KeralaLatest NewsNews

ഭീതി പരത്തി മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ കാറോട്ടം ; വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്തു

ഓച്ചിറയില്‍ വെച്ച് അര്‍ജുന്‍ കൊണ്ടു പോയ കാറിന് മുന്നില്‍ അരുണ്‍ എത്തിയതോടെ അര്‍ജുന്‍ കാര്‍ നിര്‍ത്തി

ഓച്ചിറ : ഭീതി പരത്തി മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ കാറോട്ടം. കണ്ണൂര്‍ ഇരിട്ടി സ്വദേശി അര്‍ജുന്‍ (24) ആണ് ഓച്ചിറയില്‍ മൂന്നു വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്തത്. സുഹൃത്തിന്റെ കാര്‍ തട്ടിയെടുത്താണ് ഇയാള്‍ റോഡില്‍ ഭീതി വിതച്ചത്. തിരുവനന്തപുരം തൈക്കാട്, ചാരുവിളാകത്ത് പുത്തന്‍ വീട്ടില്‍ അരുണിന്റെ (30) ടാക്സി കാറില്‍ ശനിയാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് അര്‍ജുന്‍ യാത്ര ആരംഭിച്ചത്.

വൈകിട്ട് ആറുമണിയോടെ ദേശീയപാതയില്‍ വവ്വാക്കാവിന് അടുത്ത് എത്തിയതോടെ ഡ്രൈവര്‍ അരുണ്‍ കാര്‍ നിര്‍ത്തി മൊബൈല്‍ ചാര്‍ജര്‍ വാങ്ങാനായി പുറത്തേക്കിറങ്ങി. ഈ സമയം അസ്വസ്ഥനായ അര്‍ജുന്‍ കാറിന്റെ താക്കോല്‍ അരുണിന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുത്ത ശേഷം കാര്‍ അമിത വേഗത്തില്‍ ആലപ്പുഴ ഭാഗത്തേക്ക് ഓടിച്ചു പോയി. തുടര്‍ന്ന് അരുണ്‍ മറ്റൊരു വാഹനത്തില്‍ പിന്നാലെ പാഞ്ഞു. ഓച്ചിറയില്‍ വെച്ച് അര്‍ജുന്‍ കൊണ്ടു പോയ കാറിന് മുന്നില്‍ അരുണ്‍ എത്തിയതോടെ അര്‍ജുന്‍ കാര്‍ നിര്‍ത്തി.

എന്നാല്‍ അരുണ്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതോടെ അര്‍ജുന്‍ വീണ്ടും കാര്‍ അതിവേഗം മുന്നോട്ടെടുത്തു. സമീപത്തു കൂടി കടന്നു വന്ന തിരുവനന്തപുരം സ്വദേശി തോമസ്, കായംകുളം, കൃഷ്ണപുരം സ്വദേശി ഷാനവാസ് എന്നിവരുടെ കാറുകളും മറ്റൊരു വാഹനവും ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ ഒരു വശത്തേക്ക് മറിഞ്ഞു. ചെറിയ പരിക്ക് പറ്റിയ അര്‍ജുനെ ഓച്ചിറ പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത ശേഷം കായംകുളം പൊലീസിന് കൈമാറി. കായംകുളം പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button