KeralaLatest NewsNewsIndia

സ്‌ക്രാപ്പേജ് പോളിസി ഉടൻ: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ റീ സൈക്ലിംഗ് യൂണിറ്റുകൾ നിർമ്മിക്കാൻ കേന്ദ്ര നിർദ്ദേശം

ആദ്യം പൊളിക്കുക 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാനുള്ള സ്ക്രാപ്പേജ് പോളിസിക്ക് അംഗീകാരം നല്‍കിയതോടെ രാജ്യത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിന് വേണ്ടി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം കൂട്ടുന്നതിനും നിർദ്ദേശമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

രാജ്യത്തെ മലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് സ്ക്രാപ്പേജ് പോളിസി. മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന നിലയില്‍ സ്‌ക്രാപേജ് പോളിസി നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 വ്യാപിച്ചതിനെത്തുടർന്ന് വാഹന മേഖലയ്ക്ക് ഉണ്ടായ പ്രതിസന്ധി മറിക്കടക്കാന്‍ സ്‌ക്രാപേജ് പോളിസി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതനുസരിച്ച്‌ സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലപ്പഴക്കം ചെന്ന ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിച്ചുകളയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുന്ന പൊളിച്ചടുക്കല്‍ നിയമം നടപ്പിലാക്കുന്നത്, കേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്.

shortlink

Post Your Comments


Back to top button