Life Style

യോഗയെ കുറിച്ചുള്ള അബദ്ധധാരണകള്‍ എന്തെല്ലാം?

യോഗ വെറുമൊരു വ്യായാമമുറയാണ്

ശരീരത്തെ മാത്രം ലക്ഷ്യമിട്ടു ചെയ്യുന്ന വ്യായാമ പദ്ധതിയല്ല യോഗ. യോഗയില്‍ തുല്യ പ്രാധാന്യം മനസ്സിന്റെ നിയന്ത്രണത്തിനും ശ്വസന പ്രക്രിയയുടെ സമതുലിതാവസ്ഥയ്ക്കും കല്‍പ്പിക്കുന്നു. അതേസമയം മറ്റു വ്യായാമ മുറകള്‍ക്കുള്ള ചില പൊതു രീതികള്‍ യോഗാസനങ്ങള്‍ക്കും ബാധകമാണ്.

മതിയായ രീതിയില്‍ വാം അപ് ചെയ്തശേഷമാണ് ശ്രമകരമായ വ്യായാമ മുറകള്‍ അനുഷ്ഠിക്കുക. ആസനങ്ങള്‍ ചെയ്തു തുടങ്ങും മുന്‍പ് ശരീരം ചൂടാകണം. എന്നാലേ ഉദ്ദേശിക്കുന്ന വഴക്കം കിട്ടു. സ്‌ട്രെച്ചിങ് , ബോഡി ട്വിസ്റ്റിങ് എക്‌സര്‍സൈസുകളാണ് ഇതിന് ഉചിതം.

പുസ്തകങ്ങളില്‍ കാണുന്ന അതേ രീതിയിലാണ് നിത്യ ജീവിതത്തില്‍ യോഗ ചെയ്യേണ്ടത്

തീര്‍ത്തും തെറ്റാണിത്. യോഗ പഠിച്ചു തുടങ്ങേണ്ടത് ഗുരുവിന്റെ സാന്നിധ്യത്തിലാണ് എന്നുകൂടി പുസ്തകങ്ങളില്‍ പറയുന്നുണ്ടെന്ന് ഓര്‍ക്കുക. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗയുടെ അഷ്ടാംഗങ്ങള്‍. ഇതില്‍ യോഗാസനവും പ്രാണായാമവും ധ്യാനവുമാണ് യോഗ പരിശീലനത്തില്‍ അഭ്യസിക്കുന്നത്. ധ്യാനം, പ്രാണായാമം, ആസനങ്ങള്‍ വീണ്ടും ധ്യാനം എന്നീ ക്രമത്തലാണ് എല്ലാ പ്രമുഖ പരിശീലന സ്ഥാപനങ്ങളിലും യോഗ അഭ്യസിപ്പിക്കുന്നത്.

തുടക്കത്തില്‍ അല്‍പ്പനേരം ശവാസനത്തില്‍ വിശ്രമിച്ച ശേഷം ധ്യാനം തുടങ്ങാം. ഇതോടെ മനസ്സിനു നിയന്ത്രണം ലഭിക്കുന്നു. പിന്നീട് പ്രാണായമത്തിലേക്ക് കടക്കണം. പിന്നീടാണ് ആസനങ്ങള്‍ ചെയ്തു തുടങ്ങേണ്ടത്.

ഇന്റര്‍നെറ്റിലെ വിഡിയോകള്‍ കണ്ടു യോഗ പഠിക്കാം

ധാരാളം പേര്‍ ഇങ്ങനെ സ്വന്തം നിലയ്ക്കു പഠിക്കുന്നതായി കാണുന്നു. തെറ്റാണിത്. പ്രത്യേകിച്ച് ധ്യാനവും പ്രാണായാമവും ഒരു കാരണവശാലും പുസ്തകങ്ങളോ വിഡിയോയോ നോക്കി അഭ്യസിക്കരുത്. ക്ഷമയോടെ പടിപടിയായി മാത്രമേ ആസനങ്ങളും പരശീലനിക്കാനാവൂ. ഇതിനു ശരിയായ നിയന്ത്രണവും മേല്‍നോട്ടവും ആവശ്യമാണ്.

പരിശീലന ഉപകരണങ്ങള്‍ യോഗ ചെയ്യുന്നത് എളുപ്പമാക്കുന്നു

യോഗ ബ്ലോക്കുകള്‍, യോഗ റോപ്പുകള്‍ എന്നിവ ധാരാളമായി ഉപയോഗിക്കുന്നുണ്ടിപ്പോള്‍. യോഗ പരിശീലനം എളുപ്പത്തിലാക്കും എന്നാണ് ഇവയെക്കുറിച്ചു പറയുന്നത്. ”എളുപ്പം ചെയ്യുക, വേഗം ചെയ്യുക” എന്നീ രണ്ടുകാര്യങ്ങളും യോഗയില്‍ പറഞ്ഞിട്ടില്ല. ക്ഷമയോടെ അവനവന്റെ ശരീരത്തിന്റെ പരിമിതികളും പ്രത്യേകതകളും മനസിലാക്കി മാത്രമേ പരിശീലനം നടത്താവൂ. രണ്ടുപേര്‍ക്ക് നല്‍കുന്ന പരിശീലനം ഒരുപോലെയാവണം എന്നില്ല.

ആസനങ്ങള്‍ക്കു മുന്‍പ് വാം അപ് ചെയ്യാന്‍ സുര്യനമസ്‌ക്കാരം ചെയ്യാം എന്നു ചില വിഡിയോകളില്‍ കാണുന്നു. വളരെ വേഗം സൂര്യ നമസ്‌കാരം ചെയ്താല്‍ ശരീരം പെട്ടെന്നു ചൂടാവും. എന്നാല്‍ വളരെ സാവധാനം മാത്രമേ സൂര്യ നമസ്‌ക്കാരം ചെയ്യാവൂ.

യോഗ ആര്‍ക്കും പരിശീലിച്ചു തുടങ്ങാം

പ്രായം ഒരു ഘടകമല്ല. പക്ഷേ,എന്തെങ്കിലും അസുഖമുള്ളവര്‍ നിര്‍ബന്ധമായും അവരെ ചികില്‍സിക്കുന്ന ഡോകര്‍മാരോട് ആലോചിച്ച ശേഷമേ പരിശീലനം തുടങ്ങാവൂ. അവരെ പരിശീലിപ്പിക്കുന്ന ആസനങ്ങളും അതിനനുസരിച്ചു ക്രമപ്പെടുത്തണം. ഉദാഹരണത്തിന് നടുവേദന കൊണ്ടു വലയുന്ന ഒരാളെക്കൊണ്ട് മുന്നിലേക്കു വളയുന്ന പാദഹസ്താസനം പോലുള്ളവ ചെയ്യിക്കുന്നത് അപകടമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button