KeralaLatest NewsNews

ഹിന്ദുവിന്റെ അവകാശം സംഘപരിവാറിനും മുസ്ലിമിന്റെ അവകാശം ലീഗിനും പതിച്ച് കൊടുത്തിട്ടില്ല, പി.വി.അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കുക എന്നത് ഇന്ന് ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും പ്രധാനപ്പെട്ട ഹിഡന്‍ അജന്‍ഡയായി മാറിയിരിക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ട്. ഹിന്ദു സമൂഹത്തിന്റെ അവകാശം സംഘപരിവാറിനും മുസ്ലീം സമൂഹത്തിന്റെ അവകാശം ലീഗിനും ആരും പതിച്ച് കൊടുത്തിട്ടില്ല. ഈ മണ്ണില്‍ ഇന്നും മതേതര വാദമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ആയിരങ്ങളുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

Read Also : വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ച സംഭവം; പുതിയ ഉത്തരവുമായി കോടതി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

 

നാദാപുരത്ത് വ്യാജപ്രചരണം നടത്തി ഇന്തുള്ളില്‍ ബിനു എന്ന ഒരു അന്യമതസ്ഥന്റെ ജീവനെടുക്കാന്‍ (കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു എന്ന ഒറ്റ കാരണം കൊണ്ട്)മതത്തെ ഉപയോഗിച്ചത് ഏത് മതേതര പാര്‍ട്ടിയാണെന്ന് കാലം പിന്നീട് തെളിയിച്ചിട്ടുണ്ട്. സ:എ.വിജയരാഘവനെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കുക എന്നത് ഇന്ന് ചില മാധ്യമങ്ങളുടെയും വ്യക്തികളുടെയും പ്രധാനപ്പെട്ട ഹിഡന്‍ അജന്‍ഡയായി മാറിയിരിക്കുന്നു. അത് വഴി ഇടതുപക്ഷത്തെ അങ്ങ് കൈകാര്യം ചെയ്തുകളയാം എന്നതാണിവരുടെ ഒക്കെ ധാരണ.നിങ്ങള്‍ക്ക് കണക്കെടുക്കാം.

കേരളത്തിന്റെ മണ്ണില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത വേരുറപ്പിക്കാന്‍ തടസ്സമായതിന്റെ പേരില്‍ സംഘപരിവാറിനാല്‍ കൊന്ന് തള്ളപ്പെട്ടവരെല്ലാം ഇടതുപക്ഷ ആശയങ്ങളെ നെഞ്ചിലേറ്റിയവരാണ്. ഈ നാട്ടില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്നവരും ജീവനെടുത്തിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരുടേതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്നിവിടെ ഇല്ല എന്ന് കരുതുക. ഇവിടെ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് സാമാന്യ യുക്തി ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാക്കാം. ഭൂരിപക്ഷ വര്‍ഗ്ഗീയത ഇവിടെ കൊടി കുത്തി വാഴും.

അതിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയും തലപൊക്കും.ഇതില്‍ ഒന്നും പങ്കുചേരാത്തവര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മുന്‍പ് ഒറീസ്സയിലും ഗുജറാത്തിലും സംഭവിച്ചത് ഇവിടെയും സംഭവിക്കും. ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും നിശബ്ദമായി അവര്‍ക്കൊപ്പം ചേരും. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ അവസാന നിമിഷങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ട്.

ഹിന്ദു സമൂഹത്തിന്റെ അവകാശം സംഘപരിവാറിനും മുസ്ലീം സമൂഹത്തിന്റെ അവകാശം ലീഗിനും ആരും പതിച്ച് കൊടുത്തിട്ടില്ല. ഈ മണ്ണില്‍ ഇന്നും മതേതര വാദമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന ആയിരങ്ങളുണ്ട്. അക്കൂട്ടത്തില്‍,സി.പി.ഐ.എം എന്ന പ്രസ്ഥാനത്തിനോളം മതേതര മനസ്സ് അവകാശപ്പെടാന്‍ ഇന്ന് നിലവില്‍ ഇവിടെ ഒരു സംഘടനകള്‍ക്കും അവകാശമില്ല. ആരൊക്കെ എത്രയൊക്കെ വൈറ്റ് വാഷ് അടിക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ പൊതുസമൂഹത്തിനു ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button