KeralaLatest NewsNews

തിരുവനന്തപുരത്തെ 13 സീറ്റിലെ വിജയം; തലസ്ഥാനം പിടിയ്ക്കാനുറച്ച് സിപിഎം

ബിജെപിയെ വെട്ടിവീഴ്ത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം തിരിച്ചുപിടിക്കാനുറച്ച് സിപിഎം. പതിനാലില്‍ 13 ഇടത്തും വിജയിക്കണമെന്ന വാശിയിലാണ് സിപിഎം. തിരുവനന്തപുരത്തെ വിജയികളാണ് എന്നും കേരളം ഭരിക്കുന്നത്. കഴിഞ്ഞ തവണ 14ല്‍ 9 സീറ്റില്‍ ഇടതുപക്ഷം ജയിച്ചു. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പില്‍ ബോണസായി വട്ടിയൂര്‍ക്കാവും കിട്ടി. കോവളവും അരുവിക്കരയും തിരുവനന്തപുരവും കോണ്‍ഗ്രസ് സിറ്റിങ് സീറ്റുകള്‍. നേമം ബിജെപിക്കൊപ്പവും. ഇതെല്ലാം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള പദ്ധതികളാണ് അണിയറയില്‍ സിപിഎം ഒരുക്കുന്നത്.

Read Also : കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് സർക്കാരിന് വേണ്ടത്ര ആത്മാർത്ഥത ഇല്ലാത്തത് കൊണ്ട്; ശോഭ സുരേന്ദ്രൻ

തിരുവനന്തപുരവും കോവളവും തോല്‍ക്കാന്‍ കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണത്തിലെ വീഴ്ചയായിരുന്നുവെന്ന് സിപിഎം വിലയിരുത്തുന്നു. കോവളത്ത് ജനതാദളും തിരുവനന്തപുരത്ത് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവും മത്സരിച്ചു. ഈ രണ്ട് സീറ്റും ഏറ്റെടുത്താല്‍ ജയിക്കാമെന്നാണ് സിപിഎം കരുതുന്നത്. തിരുവനന്തപുരം ഏറ്റെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകും. ഇത് തിരുവനന്തപുരത്ത് ടി.എന്‍ സീമയാകാനാണ് സാധ്യത. ഇതിനൊപ്പം മുസ്ലിം മുഖവും ജില്ലയില്‍ സിപിഎം പട്ടികയിലുണ്ടാകും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം മത്സരിക്കാനാണ് സാധ്യത. റഹിമിന് വേണ്ടി വര്‍ക്കലയും വാമനപുരവും പരിഗണിക്കുന്നുണ്ട്. എന്നാല്‍ രണ്ടിടത്തും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എമാരുണ്ട്. ഈ സാഹചര്യത്തില്‍ അരുവിക്കരയിലേക്ക് റഹിമിനെ നിയോഗിക്കാനും സാധ്യതയുണ്ട്.

അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെ കെ.എസ് ശബരിനാഥാകും സ്ഥാനാര്‍ത്ഥി. റഹിം എത്തിയാല്‍ ശബരിനാഥിനെ തോല്‍പ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനെ ടി.എന്‍ സീമയ്ക്ക് മറികടക്കാനാകും എന്നാണ് വിലയിരുത്തല്‍. കോവളം സീറ്റ് ജനതാദള്‍ വിട്ടു കൊടുക്കാന്‍ സാധ്യതയില്ല. നീലലോഹിത ദാസന്‍ നാടാര്‍ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. നീലന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ ജമീലാ പ്രകാശമാണ് മത്സരിക്കാന്‍ സജീവമായി രംഗത്തുള്ളത്.

നേമത്ത് ശിവന്‍കുട്ടി പ്രചരണം തുടങ്ങി കഴിഞ്ഞു. ബിജെപിയുടെ സിറ്റിങ് സീറ്റില്‍ മറ്റൊരു മുഖത്തെ പരീക്ഷിക്കാനും സിപിഎമ്മിന് താല്‍പ്പര്യമുണ്ട്. കോവളം ഏരിയാസെക്രട്ടറിയായ പി.എസ് ഹരികുമാറിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. നെയ്യാറ്റിന്‍കരയില്‍ സിറ്റിങ് എംഎല്‍യായ അന്‍സലന്‍ തന്നെ വീണ്ടും മത്സരിക്കും. കാട്ടക്കടയില്‍ ഐബി സതീഷും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button