KeralaNattuvarthaLatest NewsNews

കണക്കുകളിൽ കണ്ണുവെച്ച് നിയമസഭ കയറാൻ കെ. സുരേന്ദ്രൻ; മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ പത്തിലേറെ സീറ്റുകള്‍ നേടുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നതെങ്കിലും ഇത്തവണ സീറ്റുകളുടെ എണ്ണം ഒന്നില്‍ നിന്നും ഉയര്‍ത്താന്‍ കഴിയുമെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയ അന്തരീക്ഷം വ്യക്തമാക്കുന്നത്. നേമം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, പാലക്കാട് ഉള്‍പ്പടെ 40 ലേറെ എ പ്ലസ് മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് കേരളത്തില്‍ ഉള്ളത്. നേമത്ത് കുമ്മനം രാജശേഖരനും, വട്ടിയൂർക്കാവിൽ വി.വി.രാജേഷ്‌, പാലക്കാട് ഇ. ശ്രീധരൻ, തൃശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് കൃഷ്ണകുമാർ, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ കെ. സുരേന്ദ്രന്‍ തുടങ്ങി മണ്ഡലങ്ങളിലെല്ലാം മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പോരാട്ടം കടുപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കേണ്ടതിനാല്‍ കെ. സുരേന്ദ്രന്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന അഭ്യൂഹം തുടക്കം മുതല്‍ ശക്തമായിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം സുരേന്ദ്രന്‍ മത്സരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അതേത്തുടർന്ന് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നിന്നും, പാലക്കാട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും. ശബരിമല പ്രക്ഷോഭത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സുരേന്ദ്രന് ലഭിച്ച പിന്തുണ കോന്നിയിൽ മുന്നണിക്ക് അനുകൂലമാവുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കരുതൽ.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രാദേശിക നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെ. സുരേന്ദ്രന്‍ സാധിച്ചിരുന്നു. 56870 വോട്ടുകള്‍ നേടി മുസ്ലിം ലീഗിലെ പി.ബി അബ്ദുള്‍ റസാഖ് വിജയിച്ചപ്പോള്‍ 56781 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ കെ. സുരേന്ദ്രന് സാധിച്ചിരുന്നു. 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോല്‍വി.

അതേസമയം 2019 ലെ ഉപതെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചില്ല. രവീശ തന്ത്രി കുണ്ടാര്‍ ആയിരുന്നു ഉപതെഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി മത്സരിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ലീഗിലെ എം.സി കമറുദ്ദീന്‍ വിജയിച്ചു. മഞ്ചേശ്വരത്ത് മത്സരിച്ചില്ലെങ്കിലും അതോടൊപ്പം ഉപതെഞ്ഞെടുപ്പ് നടന്ന കോന്നിയില്‍ ബി.ജെ.പിക്കായി കെ. സുരേന്ദ്രന്‍ ഇറങ്ങിയിരുന്നു.

വിശ്വാസികൾക്കൊപ്പം നിന്ന് ശബരിമല വികാരം വോട്ടാക്കി മാറ്റാനായിരുന്നു കോന്നി ഉപതെരഞ്ഞടുപ്പിലൂടെ കെ. സുരേന്ദ്രന്‍ ലക്ഷ്യമിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടത്തിയ മികച്ച മുന്നേറ്റമായിരുന്നു ബി.ജെ.പിയുടേയും കെ. സുരേന്ദ്രന്‍റേയും ആത്മവിശ്വാസം. ഉപതെഞ്ഞെടുപ്പില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളുവെങ്കിലും വോട്ടില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു.

മണ്ഡലത്തില്‍ ബി.ജെ.പിക്ക് 2016 ല്‍ 16173 വോട്ട് മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ 39786 വോട്ടുകള്‍ നേടി. വോട്ടിലുണ്ടായ വര്‍ധന 16.99 ശതമാനം. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും കെ. സുരേന്ദ്രന്‍ കോന്നിയില്‍ തന്നെ മത്സരിക്കണമെന്ന ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. ഘടകക്ഷിയായ ബി.ഡി.ജെ.എസും കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി രംഗത്ത് എത്തിയിരുന്നു. കോന്നി മണ്ഡലത്തിൽ കെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടേയും വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ഡി.ജെ.എസ് വ്യക്തമാക്കിയത്. എസ്.എൻ.ഡി.പി സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് കോന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button