Latest NewsNewsIndia

20 ലക്ഷം രൂപ ഗ്രാന്റ് നേടാന്‍ ആര്‍മി ക്യാപ്റ്റന്‍ നടത്തിയത് ‘വ്യാജ ഏറ്റുമുട്ടല്‍ നാടകം’

നിലവില്‍ ഭൂപേന്ദ്ര സിംഗിനും മറ്റൊരു ഉദ്യോഗസ്ഥനുമെതിരെ സൈന്യം കോടതി നടപടികള്‍ നടത്തുന്നുണ്ട്

ശ്രീനഗര്‍ : സിവിലിയന്‍ ഇന്‍ഫോര്‍മറുകളുടെ സഹായത്തോടെ 62 ആര്‍ആര്‍ റെജിമെന്റിന്റെ ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിംഗ് ജൂലൈ 8ന് കാശ്മീരിലെ അംഷിപോറയില്‍ നടത്തിയ ഏറ്റുമുട്ടല്‍ ഒരു ”നാടകം” ആയിരുന്നുവെന്ന് കരസേന കോടതിയും ജമ്മു കാശ്മീര്‍ പോലീസും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തീവ്രവാദികളെ കൊല്ലുന്നതിന്റെ പ്രതിഫലമായി സൈന്യം നല്‍കുന്ന 20 ലക്ഷം രൂപയുടെ ക്യാഷ് ബൗണ്ടി നേടാനാണ് ആപ്പിള്‍ തോട്ടങ്ങളില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയത്.

ഇതിനായി ഷോപ്പിയാന്‍ നിവാസിയായ തബീഷ് നസീര്‍, പുല്‍വാമയില്‍ താമസിയ്ക്കുന്ന ബിലാല്‍ അഹമ്മദ് എന്നീ ഇന്‍ഫോര്‍മര്‍മാര്‍ക്ക് വന്‍ തുക നല്‍കിയിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമര്‍പ്പിച്ച 300 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

നിലവില്‍ ഭൂപേന്ദ്ര സിംഗിനും മറ്റൊരു ഉദ്യോഗസ്ഥനുമെതിരെ സൈന്യം കോടതി നടപടികള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 28-ന് രണ്ട് സിവിലിയന്‍ ഇന്‍ഫോര്‍മര്‍മാര്‍ക്കെതിരെ ഷോപ്പിയാന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ്, സെഷന്‍സ് ജഡ്ജി സിക്കന്ദര്‍ ആസാം എന്നിവരുടെ മുമ്പാകെ എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിംഗ്, രണ്ട് സിവിലിയന്‍ ഇന്‍ഫോര്‍മര്‍മാര്‍ക്കൊപ്പം ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചു. പിന്നീട് അവരുടെ വ്യക്തിത്വം മറച്ചു വെയ്ക്കുകയും ആയുധങ്ങള്‍ അവരുടെ ശരീരത്തില്‍ വെച്ച് അവര്‍ തീവ്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തുവെന്നുമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിയ്ക്കുന്നത്.

ഏറ്റുമുട്ടല്‍ നടത്താന്‍ അവര്‍ രണ്ട് ഇന്‍ഫോര്‍മര്‍മാരോടൊപ്പം തങ്ങളുടെ ക്യാമ്പില്‍ നിന്ന് പുറപ്പെട്ടു. പക്ഷേ പിന്നീട് ഒരു വെടിവെയ്പ്പ് കേട്ടെന്ന് സിംഗിന്റെ ടീമിലെ നാല് ഉദ്യോഗസ്ഥര്‍ എസ്ഐടിക്ക് മുമ്പാകെ മൊഴി നല്‍കി. സുബേദാര്‍ ഗരു റാം, ലാന്‍സ് നായക് രവി കുമാര്‍, ശിപായിമാര്‍ അശ്വിനി കുമാര്‍, യൂഗേഷ് എന്നിവരാണ് മൊഴി നല്‍കിയത്. ‘തീവ്രവാദികള്‍’ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവെയ്ക്കാന്‍ നിര്‍ബന്ധിതനായി എന്ന് സിംഗ് പിന്നീട് ന്യായീകരിച്ചു. കുറ്റകൃത്യം ആസൂത്രണം ചെയ്യുമ്പോഴും നടത്തുമ്പോഴും സിംഗ് ‘മേജര്‍ ബഷീര്‍ ഖാന്‍’ എന്ന മറ്റൊരു പേര് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button