KeralaLatest NewsNews

‘ബിജെപിയുടെ കുറഞ്ഞത് 7500 വോട്ടുകള്‍ മാണി സി കാപ്പന്’; ഇതൊന്നും ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി

പാലാ മണ്ഡലത്തില്‍ മാത്രം 30000 വോട്ടുകള്‍ ലഭിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ കമ്മിറ്റി.

കോട്ടയം: ബിജെപിയ്‌ക്കെതിരെ ആരോപണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായിലടക്കം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പലയിടത്തും ബിജെപി വോട്ട് മറിച്ചെന്ന് ജോസ് കെ മാണി ആരോപിച്ചു. പാലായില്‍ കുറഞ്ഞത് 5000-7500 വരെ വോട്ടുകള്‍ ബിജെപി മാണി സി കാപ്പന് മറിച്ച് ചെയതുവെന്നാണ് ആരോപണം. ഇത് ഫലം വരുമ്പോള്‍ വ്യക്തമാവുമെന്നും ബിജെപി വോട്ട് ഗണ്യമായി കുറയുമെന്നും ജോസ് കെ മാണി പറയുന്നു. ചങ്ങനാശേരിയും പാലായിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ബിജെപി വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

Read Also: ‘നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ല’; ഡല്‍ഹി ഹൈക്കോടതി

എന്നാല്‍ ഇതൊന്നും ഇടത് മുന്നണിയുടെ വിജയത്തെ ബാധിക്കില്ലെന്നും ജോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം പാലാ മണ്ഡലത്തില്‍ മാത്രം 30000 വോട്ടുകള്‍ ലഭിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി ജില്ലാ കമ്മിറ്റി. ജെ പ്രമീളയാണ് പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥി. 2016ല്‍ കെഎം മാണിക്ക് 58,884 വോട്ടുകളാണ് ലഭിച്ചത്. എന്‍സിപിക്ക് വേണ്ടി മത്സരിച്ച മാണി സി കാപ്പന് 54,181 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് വേണ്ടി മത്സരിച്ച എന്‍. ഹരി 24,821 വോട്ടുകളും ലഭിച്ചു. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് 54,137 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടുകളും ബിജെപിയുടെ എന്‍. ഹരിക്ക് 18,044 വോട്ടുകളും ലഭിച്ചു. ഇതില്‍ നിന്ന് പ്രമീളാ ദേവി അധികം പിടിക്കുന്ന 12,000 വോട്ടുകള്‍ ആരുടേതെന്ന ചര്‍ച്ച ഇതിനകം മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് വോട്ട് മറി ആരോപണവുമായി ജോസ് കെ മാണി രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button