Latest NewsIndia

രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ യുവതലമുറ സർക്കാരിനെതിരെ സമരത്തിനിറങ്ങണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. രാഹുല്‍ പ്രചാരണങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം വേണം എന്ന് പ്രസംഗിക്കുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കണം എന്നും ബിജെപി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് സമിതിയുടെതാണ് പരാതി.

കന്യാകുമാരി ജില്ലയിലെ മുളകും മൂട് സെന്റ് ജോസഫ് മെട്രിക് സ്‌കൂളില്‍ രാഹുല്‍ നടത്തിയ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബിജെപിയുടെ പരാതി. രാജ്യത്ത് ഇപ്പോഴുള്ളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധി അവിടെ പ്രസംഗിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ യുവതലമുറ സർക്കാരിനെതിരെ സമരത്തിനിറങ്ങണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.

ഈ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പരാതി. രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യവിരുദ്ധവും പെരുമാറ്റ ചട്ട ലംഘനവും ആണെന്നാണ് പരാതി. സംഭവത്തില്‍ രാഹുലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നത്. തമിഴ്‌നാട് ബിജെപി തെരഞ്ഞെടുപ്പ് ഘടകത്തിന് വേണ്ടി വി. ബാലചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button