KeralaNattuvarthaLatest NewsNews

‘ആരോടൊക്കെ വോട്ട് ചോദിച്ചെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമാണോ?’ എസ്.ഡി.പി.ഐ വോട്ട് വിവാദം; പ്രതികരണവുമായി വി. ശിവൻകുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഇടതുമുന്നണിക്കും, തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് ചെയ്‌തതായി എസ്.ഡി.പി.ഐ വെളിപ്പെടുത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ഇരു മുന്നണികളിലേയും നേതാക്കളാരും തയ്യാറായില്ല. അതേസമയം എസ്.ഡി.പി.ഐ അങ്ങോട്ട് പോയി പിന്തുണയ്‌ക്കില്ലെന്നും അവരുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോയെന്ന് ശിവൻകുട്ടിയും, ശിവകുമാറും വ്യക്തമാക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. നേമത്തെ ഇടത് മുന്നണി സ്ഥാനാർഥിയായ വി.ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് കൗമുദി ഓൺലൈനോട് പ്രതികരിച്ചിരിക്കുകയാണ്.

‘ബി ജെ പിയുടെ ചോദ്യത്തിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തെല്ലാം തോന്നിവാസമാണ് വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങോട്ട് പോയി വോട്ട് ചോദിച്ചിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമില്ല. വോട്ടൊക്കെ രഹസ്യമായി ചെയ്യേണ്ട കാര്യമാണ്. പണ്ട് നായനാർ വോട്ട് ചെയ്‌തത് കാണിച്ചത് കേസൊക്കെ ആയത് ഓർമ്മയില്ലേ? ആരോടൊക്കെ വോട്ട് ചോദിച്ചെന്ന് പരസ്യപ്പെടുത്തേണ്ട കാര്യമാണോ? ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ ബി.ജെ.പിക്കാരനും കോൺഗ്രസുകാരനും എനിക്ക് രഹസ്യമായി വോട്ട് ചെയ്‌തിട്ടുണ്ട്. അതൊക്കെ എനിക്ക് വ്യക്തമാക്കാൻ പറ്റുമോ?’ വി. ശിവൻകുട്ടി പ്രതികരിച്ചു.

പരാജയഭീതിയിൽ നിന്ന് ഉയർന്നുവന്ന ആക്ഷേപമാണ് ബി.ജെ.പി നടത്തുന്നതെന്നും, എൽ.ഡി.എഫ് നേമത്ത് ജയിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്‌തെന്ന് പാർട്ടികളോ സ്ഥാനാർത്ഥികളോ വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button