KeralaLatest NewsNews

ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് പ്രിന്‍സിപ്പല്‍ ; സ്‌കൂളിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആരോഗ്യവകുപ്പ് അടപ്പിയ്ക്കുകയായിരുന്നു

മഞ്ചേരി : ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് പ്രിന്‍സിപ്പല്‍ എത്തിയതിനെ തുടര്‍ന്ന് സ്‌കൂളിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസുകള്‍ തുടങ്ങാനിരിക്കെയായിരുന്നു പ്രിന്‍സിപ്പല്‍ സ്‌കൂളിലെത്തിയത്. ഇതോടെ മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആരോഗ്യവകുപ്പ് അടപ്പിയ്ക്കുകയായിരുന്നു.

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തുമ്പോള്‍ പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫീസില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. നിരവധി അധ്യാപകരും രക്ഷിതാക്കളും പ്രിന്‍സിപ്പലുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പലിനും ഭാര്യയ്ക്കും കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല രോഗം ബാധിച്ച് ഇവരുടെ കുടുംബത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇവരോട് ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതു വകവയ്ക്കാതെ പ്രിന്‍സിപ്പലും ഭാര്യയും മരണ വീട്ടിലും സ്‌കൂളിലും എത്തുകയായിരുന്നു. പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുള്ള അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരാഴ്ച്ചത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇവരുടെ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button