KeralaLatest NewsNews

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും ; ക്രമീകരണങ്ങള്‍ ഇങ്ങനെ

സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന

തിരുവനന്തപുരം : ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ആദ്യ ഘട്ടത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

പൊതു പരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയ നിവാരണം, റിവിഷന്‍ എന്നിവയായിരിക്കും ആദ്യം നടക്കുന്നത്. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരേ സമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും വിധം ക്രമീകരണം നടത്താം. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്നു മണിക്കൂര്‍ എന്ന രീതിയിലാണ് പഠനം. കൊവിഡ് ബാധിതരുടെ വീട്ടിലുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍മീറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അധ്യാപകര്‍ ക്ലാസെടുക്കും. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button