Latest NewsNewsGulf

കാമുകിക്ക് ‘ഒട്ടകം’ നല്‍കിയ കാമുകന്‍ അറസ്റ്റില്‍

രാത്രിസമയത്ത് ഫാമില്‍ കയറി മോഷണം നടത്തിയ ഇയാള്‍ പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഒട്ടകത്തെ തന്‍റെ ഫാമിന് സമീപം കണ്ടെത്തിയതെന്ന കഥ മെനഞ്ഞതെന്ന കാര്യവും പൊലീസിനോട് സമ്മതിച്ചു.

ദുബായ്: പിറന്നാള്‍ സമ്മാനമായി കാമുകി ആവശ്യപ്പെട്ടത് ഒരു ‘ഒട്ടകം’ ഒടുവില്‍ മോഷണക്കുറ്റത്തിന് കാമുകന്‍ അറസ്റ്റില്‍. യുഎഇ സ്വദേശിയായ യുവാവാണ് കാമുകി ആവശ്യപ്പെട്ട സമ്മാനം നല്‍കി ഒടുവില്‍ ജയിലില്‍ ആയത്. തന്‍റെ പിറന്നാള്‍ സമ്മാനമായി കാമുകി ഇയാളോട് ആവശ്യപ്പെട്ടത് ഒരു ഒട്ടകമായിരുന്നു. എന്നാല്‍ ഇതിനെ വാങ്ങാനുള്ള തുക ചിലവഴിക്കാനില്ലാതിരുന്ന യുവാവ് സമീപത്തെ ഫാമില്‍ നിന്നും ഒട്ടകത്തെ മോഷ്ടിച്ചാണ് കാമുകിയുടെ ആഗ്രഹം സാധിച്ചു കൊടുത്തതെന്നാണ് യുഎഇ ദിനപത്രമായ അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്‍റെ ഫാമില്‍ പുതുതായി ജനിച്ച ഒട്ടകക്കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഫാം ഉടമ പരാതി നല്‍കിയതോടെയാണ് വേറിട്ട മോഷണക്കഥയുടെ ചുരുള്‍ അഴിയുന്നത്. എന്നാല്‍ മോഷണം പുറത്താകുമെന്ന് ഭയത്താല്‍ യുവാവും കാമുകിയും മറ്റൊരു പദ്ധതിയും തയ്യാറാക്കിയിരുന്നുവെന്നാണ് ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദീം അറിയിച്ചത്. പൊലീസ് തേടിയെത്തുന്നതിന് മുമ്ബ് തന്നെ തങ്ങളുടെ ഫാമിന് സമീപത്തായി ഒരു ഒട്ടകക്കുഞ്ഞിനെ കണ്ടെത്തിയെന്ന വിവരവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു ഇവര്‍.

പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച്‌ ജനിച്ച്‌ മണിക്കൂറുക്കള്‍ക്കകം ഒരു ഒട്ടകത്തിന്‍റെ കുഞ്ഞിനെ കാണാതായി എന്ന പരാതി ലഭിച്ചിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളിലേക്കെത്താന്‍ വേണ്ട തെളിവുകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ ഫാമിന് സമീപം ഒരു ചെറിയ ഒട്ടകത്തെ കണ്ടുവെന്ന് ഒരു യുവാവ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് സംഘം ഫാമിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാള്‍ പറഞ്ഞ കഥകള്‍ വിശ്വാസയോഗ്യമായി തോന്നിയില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷണം നടത്തിയതോടെയാണ് ‘ഒട്ടകക്കള്ളന്‍’ കുടുങ്ങിയത്.

Read Also: ഒട്ടകപ്പാലിന് ഇരട്ടി വില: പണ്ടെന്നെ കളിയാക്കിയവര്‍ ഇന്ന് പ്രശംസിക്കുന്നു; നരേന്ദ്രമോദി

നിരന്തരമായ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. കാമുകിക്ക് പിറന്നാള്‍ സമ്മാനം നല്‍കാനായാണ് വിലകൂടിയ-അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ആ ഒട്ടകത്തെ മോഷ്ടിച്ചതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. രാത്രിസമയത്ത് ഫാമില്‍ കയറി മോഷണം നടത്തിയ ഇയാള്‍ പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഒട്ടകത്തെ തന്‍റെ ഫാമിന് സമീപം കണ്ടെത്തിയതെന്ന കഥ മെനഞ്ഞതെന്ന കാര്യവും പൊലീസിനോട് സമ്മതിച്ചു. ഒട്ടകത്തെ യഥാര്‍ത്ഥ അവകാശിക്ക് തന്നെ തിരിച്ചു നല്‍കിയെന്നാണ് ബ്രിഗേഡിയര്‍ അറിയിച്ചത്. മോഷ്ടാവിനെയും കാമുകിയെയും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനായി അയച്ചു. മോഷണം, തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button