെ നടക്കുന്ന കാര്യം വേണ്ടേ പറയാന്‍. ആദ്യം ഇരിക്കട്ടെ. എന്നിട്ട് കാല് നീട്ട്. അല്ലെങ്കില്‍ ചന്തിയും തല്ലി വീഴും. പോക്കാണ്. അതുകൊണ്ട് സൂക്ഷിക്കുക. ഇപ്പോഴത്തെ നിലയില്‍ കാപ്പന്‍ ഒന്നുകൂടി ശ്രദ്ധിച്ചു പോയില്ലെങ്കില്‍ വലിയ അപകടമുണ്ടാകും. എനിക്ക് അറിയാവുന്ന പഞ്ചായത്തുകളാണ്. ജീവിതകാലം മുഴുവന്‍ കെഎം മാണിയുടെ കൈയിരുന്ന പഞ്ചായത്ത് മുത്തോളി ബിജെപി കൊണ്ടുപോയി. പാലായിലെ രാഷ്ട്രീയമാറ്റം വലിയ വലുതാണ്.”

Read Also: അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങലേക്ക്; ഇന്ത്യയിൽ രണ്ടുവയസ്സുകാരിയിലും സ്ഥിരീകരിച്ചു

പിജെ ജോസഫിനെ വിമര്‍ശിച്ചും പിസി ജോര്‍ജ് രംഗത്തെത്തി. ജോസഫ് പറയുന്നത് എല്ലാം അബദ്ധങ്ങളാണെന്നും അതില്‍ എന്ത് ചെയ്യാനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍: ”ഞാന്‍ കാപ്പനുമായി അടുത്ത ബന്ധമുള്ളയാളാണ്. എന്നോട് പറഞ്ഞു, ഒരു ചര്‍ച്ചയുണ്ട്. അതിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഞാന്‍ പറയില്ല. ചര്‍ച്ചയിലെ കാര്യങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ യുഡിഎഫിലേക്ക് പോയേക്കാമെന്നാണ് എന്നോട് പറഞ്ഞത്. പിജെ ജോസഫിന് ഇപ്പോള്‍ എന്താണ് ബോധോദയമെന്ന് അറിയില്ല. ജോസഫാണോ യുഡിഎഫിന്റെ കാര്യം തീരുമാനിക്കുന്നത്. അദ്ദേഹത്തിന് ചില മനപ്രയാസങ്ങളുണ്ട്. അത് എന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഒരാഴ്ച കഴിഞ്ഞു പറയാം. ആ മനപ്രയാസത്തിന് തട എന്ന രീതിയില്‍ ജോസഫ് കേറ്റിയടിച്ചതാണ് ഈ കാര്യങ്ങള്‍. യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് ജോസഫാണോ. ജോസഫിന്റെ സീറ്റ് തീരുമാനിക്കാന്‍ തന്നെ ജോസഫിന് പറ്റുന്നില്ല. പിന്നെയാണ്് യുഡിഎഫിന്റേത് തീരുമാനിക്കുന്നത്. യുഡിഎഫ് കണ്‍വീനറാണ് സ്ഥാനാര്‍ത്ഥിയാരാണെന്ന് പറയുന്നത്. അതില്‍ ജോസഫിന് എന്ത് കാര്യം. ജോസഫിന്റെ കളിയെന്തെന്നാണ് എനിക്കറിയാം. ഇവിടെ വേറെ സ്ഥാനാര്‍ത്ഥി വരുമെന്ന് അദ്ദേഹത്തിന് പേടിയുണ്ട്. പല ചര്‍ച്ചകളും യുഡിഎഫ് നടത്തുന്നുണ്ട്. അതുകൊണ്ട് ജോസഫ് മുന്‍പേ കേറി എറിഞ്ഞതാണ്. വിവരകേട് എന്ന് അല്ലാതെ എന്ത് പറയാനാണ്.

യുഡിഎഫ് തീരുമാനിക്കേണ്ട സീറ്റ് കാര്യം ജോസഫ് കേറി മുന്‍പേ പറഞ്ഞത് എന്തിനാണ്. എന്‍സിപി ഇപ്പോള്‍ യുഡിഎഫില്‍ വന്നിട്ടില്ല. യുഡിഎഫില്‍ വന്നുകഴിഞ്ഞാല്‍ തന്നെ കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പറയാന്‍ ജോസഫിന് എങ്ങനെ സാധിക്കും. അല്ലെങ്കില്‍ എംഎം ഹസന്‍ പറയട്ടേ. അല്ലെങ്കില് കെപിപിസിസി പ്രസിഡന്റ് പറയട്ടേ, അല്ലെങ്കില്‍ രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ പറയട്ടേ. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ജോസഫ് ആരെയോ ബ്ലോക്ക് ചെയ്യാനാണ് കളിക്കുന്നത്. ചെണ്ട അടിക്കാന്‍ പോകുമെന്നാണ് പറയുന്നത്. നാണം വേണ്ടേ. ചെണ്ട സ്വതന്ത്രചിഹ്നമാണ്. ജോസഫിന്റ പാര്‍ട്ടിയേതാ. അവര്‍ മോന്‍സും ജോസഫും സ്വതന്ത്ര എംഎല്‍എമാരാണ്. ഒരു പാര്‍ട്ടി പോലുമല്ല. ഹൈക്കോടതി വിധി പ്രകാരം തെരഞ്ഞെടുപ്പ് കമീഷന്‍ ചിഹ്നവും പാര്‍ട്ടി പേരും ജോസിന് കൊടുത്തു. നേരത്തെ പാര്‍ട്ടിയുണ്ടാക്കി, ജോസഫ് ഗ്രൂപ്പ് എന്ന് മാത്രമാണ്. മോന്‍സ് പാവം എംഎല്‍എയാണ്. നല്ല എംഎല്‍എയായിരുന്നു. മോന്‍സിനെ ജോസഫ് നശിപ്പിച്ചു. മുന്‍പ് ഒരിക്കല്‍ പറഞ്ഞു, ഒരു സിനിമ നടനെ ചെണ്ടയടിയുടെ ഏതാണ്ടാക്കാന്‍ പോകുന്നുവെന്നാണ്. കേട്ടപ്പോള്‍ തന്നെ ചിരിച്ച് പോയി. ജോസഫ് ഇങ്ങനെ അബദ്ധങ്ങള്‍ പറയരുതെന്നാണ് ഞാന്‍ പറയുന്നത്. അബദ്ധങ്ങള്‍ പറഞ്ഞ് നടക്കുന്നതിന് എന്ത് ചെയ്യാനാണ്.”

നിയമസഭാതെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്നാണ് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. ശരദ് പവാറിന്റെ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ് മാണി സി കാപ്പന്‍ എത്തുകയെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് എല്‍ഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് പലഘട്ടങ്ങളിലായി മാണി സി കാപ്പന്‍ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ എന്‍സിപി ഔദ്യോഗിക നേതൃത്വത്തെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും അടുത്ത നീക്കങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button