KeralaLatest NewsNews

‘ബോംബ് പൊട്ടിച്ച് നടക്കുന്നു’ ; ഒരു പണിയുമില്ലേയെന്ന് ചെന്നിത്തലയോട് മേഴ്‌സിക്കുട്ടിയമ്മ

രമേശ് ചെന്നിത്തലയുടെ മാനസിക നില വല്ലാതെ തെറ്റിയിട്ടുണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : അടുത്ത കാലത്തായി പ്രതിപക്ഷ നേതാവിന്റെ മാനസിക നില വല്ലാതെ തെറ്റിയിരിയ്ക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേരള തീരത്ത് അമേരിക്കന്‍ കമ്പനിയ്ക്ക് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അയ്യായിരം കോടിയുടെ അഴിമതിയെന്നാണ് പറയുന്നത്. ഈ കോടികള്‍ക്കൊന്നും ഒരു വിലയില്ലേ. അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറിയിരിക്കുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഇഎംസിസിയുമായി ഒരു കരാറുമില്ല. ഫിഷറീസ് വകുപ്പിന് മുന്നില്‍ ഇത്തരമൊരു അപേക്ഷയേ വന്നിട്ടില്ല. അപേക്ഷ പോലും ഇല്ലാത്ത കാര്യത്തിന് മറുപടി പറയേണ്ട ആവശ്യമില്ല. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്നമില്ല. നടക്കാത്ത കാര്യത്തെ കുറിച്ച് കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ആവശ്യമില്ല. പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏറ്റുപിടിക്കുന്ന ജോലിയല്ല തനിക്കുളളത്. അദ്ദേഹത്തിന് ഒരു പണിയുമില്ല. മുങ്ങി ചാകാന്‍ പോകുമ്പോള്‍ ആശങ്കയുണ്ടാക്കുകയാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണ്. താന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് യുഎന്‍ വിളിച്ച ചര്‍ച്ചയിലേക്ക് ആയിരുന്നു പോയത്. മൂന്ന് ദിവസം അവിടെ ഉണ്ടായിരുന്നു. വേറൊരു ചര്‍ച്ചയും അമേരിക്കയില്‍ നടന്നിട്ടില്ല. ഫിഷറീസ് നയത്തിന് വിധേയമായേ കാര്യങ്ങള്‍ നടക്കുകയുളളൂ. പ്രതിപക്ഷ നേതാവിന് ബോംബ് പൊട്ടിച്ച് നടക്കണമെന്നുളള അത്യാര്‍ത്തിയാണ്. കേരള മണ്ണില്‍ ഇതൊന്നും ഏശാന്‍ പോകുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹവുമായാണ് ഇറങ്ങിത്തിരിച്ചതെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button