Latest NewsKeralaIndia

ഐ.എസ്‌. റിക്രൂട്ട്‌മെന്റ്‌: മലപ്പുറം, കാസര്‍ഗോഡ്‌, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് 4 മലയാളികള്‍ പിടിയില്‍

റെയ്‌ഡില്‍ പ്രതിഷേധിച്ച്‌ എസ്‌.ഡി.പി.ഐ, പി.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയെങ്കിലും പോലീസെത്തി പിരിച്ചുവിട്ടു

കണ്ണൂർ : ഐ.എസ്‌. റിക്രൂട്ട്‌മെന്റ്‌ കേസില്‍ ഡല്‍ഹി, കേരളം, കര്‍ണാടക എന്നിവിടങ്ങളിലായി 10 സ്‌ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പരിശോധന നടത്തി. നാലു മലയാളികള്‍ അടക്കം അഞ്ചുപേര്‍ അറസ്‌റ്റിലായെന്നു സൂചന. കേരളത്തില്‍ മലപ്പുറം, കാസര്‍ഗോഡ്‌, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഞായറാഴ്‌ച പുലര്‍ച്ചെ നടത്തിയ റെയ്‌ഡിലാണു മലയാളികള്‍ പിടിയിലായത്‌. ഡോ. റാഹീസ്‌ റഷീദ്‌, മുഹമ്മദ്‌ അമീന്‍, മുഹമ്മദ്‌ അനുവര്‍, രാഹുല്‍ അബ്‌ദുള്ള എന്നിവരാണ്‌ പിടിയിലായത്‌.

ലാപ്‌ടോപ്പ്‌, മൊബൈല്‍ ഫോണുകള്‍, സാറ്റ്‌ലൈറ്റ്‌ ഫോണ്‍, സിംകാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. എന്‍.ഐ.എയുടെ നോട്ടപ്പുളളിയായ മുഹമ്മദ്‌ അമീനുമായി നേരിട്ട്‌ ബന്ധം പുലര്‍ത്തിയവരാണ്‌ പിടിയിലായവരെന്ന്‌ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം രജിസ്‌റ്റര്‍ ചെയ്‌ത പുതിയ കേസിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. പാകിസ്‌താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതായി സൂചന ലഭിച്ചിരുന്നു.

പ്രാദേശിക ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌തെന്നും ഇതിനായി ഓണ്‍ലൈന്‍ പരിശീലനം നല്‍കിയെന്നുമാണു വിവരം. ഇതിന്റെ അടിസ്‌ഥാനത്തിലാണു പരിശോധനാ നടപടികളെന്ന്‌ എന്‍.ഐ.എ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. മലപ്പുറം സ്വദേശി രാഹുല്‍ അബ്‌ദുള്ളയെ തേഞ്ഞിപ്പാലത്തുവച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാള്‍ വിവാഹം കഴിഞ്ഞ്‌ തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനില്‍ അതിര്‍ത്തിയില്‍ ഒരു ഫ്‌ളാറ്റില്‍ താമസിച്ചുവരുകയായിരുന്നു. മാര്‍ബിള്‍ കടയിലെ സെയില്‍സ്‌മാനാണ്‌.

എന്‍.ഐ.എ. യൂണിറ്റ്‌ ഡിവൈ.എസ്‌.പി: ജസ്‌വീര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌. റെയ്‌ഡില്‍ പ്രതിഷേധിച്ച്‌ എസ്‌.ഡി.പി.ഐ, പി.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയെങ്കിലും പോലീസെത്തി പിരിച്ചുവിട്ടു. രാഹുല്‍ അബ്‌ദുള്ളയെ കൊച്ചിയിലെ എന്‍ ഐ.എ. ഓഫീസിലേക്ക്‌ കൊണ്ടു പോയി. മരുമകനായ രാഹുലിന്റെ രണ്ട്‌ മൊബൈല്‍ ഫോണും ലാപ്‌ ടോപ്പും കസ്‌റ്റഡിയിലെടുത്തതായി ചേളാരിയിലെ പോപ്പുലര്‍ ഫ്രണ്ട്‌ തേഞ്ഞിപ്പലം ഏരിയാ പ്രസിഡന്റ്‌ പി. ഹനീഫ ഹാജി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ചേളാരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേ സമയം, സംഭവുമായി പോപ്പുലര്‍ ഫ്രണ്ടിന്‌ ബന്ധമില്ലെന്ന്‌ ഡിവിഷന്‍ പ്രസിഡന്റ്‌ സിറാജ്‌ പടിക്കല്‍ പറഞ്ഞു. രാഹുല്‍ അബ്‌ദുള്ളയ്‌ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും സിറാജ്‌ പറഞ്ഞു.
മങ്കട പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കടന്നമണ്ണ സ്വദേശി മുഹമ്മദ്‌ ആമീന്റെ വസതിയിലായിരുന്നു രണ്ടാമത്തെ റെയ്‌ഡ്‌. ആമീന്‍ ഇടയ്‌ക്കിടെ വിദേശത്ത്‌ പോകാറുണ്ട്‌. കാശ്‌മീരിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ പണം അയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനായിരുന്നു മിന്നല്‍ പരിശോധന.

കൊല്ലം ഓച്ചിറയിലെ ഡോക്‌ടറുടെ വീട്ടിലും എന്‍.ഐ.എ. സംഘം റെയ്‌ഡ്‌ നടത്തി. ബംഗളൂരുവില്‍ ദന്ത ഡോക്‌ടറായ ഓച്ചിറ മേമന മാറനാട്ടു വീട്ടില്‍ റഹീസ്‌ റഷീദിന്റെ (സച്ചു) വീട്ടിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. മൂന്നു വര്‍ഷമായി ഇയാള്‍ ബംഗളൂരുവില്‍ ദന്ത ഡോക്‌ടറായി പ്രവര്‍ത്തിക്കയാണ്‌. കേരളത്തിലെ വിവിധ സ്‌ഥലങ്ങള്‍ക്കു പുറമേ ഡല്‍ഹിയിലെ ജാഫറാബാദിലും ബംഗളുരുവില്‍ രണ്ടിടത്തും പരിശോധന നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button