KeralaLatest NewsNews

അഞ്ച് എ കെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോ ഹെറോയിനും പിടികൂടിയത് മിനിക്കോയ് ദ്വീപിനടുത്ത് നിന്ന് തന്നെ

മിനിക്കോയ് ദ്വീപില്‍ നിന്നും തീര സംരക്ഷണ സേന പിടികൂടിയ ബോട്ടില്‍ നിന്ന് കണ്ടെടുത്തത് 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കുകളും 1000 വെടിയുണ്ടകളും. ദ്വീപില്‍ ചുറ്റിത്തിരിഞ്ഞ മൂന്ന് ബോട്ടുകളില്‍ നിന്നാണ് വന്‍ ആയുധ ലഹരി മരുന്നു ശേഖരം കോസ്റ്റ്ഗാര്‍ഡും നാവികസേനയും ചേര്‍ന്നു കണ്ടെത്തിയത്. സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന്, ആയുധ വേട്ടയാണിത്. കിലോയ്ക്ക് ഒരു കോടിയിലധികം രൂപ വിലമതിക്കുന്നതാണു ഹെറോയിന്‍ എന്ന ലഹരിമരുന്ന്. എട്ട് ദിവസമായി മിനിക്കോയ് ദ്വീപിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍. ഒടുവിൽ തീര സംരക്ഷണ സേന ആസൂത്രിതമായി ബോട്ടുകളെ വളഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബോട്ടുകളില്‍ നിന്ന് എകെ 47 തോക്കും 1000 തിരകളും മുന്നൂറ് കിലോ ഹെറോയിനും കണ്ടെത്തിയത്.

Also Read:പഴയ ലാൻഡ് ഫോണിന്റെ വയറിന് ഇപ്പോൾ വൻ ഡിമാൻഡ് ; ഓൺലൈനിൽ വിൽക്കുന്നത് ഒന്നരലക്ഷം രൂപയ്ക്ക്

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹായത്തോടെയാണു നീക്കമെന്നും കൂടുതല്‍ അന്വേഷണത്തിനായി വന്‍കരയിലെത്തിക്കുമെന്നും കോസ്റ്റ്ഗാര്‍ഡും നാവികസേനയും അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ശ്രീലങ്കന്‍ ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ട്. കഴിഞ്ഞയാഴ്ച മയക്കുമരുന്നുമായെത്തിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളും തീര സംരക്ഷണ സേനയുടെ വലയിലായിരുന്നു. ബോട്ടില്‍ എത്ര പേരുണ്ടെന്നോ ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. പിടികൂടിയ ബോട്ടുകളുമായി കേരളാ തീരത്തേക്ക് വരികയാണെന്ന് തീരസംരക്ഷണസേന അറിയിച്ചു. മറ്റു വിശദാംശങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. വന്‍കരയിലെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകൂ. ലഹരിമരുന്നു കടത്തിയതെന്നു കരുതുന്ന ഒരു ശ്രീലങ്കന്‍ ബോട്ട് വിഴിഞ്ഞം തീരത്തിനു സമീപം 7ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിരുന്നു.

കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തില്‍ മിനിക്കോയി ദ്വീപിന് അടുത്ത് നിന്ന് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയിരുന്നു. നാര്‍ക്കോട്ടിക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ ബോട്ടിലുണ്ടായിരുന്ന മയക്കുമരുന്ന് തീരസംരക്ഷണ സേനയെ കണ്ടപ്പോള്‍ കടലില്‍ ഉപേക്ഷിച്ചെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അഞ്ച് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ തീരസംരക്ഷമ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. മുൻപ് നടന്ന സംഭവങ്ങളുമായോ മറ്റോ ഇതിനു ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button