Latest NewsKeralaNews

‘ ഞങ്ങളെ വിട്ടിട്ടു പോകല്ലേ സാര്‍ ‘ ; പ്രിയപ്പെട്ട കളക്ടര്‍ നൂഹ് മടങ്ങുമ്പോള്‍ പത്തനംതിട്ട ഒരുമിച്ച് പറയുന്നു

2018 ജൂണ്‍ മൂന്നിനാണ് പി.ബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്

പത്തനംതിട്ട : ‘ ഞങ്ങളെ വിട്ടിട്ടു പോകല്ലേ സാര്‍’ പ്രിയപ്പെട്ട കളക്ടര്‍ നൂഹ് മടങ്ങുമ്പോള്‍ പത്തനംതിട്ട ഒരുമിച്ച് പറയുകയാണ്. പത്തനംതിട്ടക്കാര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടയാളായിരുന്നു പി.ബി നൂഹ്. പത്തനംതിട്ടയിലുണ്ടായിരുന്ന പല നിര്‍ണായക പ്രശ്‌നങ്ങള്‍ക്കും പൊതുജനങ്ങളോടൊപ്പം നിന്ന് പരിഹരിയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ഈ വിട പറയല്‍ പത്തനംതിട്ടക്കാരെ ഒന്നടങ്കം വിഷമത്തിലാക്കുന്നത്.

2018 ജൂണ്‍ മൂന്നിനാണ് പി.ബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തോളം കളക്ടറായിരുന്ന നൂഹ് ജില്ലയില്‍ നിന്ന് മടങ്ങുമ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം അടക്കമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹമെടുത്ത നിലപാടുകളാണ് ശ്രദ്ധേയം. സര്‍വീസ് ജീവിതത്തില്‍ പകരം വെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നല്‍കിയതെന്ന് കളക്ടറും പറയുന്നു. പ്രതിസന്ധികള്‍ മറികടക്കാനായത് നാടിന്റെ പിന്തുണയാലാണ്. ജനങ്ങളില്‍ വിശ്വാസം സൃഷ്ടിക്കാനായതിനാലാണ് പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിയതെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

മഹാപ്രളയത്തിനു മുന്നില്‍ നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയില്‍ നാടൊന്നടങ്കം ഞെട്ടിയിരുന്നു. രോഗത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി നൂഹ് മുന്നില്‍ നിന്നു. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്നതും സവിശേഷതയായിരുന്നു.

മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിടെയാണ് പുതിയ നിയമനം. മകരവിളക്ക് കണ്ട് നൂഹ് പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കും. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button